in ,

ഖുര്‍ആനെ പ്രണയിച്ച റഹീം മൗലവി; ഓര്‍മ്മയായത് ചട്ടക്കൂടുകള്‍ മാറ്റിപ്പണിത പ്രതിഭ

റഹീം മൗലവി (നില്‍ക്കുന്നവരില്‍ ഇടത് രണ്ടാമത്) സഹോദരങ്ങളായ പരേതനായ എം. സൈനുദ്ദീന്‍ മാസ്റ്റര്‍, ഖദീജ, കുഞ്ഞിമ്മറിയം, പരേതയായ നഫീസ, മഹമൂദ് മാസ്റ്റര്‍, പരേതനായ ഹമീദ് ഷര്‍വാനി, പരേതനായ അബ്ദുല്‍ കരീം മൗലവി, റുഖിയ്യ, മജീദ് മാസ്റ്റര്‍, ജലീല്‍ കുറ്റിയാടി, ഷരീഫ ടീച്ചര്‍, നൂറുദ്ദീന്‍ എന്നിവരോടൊപ്പം. ഇന്‍സെറ്റില്‍ പിതാവ് പരേതനായ എം. അബ്ദുല്ലലക്കുട്ടി മൗലവി, മാതാവ് പരേതയായ കുഞ്ഞിഫാത്തിമ എന്നിവരേ കാണാം

അശ്‌റഫ് തൂണേരി/ദോഹ:

അതുല്യപ്രതിഭ റഹീം മൗലവി കുറ്റിയാടി വിടപറഞ്ഞിരിക്കുന്നു. കവിതയും മാപ്പിളപ്പാട്ടും നാടകവും മത-സാംസ്‌കാരിക പ്രഭാഷണങ്ങളുമെല്ലാം മാനവികതയുടെ മനോഹാരിതയാണെന്ന് ജീവിതത്തില്‍ പ്രകാശിപ്പിച്ചയാള്‍. വ്യവസ്ഥാപിതമായ ചട്ടക്കൂടുകള്‍ക്കപ്പുറത്ത് നിന്ന് മതത്തേയും സാംസ്‌കാരിക ജീവിതത്തേയും വായിച്ച് ഗള്‍ഫിലും നാട്ടിലും പൊതുജീവിതം സാധ്യമാക്കിയെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത. 1964-ല്‍ കുറ്റിയാടിയില്‍ ആസാദ് കലാ മന്ദിര്‍ എന്ന സാമൂഹ്യ സാസ്‌കാരിക സംഘടന രൂപീകരിക്കാന്‍ മുന്നിട്ടിറങ്ങിയ അതേ റഹീം മൗലവി തന്നേയാണ് തൊള്ളായിരത്തി എണ്‍പതുകളില്‍ ഖത്തറില്‍ ഇസ്ലാഹീ പ്രസ്ഥാനത്തിന് തുടക്കമിടാന്‍ നേതൃപരമായ പങ്കുവഹിച്ചതും.
തന്റെ നാട്ടുകാര്‍ക്ക് കലയോടൊപ്പം കായികവും വേണമെന്ന ചിന്തയില്‍ കുറ്റിയാടി ചെറിയ കുമ്പളത്ത് സ്മയിലിംഗ് ആര്‍ട്ട്‌സ് ആന്റ് സ്‌പോര്‍ട്ട് സ്‌ക്ലബ്ബും അദ്ദേഹം രൂപീകരിച്ചു. കേരളത്തിലെ ഗ്രാമങ്ങളിലും നഗരങ്ങളിലുമുള്ള നിരവധി ക്ഷേത്രങ്ങൡും ചര്‍ച്ചുകളിലും അദ്ദേഹം നടത്തിയ മത താരതമ്യ പഠനാധിഷ്ഠിതമായ പ്രഭാഷണങ്ങള്‍ പ്രസിദ്ധമാണ്. എത്ര അനായാസമാണ് അദ്ദേഹം ശ്ലോകങ്ങളും വേദവാക്യങ്ങളും തെറ്റാതെ ഉച്ചരിച്ച് അര്‍ത്ഥം പറയുന്നതെന്ന് അതിശയിച്ചവര്‍ അന്ന് ഗ്രാമ പ്രദേശങ്ങളില്‍ ഏറെയായിരുന്നു. മുസ്ലിംകളേക്കാള്‍ ഹിന്ദുക്കളും കൃസ്ത്യന്‍ സഹോദരങ്ങളുമായിരുന്നു അവരില്‍ കൂടുതല്‍. ഈ പ്രഭാഷണങ്ങളില്‍ ഖുര്‍ആന്‍ കാവ്യാത്മകമായി അവതരിപ്പിക്കുന്നതില്‍ പ്രത്യേക മിടുക്കുണ്ടായിരുന്നു മൗലവിക്ക്.

