
ദോഹ: കോവിഡ് 19 രോഗവ്യാപനം തടയുന്നതിന്റെ ഭാഗമായി ക്വാറന്റൈനില്‍ കഴിയാമെന്ന് രേഖാമൂലം നല്‍കിയ ഉറപ്പുലംഘിച്ച 26 ഖത്തരികള്‍ക്കെതിരെ കൂടി നടപടിയെടുത്തു. നേരത്തെ 71 ഖത്തരികളെയാണ് പിടികൂടിയിരുന്നത്. ഇതോടെ വ്യവസ്ഥ ലംഘിച്ചതിന് നിയമനപടി നേരിടേണ്ടിവന്ന ഖത്തരികളുടെ എണ്ണം 97 ആയി. ഹോട്ടല്‍ ക്വാറന്റൈനിലായിരിക്കെ വ്യവസ്ഥ ലംഘിച്ചതിന് ആറു ഖത്തരികളെ ആഭ്യന്തരമന്ത്രാലയം അറസ്റ്റ് ചെയ്തു. ഇവര്‍ ജനങ്ങളുമായി ഇടപഴകുന്ന വീഡിയോ ദൃശ്യം സാമൂഹ്യമാധ്യമങ്ങളില്‍ പ്രചരിച്ചിരുന്നു.
വീഡിയോയുടെ ആധികാരികത വിലയിരുത്തിശേഷമായിരുന്നു അറസ്റ്റ്. ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ച 20പേരെയും കഴിഞ്ഞദിവസം പിടികൂടിയിരുന്നു. നിയമപരമായ ഉത്തരവാദിത്വം ലംഘിച്ച എല്ലാവര്‍ക്കെതിരെയും ഉചിതമായ നിയമനടപടികള്‍ സ്വീകരിക്കും. കോവിഡിനെതിരായ പ്രതിരോധത്തിനായി രാജ്യത്ത് പ്രാബല്യത്തിലായ മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി നടപ്പാക്കുന്നതിന്റെ ഭാഗമായാണ് വ്യവസ്ഥകള്‍ ലംഘിച്ചവര്‍ക്കെതിരെ നിയമനടപടികള്‍ സ്വീകരിച്ചിരിക്കുന്നത്.
ഖത്തരികളായ ഫൈസല്‍ മുഹമ്മദ് സഖര്‍ ഹമ്മം അല്‍അബ്ദുല്ല, ജാസിം മുഹമ്മദ് സഈദ് അല്‍ ഉസൈമി അല്‍ഹജ്‌രി, അബ്ദുല്ല മിസ്ഫര്‍ അബ്ദുല്‍ അസീസ് സഈദ് അല്‍ഹജ്‌രി, അബ്ദുല്ല സലേം റഹീല്‍ അല്‍അലി, ഫറാജ് ഇതാബ് ജഫാല്‍ ഷഹര്‍ ഫരാജ്, ഖാലിദ് സയീദ് മുബാറക് സയീദ് അല്‍നാബിത്, അലി ഹമദ് അലി ഹമദ് അല്‍ജസ്‌ന, മുഹമ്മദലി അമീര്‍ അല്‍ ദഹാബെബ് അല്‍മര്‍റി, ഹമദ് മുഹമ്മദ് ഫറാജ് മഷ്റോം അല്‍അവീര്‍, റാഷിദ് അലി റാഷിദ് അഫിഫ അല്‍മര്‍റി, അബ്ദുല്ല അബ്ദുല്‍ ഹാദി മബ്ഖൂത് അല്‍ സയാരി, മുഹമ്മദലി സലേം സുനൈദ് അല്‍ദയ്യ, അലി ഹുസൈന്‍ നാസര്‍ മുഹമ്മദ് തഖേബ, മുഹമ്മദ് അലി ബഖിത് അലി അല്‍ അത്ബി, തലാല്‍ അലി ബഖിത് അലി അല്‍ അത്ബി, സലേം സഈദ് സലേം ഫര്‍ഹൂദ് അല്‍ഹജ്‌രി, മുഹ്സെന്‍ സാലിഹ് മുഹ്സെന്‍ ഖാലിദ് അല്‍കാര്‍ബി, നായിഫ് സെയ്ഫ് ബഖിത് അലി അല്‍അത്ബി, നവാഫ് സലേം അബ്ദുല്ല അലി അഫിഫ, സഊദ് ഹുസൈന്‍ ഫാലെഹ് അല്‍മസ്ഫരി അല്‍ഹജ്‌രി എന്നിവരാണ് ഹോം ക്വാറന്റൈന്‍ വ്യവസ്ഥ ലംഘിച്ചത്.
ഇത്തരം കേസുകള്‍ കൈകാര്യം ചെയ്യുന്നതിനായി ഹെല്‍ത്ത് പ്രോസിക്യൂഷന്‍ യൂണിറ്റ് രൂപീകരിക്കുകയും ചെയ്തിട്ടുണ്ട്. വീടുകളില്‍ ക്വാറന്റൈനില്‍ കഴിയുന്നവര്‍ പൊതുജനാരോഗ്യ മന്ത്രാലയത്തിന്റെ വ്യവസ്ഥകള്‍ കര്‍ശനമായി പാലിക്കുകയും ഇക്കാര്യത്തില്‍ പ്രതിജ്ഞാബദ്ധമായ നിലപാട് സ്വീകരിക്കുകയും വേണം. വ്യവസ്ഥകള്‍ ലംഘിക്കുന്ന എല്ലാവരും പിഴകള്‍ക്ക് വിധേയരാകും.