ദോഹ: ഖത്തറില്‍ തുടര്‍ച്ചയായി പകലും രാത്രിയും മഴ പെയ്തതോടെ തണുപ്പും ഏറി. തുടര്‍ച്ചയായ മഴ ഏറെക്കാലത്തിന് ശേഷം വേറിട്ടതായി. ദിനങ്ങള്‍ക്ക് മുമ്പ് നേരിയ തോതില്‍ മഴ പെയ്തുവെങ്കിലും വ്യാഴം, വെള്ളി ദിവസങ്ങളില്‍ മഴ കൂടുതലായി. സ്വദേശികളും പ്രവാസികളും ആഘോഷപൂര്‍വ്വമാണ് മഴയെ വരവേറ്റത്. ഭാഗികമായി മേഘാവൃതമാണ് കാലാവസ്ഥയെന്നും ശനിയാഴ്ചയും തുടരാന്‍ സാധ്യതയുണ്ടെന്നും ഖത്തര്‍ കാലാവസ്ഥാ നിരീക്ഷണ വിഭാഗം അറിയിച്ചു. തണുപ്പ് കഴിഞ്ഞ ദിവസത്തെക്കാള്‍ 5 ഡിഗ്രി സെല്‍ഷ്യസ് കൂടുതലായിരിക്കുമെന്നും അവര്‍ വിശദീകരിച്ചു.
സാമൂഹിക മാധ്യമങ്ങളില്‍ സ്റ്റാറ്റസായും സ്റ്റോറിയായും മഴച്ചിത്രങ്ങള്‍ നിറഞ്ഞു. മഴ ആഘോഷിക്കാനായി കുട്ടികളുള്‍പ്പെടെ വില്ലകളിലേയും മറ്റും കോമ്പൗണ്ടുകളില്‍ പുറത്തിറങ്ങി മഴനനഞ്ഞു. വാഹനങ്ങളില്‍ മഴക്കാഴ്ച കാണാനിറങ്ങിയവര്‍ ധാരാളമായി. പെയ്ത് കുറഞ്ഞ നേരങ്ങളില്‍ പുറത്തിറങ്ങി ചിത്രങ്ങള്‍ പകര്‍ത്തിയവരും ഏറെ.
അതേസമയം വെള്ളിയാഴ്ച ജുമുഅ നേരത്ത്് പെയ്ത മഴയില്‍ വൈകി പള്ളിയിലെത്തിയ പലര്‍ക്കും അത് പ്രയാസകരമായി. പള്ളിയുടെ പരിസരത്തും റോഡിലുമെല്ലാം നീണ്ടിരുന്ന നമസ്കാരത്തിനുള്ള വരി ഈ വെള്ളിയാഴ്ച അപ്രത്യക്ഷമായി. പലരും വാഹനങ്ങളിലിരുന്ന് നമസ്കാരം നിര്‍വ്വഹിക്കേണ്ടി വന്നു. കെട്ടിടങ്ങള്‍ക്കകത്തേക്ക് വെള്ളം കയറിയത് ചില കച്ചവടക്കാര്‍ക്കും പ്രയാസമുണ്ടാക്കി. ദോഹയിലും ഇന്‍ഡസ്ട്രല്‍ ഏരിയയിലുമെല്ലാം ഇത്തരം അനുഭവങ്ങളുണ്ടായി. കൃത്യമായ നിയമം പാലിക്കാതെ വിഭജിച്ചുനല്കിയ വില്ലകളില്‍ ചിലതില്‍ വെള്ളം കയറിയതായും പരാതികളുണ്ടായി.