  • അറുപതുകളുടെ മധ്യത്തിലെ കലാപ്രവര്‍ത്തനങ്ങള്‍

തൊള്ളായിരത്തി അറുപതുകളുടെ മധ്യത്തില്‍ കുറ്റിയാടിയെ സാംസ്‌കാരികമായി ഉണര്‍ത്തിയ സംഘമായിരുന്നു ആസാദ് കല മന്ദിറിന്റേത്. അനവധി നാടകങ്ങള്‍ ഈ കൂട്ടായ്മയ്ക്ക് കീഴില്‍ അരങ്ങേറി. കലാപരിപാടികളും സാമൂഹിക പ്രവര്‍ത്തനങ്ങളും സജീവമായി. എം. എ റഹീം മൗലവിക്കു പുറമെ ബാലന്‍ പാറക്കല്‍, ഒ.കണാരന്‍, അഡ്വ.സി.എം. അഹമ്മദ് കുട്ടി, എം. സൈനുദിന്‍ മാസ്റ്റര്‍, ടി.കെ. ഇബ്രാഹീം മൗലവി, ഹമീദ് ഷര്‍വാനി, സി.വി. കുട്ട്യാലി, അഹമ്മദ് ചാലി, കെ.ഇ.ഇബ്രാഹിം, മൊയ്തു കണ്ണന്‍കോടന്‍, ഹസ്സന്‍ കോയ പി.പി. അസ്സന്‍കുട്ടി, കെ.ഇ. ഹസ്സന്‍ തുടങ്ങിയവരെല്ലാം ആസാദിന്റെ സംഘാടകരായിരുന്നു. തൊണ്ണൂറുകള്‍ വരെ കുറ്റിയാടിയുടെ സംസ്‌കാരിക മേഖലയെ സജീവമാക്കി നിര്‍ത്തുന്നതില്‍ ആസാദ് കലാമന്ദിര്‍ വഹിച്ച പങ്ക് വളരെ വലുതാണ്. ഇതില്‍ മുഖ്യസംഘാടകരിലൊരാളായ റഹീം മൗലവിയുടെ സാന്നിധ്യം മുഖ്യവും.

