Friday, September 18ESTD 1934

കോവിഡ് രോഗികള്‍ക്കായി ഓടി നടന്ന റഹീമിന്റെ മരണം ഐസൊലേഷനില്‍

അബ്ദുര്‍റഹീം എടത്തില്‍ (ഇന്‍കാസിന്റെ ഫീല്‍ഡ് പ്രവര്‍ത്തനങ്ങള്‍ക്കിടെ സുഹൃത്ത് എടുത്ത ചിത്രം)

അശ്‌റഫ് തൂണേരി/ദോഹ:

ഖത്തറില്‍ കോവിഡ് 19 പ്രതിസന്ധിയെത്തുടര്‍ന്ന് ജീവിതം പ്രയാസത്തിലായ നിരവധി പേര്‍ക്ക് വേണ്ടി അത്യധ്വാനം ചെയ്ത് പ്രവര്‍ത്തിച്ച സാമൂഹിക പ്രവര്‍ത്തകന്‌ മരണത്തിന് കീഴടങ്ങേണ്ടി വന്നത് ഐസൊലേഷന്‍ കേന്ദ്രത്തില്‍. സന്നദ്ധ സേവന രംഗങ്ങളില്‍ കര്‍മ്മ നിരതനായിരുന്ന ഇന്‍കാസ് തലശേരി മണ്ഡലം പ്രസിഡന്റ് കതിരൂര്‍ സ്വദേശി അബ്ദുറഹീം എടത്തിലാണ്(47) മരിച്ചത്. കോവിഡ് രോഗികള്‍ക്കു വേണ്ടിയും രോഗ വ്യാപനമുണ്ടാക്കിയ കഷ്ടപ്പാട് അനുഭവിക്കേണ്ടി വന്നവര്‍ക്കുമായി ഖത്തറിലെ വിവിധ സ്ഥലങ്ങളില്‍ ഓടി നടന്ന് പ്രവര്‍ത്തിച്ച വ്യക്തിത്വമായിരുന്നു. കോവിഡ് ബാധിച്ച് ബിന്‍മഹ്മൂദില്‍ സര്‍ക്കാര്‍ ക്വാറന്റൈന്‍ കേന്ദ്രത്തിലായിരുന്നു. ശ്വാസ തടസ്സം മൂര്‍ച്ഛിച്ചതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പ് ഇന്‍ഡസ്ട്രിയല്‍ ഏരിയയിലെ ഹസംമുബൈരിക് കോവിഡ് ആശുപത്രിയില്‍ ചികിത്സ തേടിയിരുന്നു.
”കോവിഡ് ദുരിതം ശക്തമായപ്പോള്‍ ഭക്ഷണമില്ലാതെ കഷ്ടപ്പെട്ടവര്‍ക്കും ജോലിയില്ലാത്തവര്‍ക്കും അത്താണിയായി പ്രവര്‍ത്തിച്ചയാളാണ് റഹീം. സാധനങ്ങള്‍ പാക്ക് ചെയ്യുന്നതു മുതല്‍ വിതരണത്തിനു വരെ സജീവമായിരുന്നു.” ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി പ്രസിഡന്റ് സമീര്‍ ഏറാമല ‘ചന്ദ്രിക’ യോട് പറഞ്ഞു. സാമൂഹിക പ്രവര്‍ത്തന രംഗത്ത് കൂടുതല്‍ തത്പരനായിരുന്ന മികച്ച പ്രവര്‍ത്തകനായിരുന്നുവെന്നും സമീര്‍ വ്യക്തമാക്കി.
ദോഹയിലെ അല്‍സലാം കമ്പനിയില്‍ ജീവനക്കാരനായിരുന്നു. പിതാവ് മമ്മൂ ചന്ദ്രന്‍കണ്ടി. മാതാവ് അയിശ എടത്തില്‍, ഭാര്യ റെയ്‌സ. മക്കള്‍: അബ്‌നര്‍ റഹീം, അല്‍വിത റഹീം, ആദിബ റഹീം. കോവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ദോഹയില്‍ ഖബറടക്കുമെന്ന് നടപടികള്‍ നേതൃത്വം നല്‍കുന്ന അല്‍ഇഹ്്‌സാന്‍ ഖത്തര്‍ കെ എം സി സി മയ്യിത്ത് പരിപാലന കമ്മിറ്റി അറിയിച്ചു. വിവിധ കര്‍മ്മ മേഖലകളില്‍ സജീവസാന്നിധ്യമായിരുന്ന അബ്ദുറഹീമിന്റെ വിയോഗത്തില്‍ കുടുബാംഗങ്ങള്‍ക്കൊപ്പം ദു:ഖത്തില്‍ പങ്കുചേരുന്നതായി ഇന്‍കാസ് സെന്‍ട്രല്‍ കമ്മിറ്റി, കണ്ണൂര്‍ ജില്ലാകമ്മിറ്റി, തലശേരി മണ്ഡലം കമ്മിറ്റി ഭാരവാഹികള്‍ അനുശോചന സന്ദേശത്തില്‍ പറഞ്ഞു.

error: Content is protected !!