in

ക്വാറന്റൈന്‍ ലംഘനം: നാലു ഖത്തരികള്‍ കൂടി അറസ്റ്റില്‍, ആകെ 114 പേര്‍

ദോഹ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുലംഘിച്ച നാലു ഖത്തരികള്‍ക്കെതിരെ കൂടി നടപടിയെടുത്തു. നേരത്തെ 110 ഖത്തരികളെയാണ് പിടികൂടിയത്. ഇതിന്റെ തുടര്‍ച്ചയായാണ് വ്യവസ്ഥ ലംഘിച്ച കൂടുതല്‍പേര്‍ക്കെതിരെ നടപടികളുണ്ടായിരിക്കുന്നത്.
ഇതോടെ വ്യവസ്ഥ ലംഘിച്ചതിന് നിയമനപടി നേരിടേണ്ടിവന്ന ഖത്തരികളുടെ എണ്ണം 114 ആയി ഉയര്‍ന്നു. ഹോട്ടല്‍ ക്വാറന്റൈനിലായിരിക്കെ വ്യവസ്ഥ ലംഘിച്ചതിന് അറസ്റ്റ് ചെയ്ത ആറു ഖത്തരികളും ഇതിലുള്‍പ്പെടും. നിയമപരമായ ഉത്തരവാദിത്വം ലംഘിച്ച എല്ലാവര്‍ക്കെതിരെയും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും. കോവിഡിനെതിരായ പ്രതിരോധത്തിനായി രാജ്യത്ത് പ്രാബല്യത്തിലായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഖത്തരികളായ സലേം സാദ് സലേം മുഹമ്മദ് അല്‍ഹബ്ബാബി, സലീം ഹാദി സലേം അല്‍ഹദീദ് അല്‍ഹബ്ബാബി, സലേം ഹാദി മുഹമ്മദ് ഹാദി അല്‍ഹജ്‌രി, ഹാമിദ് മുഹമ്മദ് സലേം ഹാദി അല്‍ഹബ്ബാബി എന്നിവരാണ് ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ചത്.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഹെല്‍ത്ത് പ്രോസിക്യൂഷന്‍ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്.
വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയും വേണം.
വ്യവസ്ഥകള്‍ ലംഘിക്കുന്ന എല്ലാവരും പിഴകള്‍ക്ക് വിധേയരാകും. 2014ലെ 11-ാം നമ്പര്‍ ക്രിമിനല്‍ നിയമത്തിലെ 253-ാം വകുപ്പ്, പകര്‍ച്ചവ്യാധികളില്‍ നിന്നുള്ള സംരക്ഷണം സംബന്ധിച്ച 1990ലെ 17-ാം നമ്പര്‍ നിയമത്തിലെയും സമൂഹ സംരക്ഷണം സംബന്ധിച്ച 2002ലെ 17-ാം നമ്പര്‍ നിയമത്തിലെയും വ്യവസ്ഥകള്‍ എന്നിവ പ്രകാരമായിരിക്കും ലംഘകര്‍ക്കെതിരെ നടപടികള്‍ കൈക്കൊള്ളുക.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

കോവിഡ് മുക്തരായവര്‍ പ്ലാസ്മ ദാനം ചെയ്യണമെന്ന് ഡോ.അല്‍ഖാല്‍

അര്‍ഹരായവര്‍ക്ക് പ്രതിദിനം അഞ്ചു ടണ്‍ പച്ചക്കറി വിതരണം ചെയ്യുമെന്ന് കത്താറ