മതപഠനം, കവിത, മാപ്പിളപ്പാട്ട്, നാടകം

റഹീം മൗലവിയുടെ കൃതികളില്‍ ചിലത്

ഏറെ പ്രശസ്തമായ ഉണ്ടോ സഖീ ഒരു കുല മുന്തിരി, സൗറെന്ന ഗുഹയില്‍ പണ്ട്…സന്മാര്‍ഗ്ഗ തേരുകള്‍ രണ്ട്… ഉള്‍പ്പെടെ നൂറോളം മാപ്പിള പാട്ടുകളാണ് റഹീം കുറ്റിയാടി രചിച്ചത്. ഒപ്പനപ്പാട്ടുകളിലും വേറിട്ട രചനകള്‍ അദ്ദേഹത്തിന്റേതായി പുറത്തിറങ്ങി. പന്തലില്‍ പതിനായിരം പേര്‍ വന്നിരുന്നു.. നിറഞ്ഞു നീളേ… പാഞ്ഞിടുന്നു സ്വീകരിക്കാന്‍ മമ്മി ഹാജി വിയര്‍ത്തു മോളേ., ഓക്കെന്താ പറഞ്ഞൂടെ ഒളിച്ചുപോണോ.. ഓക്കോനെ മാണ്ടെങ്കില് പറഞ്ഞാപ്പോരേ…തുടങ്ങിയ അനേകം ഒപ്പനപ്പാട്ടുകള്‍. 1977 ല്‍ കോഴിക്കോട് സാമൂതിരി ഹൈസ്‌കുളില്‍ വെച്ച് എം.ഇ.എസ്സ് നടത്തിയ അഖില കേരള മാപ്പിളപ്പാട്ട് മത്സരത്തില്‍ ഒരു ടീമായി പങ്കെടുത്ത് ശ്രദ്ധനേടിയിട്ടുണ്ട്. അവനാണ് ദൈവം (വേദങ്ങളുടെ ആത്മസാരം), ദൈവത്തെ തേടി (ഗീത-ബൈബിള്‍- ഖുര്‍ആന്‍ സമന്വയ ദര്‍ശനം), ഖുര്‍ആനും പൂര്‍വ്വവേദങ്ങളും, ശാസ്ത്ര വിസ്മയങ്ങള്‍ ഖുര്‍ആനില്‍, സാല്‍വേഷന്‍, ഉണ്ടോ സഖീ ഒരു കുല മുന്തിരി (ഗാനസമാഹാരം) തുടങ്ങി പത്തോളം പുസ്തകങ്ങള്‍ രചിച്ചു. തീപ്പന്തം, വല്ലാത്ത ദുനിയാവ്, നൈലിന്റെ വിലാപം എന്നീ നാടകങ്ങള്‍ക്ക് ഗാനങ്ങളെഴുതി.

  • നാടകവും സംഗീതവും ഇസ്ലാമിന്റെ ഭാഗം

നാടകവും സംഗീതവും ഇസ്ലാമിന്റെ ഭാഗമാണെന്ന് നാട്ടുകാരെ പഠിപ്പിച്ച പണ്ഡിതനാണ് റഹീം മൗലവിയെന്നാണ് കുറ്റിയാടി സ്വദേശിയായ മാധ്യമപ്രവര്‍ത്തകന്‍ അന്‍വര്‍ പാലേരി തന്റെ അനുഭവം പങ്കുവെക്കുന്നത്. പ്രണയവും പ്രാര്‍ത്ഥനയും വളരെ അനായാസമായി ഈരടികളായി ചേര്‍ക്കുന്ന മറ്റൊരു എഴുത്തുകാരനെ താന്‍ ബാല്യകാലത്ത് കണ്ടിരുന്നില്ലെന്നും തര്‍ക്ക ശാസ്ത്ര വിഷയങ്ങള്‍ പോലും അനായാസമായി അവതരിപ്പിക്കുന്ന അദ്ദേഹത്തിന്റെ ഖുതുബ പ്രഭാഷണങ്ങള്‍ അത്രമേല്‍ ഹൃദ്യമായിരുന്നുവെന്നും അന്‍വര്‍ തന്റെ ഫെയ്‌സ്ബുക്ക് കുറിപ്പില്‍ വിശദീകരിക്കുന്നു.

കുറിപ്പ് വായിക്കാം: https://m.facebook.com/story.php?story_fbid=4375720662512368&id=100002234337839

എണ്‍പതുകളുടെ ആദ്യത്തില്‍ ഗള്‍ഫിലെ മലയാളികള്‍ ആവേശമായിരുന്നു ഉണ്ടോ സഖീ.. എന്ന പാട്ട്. റഹീം മൗലവിയോടൊപ്പം ഒമാനില്‍ മുറി പങ്കിട്ടു താമസിച്ച തിരൂര്‍ സ്വദേശിയായ എഴുത്തുകാരന്‍ ബഷീര്‍ സി.വി റഹീം മൗലവിയറിയാതെ ആ പാട്ടു പാടിയതും അത് കേട്ട് അദ്ദേഹത്തിനുണ്ടായ സന്തോഷവും ഫെയ്‌സ്ബുക്കിലൂടെ വിവരിക്കുകയുണ്ടായി.
”ഇവന്‍ ഈ പാട്ടുപാടിയതു മുതല്‍ ഞാന്‍ ഏതോ വേറെ ലോകത്തായിരുന്നു. ഞാനത് ആസ്വദിച്ചു. എന്റെ വരികള്‍ എനിക്കറിയാത്ത ഒരാള്‍ പാടുന്നു. അതും എന്റെ അടുത്തുവെച്ച്. എനിക്കത് വല്ലാതെ ഇഷ്ടപ്പെട്ടു. ഈ ചെക്കന്‍ നന്നായി പാടുന്നുമുണ്ട്.” റഹീം മൗലവി സുഹൃത്തായ കൂത്തുപറമ്പ് സ്വദേശി റഹീമിനോട് പറഞ്ഞതായി ബഷീര്‍ വിവരിക്കുന്നു.

ഫെയ്‌സ്ബുക്ക് ലിങ്ക്: https://m.facebook.com/story.php?story_fbid=3107569839567608&id=100009438660773

കേരളത്തിലും വിദേശങ്ങളിലുമുള്ള നിരവധി പേരാണ് റഹീം മൗലവിയുടെ എഴുത്തുജീവിതത്തേയും പ്രഭാഷണങ്ങളേയും സ്മരിച്ച് സാമൂഹിക മാധ്യമങ്ങളിലൂടെ കുറിപ്പ് പങ്കുവെച്ചത്.

  • ഖത്തര്‍ പ്രവാസത്തിന്റെ ആറു വര്‍ഷങ്ങള്‍

ഖത്തര്‍ മതകാര്യ വകുപ്പിന്റെ കീഴില്‍ ദര്‍വീഷ് പള്ളിയിലും അല്‍ഗാനം, അബ്ദുല്ല ബിന്‍താനി തുടങ്ങിയ സ്ഥലങ്ങളിലെ പള്ളികളിലും ജുമുഅ ഖുതുബ പരിഭാഷകനായി ശ്രദ്ധനേടി. ഖത്തര്‍ ഇസ്ലാഹീ സെന്റര്‍ കെട്ടിപ്പടുക്കുന്നതില്‍ നേതൃപരമായ പങ്കുവഹിച്ചു. ഖത്തറിലെ എം.ഇ.എസ് ഇന്ത്യന്‍ സ്‌കൂളില്‍ മദ്രസ്സാ അധ്യാപകനായിരുന്നു. റഹീം മൗലവിയുടെ പ്രഭാഷണ ചാതുരിയറിഞ്ഞ് ഖത്തറിലെ വിവിധ കേന്ദ്രങ്ങളില്‍ പ്രസംഗം ശ്രവിക്കാനായി എത്തുന്നവര്‍ വര്‍ധിച്ചുകൊണ്ടേയിരിക്കുകയായിരുന്നു. ആറു വര്‍ഷത്തോളമാണ് അദ്ദേഹം ഖത്തറിലുണ്ടായിരുന്നത്. ഖുര്‍ആനിനെ വശ്യമായി അവതരിപ്പിക്കാനുള്ള അദ്ദേഹത്തിന്റെ മിടുക്ക് പലരിലും തൗഹീദിന്റെ വെളിച്ചം പകര്‍ന്നതായി ഇസ്ലാഹീ നേതാക്കള്‍ പറയുന്നു.
”ദര്‍വീഷ് പള്ളിയെന്ന് അറിയപ്പെടുന്ന പഴയ വലിയ പള്ളിയിലാണ് ആദ്യമായി അദ്ദേഹം പ്രഭാഷണം നടത്തിയത്. അദ്ദേഹത്തിന്റെ പ്രസംഗം ഏറെ ആകര്‍ഷണീയവും ഹൃദ്യവുമായിരുന്നു. ദര്‍വീഷ് പള്ളി, അബ്ദുല്ല ബിന്‍താനി, അല്‍ഗാനം പള്ളി തുടങ്ങിയ സ്ഥലങ്ങളിലെല്ലാം അദ്ദേഹം നിരന്തരമായി ജുമുഅ പരിഭാഷ നിര്‍വ്വഹിച്ച് ക്ലാസ്സെടുത്തു. കെ. ഉമര്‍മൗലവി, സുഹൈര്‍ ചുങ്കത്തറ, റഹീം കുറ്റിയാടി എന്നിവര്‍ ഇസ്ലാഹീ പ്രസ്ഥാനത്തെ പ്രതിനിധീകരിച്ച് ജമാഅത്ത്് പണ്ഡിതരായ സലീം മൗലവി, വി.കെ അലി, അബ്ദുല്ലാ ഹസ്സന്‍ എന്നിവരുമായി സംവാദങ്ങള്‍ ഖത്തറില്‍ പ്രശസ്തമാണ്. ഇസ്ലാഹീ പ്രസ്ഥാനത്തിന്റെ വളര്‍ച്ചയില്‍ വലിയ പങ്കുവഹിച്ച വ്യക്തിത്വമാണ് റഹീം മൗലവിയുടേത്.” ഇസ്ലാഹീ സെന്റര്‍ മുന്‍ അധ്യക്ഷന്‍ അക്ബര്‍ ഖാസിം ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യോട് പറഞ്ഞു.

കുറ്റിയാടിയും റഹീം മൗലവിയുടെ കുടുംബവും

റഹീം മൗലവി കുറ്റിയാടി

ലോക പ്രശസ്ത പണ്ഡിതനും രചയിതാവുമായ പൊന്നാനി ശൈഖ് സൈനുദ്ദീന്‍ മഖ്ദൂമിന്റെ ആറാം തലമുറക്കാരനും സ്വാതന്ത്ര്യസമര സേനാനിയുമായ കുറ്റിയാടിയുടെ പരിഷ്‌ക്കര്‍ത്താവ് എം. അബ്ദുല്ലക്കുട്ടി മൗലവിയുടെ രണ്ടാമത്തെ മകനാണ് റഹീം കുറ്റിയാടി. സ്വാതന്ത്ര്യ സമരത്തിന്റെ ഭാഗമായ ഖിലാഫത്ത് പ്രസ്ഥാനത്തില്‍ പങ്കെടുത്തതിന് നാടുകടത്തപ്പെട്ട വ്യക്തിത്വമാണ് എം. അബ്ദുല്ലകുട്ടി മൗലവി. കുറ്റിയാടി എന്ന ദേശത്തെ പരിവര്‍ത്തിപ്പിച്ച അബ്ദുല്ലക്കുട്ടി മൗലവിയില്‍ നിന്നാണ് ആ പ്രദേശത്തെ ആധുനിക ചരിത്രത്തിന് തുടക്കവും. 1925-ലാണ് റിവര്‍ റോഡിലുള്ള ഒരു പാണ്ട്യാലയില്‍ സലാഹുല്‍ ഇസ്ലാം സഭ എന്ന പേരില്‍ സംഘടന രൂപീകരിക്കുകയും ഒരു മദ്രസ്സ ആരംഭിക്കുകയും ചെയ്തത്. 1927-ല്‍ ഇന്നത്തെ എം.ഐ.യു.പി.സ്‌കൂള്‍ കെട്ടിടത്തിലേക്ക് മാറ്റി. തുടര്‍ന്ന് സ്‌കൂളും ആരംഭിച്ചു. അബ്ദുല്ലക്കുട്ടി മൗലവിയോടൊപ്പം അദ്ദേഹത്തിന്റെ മക്കളും മറ്റ് കുടുംബാംഗങ്ങളും കുറ്റിയാടിയുടെ സാംസ്‌കാരിക ജീവിതത്തിന്റെ ഭാഗമായി മാറി. റഹീം കുറ്റിയാടിയുടെ ഉമ്മ പരേതയായ ഫാത്തിമ മുസ്ല്യാരകത്ത്, മാഹി നാലകത്ത് ശൈഖ് മുഹമ്മദ് ഹമദാനി തങ്ങളുടെ മകളാണ്. ഇവരുടെ അടുത്ത ബന്ധുവായിരുന്ന ആദ്യ ഭാര്യ ഉമ്മു ആയിഷയുടെ മരണത്തെത്തുടര്‍ന്നായിരുന്നു ഫാത്തിമയെ വിവാഹം ചെയ്തത്. കേരള നദ് വത്തുല്‍ മുജാഹിദീന്‍ മുന്‍ സംസ്ഥാന സമിതി അംഗമായിരുന്ന റഹീം മൗലവി അറബിക് അധ്യാപകനായിരുന്നു. നാദാപുരം ഗവ: യു പി സ്‌കൂളില്‍ നിന്ന് 1999-ലാണ് വിരമിച്ചത്.
റഹീം മൗലവിക്ക് ഫാത്തിമാ, ഹഫ്‌സ, സലീന എന്നീ 3 ഭാര്യമാരില്‍ 9 മക്കള്‍: എം ഉമൈബ (പെരിങ്ങത്തൂര്‍ എന്‍.എ.എം ഹയര്‍സെക്കണ്ടറി സ്‌കൂള്‍ അധ്യാപിക), റഹീന, നഈമ, തസ്‌നീം (അധ്യാപകന്‍), ഡോ. എം ഉമൈര്‍ ഖാന്‍ (ഫാറൂഖ് റൗദത്തുല്‍ ഉലൂം കോളെജ് അസി. പ്രഫ), ഫായിസ് മസ്‌റൂര്‍, മുസ്‌ന റഹ്മ, റസീം ഫാസില്‍, ഇഹ്‌സാന്‍. മരുമക്കള്‍: പരേതനായ ഹമീദ് കരിയാട് (മുന്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്തംഗം), മുസ്തഫ (റോളക്‌സ് ട്രാവല്‍സ്, കോഴിക്കോട്), റഫീഖ് റഷീദ് പരപ്പനങ്ങാടി (സിനിമാട്ടോഗ്രാഫര്‍), സൗദ തസ്‌നീം, റസീന ഉമൈര്‍. സഹോദരങ്ങള്‍: പരേതനായ എം. സൈനുദ്ദീന്‍ മാസ്റ്റര്‍, ഖദീജ (വാഴക്കാട്) കുഞ്ഞിമ്മറിയം, പരേതയായ നഫീസ, മഹമൂദ് മാസ്റ്റര്‍, പരേതനായ ഹമീദ് ഷര്‍വാനി, പരേതനായ അബ്ദുല്‍ കരീം മൗലവി, റുഖിയ്യ, മജീദ് മാസ്റ്റര്‍ (ബിസ്മില്ലാ), ജലീല്‍ കുറ്റിയാടി, ഷരീഫ ടീച്ചര്‍, നൂറുദ്ദീന്‍ (ഖത്തര്‍).

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കത്താറ സുഹൈല്‍ ഫാല്‍ക്കണ്‍ പ്രദര്‍ശനം അമീര്‍ സന്ദര്‍ശിച്ചു

വെളിച്ചം 3 പ്രകാശനം മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രി നിര്‍വ്വഹിച്ചു