ദോഹ: കോവിഡ് നിയന്ത്രണവിധേയമാക്കുന്നതിനായി ദുരന്തനിവാരണ സുപ്രീംകമ്മിറ്റിയോ പൊതുജനാരോഗ്യ മന്ത്രാലയമോ പുതിയ നടപടികള്‍ പ്രഖ്യാപിക്കുകയാണെങ്കില്‍ ആ തീരുമാനങ്ങള്‍ നടപ്പാക്കാന്‍ സുരക്ഷാവകുപ്പുകള്‍ എപ്പോഴും തയ്യാറാണെന്ന് ആഭ്യന്തര മന്ത്രാലയം. പബ്ലിക് റിലേഷന്‍സ് വകുപ്പ് ഡയറക്ടര്‍ ബ്രിഗേഡിയര്‍ അബ്ദുല്ല ഖലീഫ അല്മുഫ്തയാണ് ഇക്കാര്യം വ്യക്തമാക്കിയത്.
ബന്ധപ്പെട്ട അതോറിറ്റികള്‍ പുറപ്പെടുവിച്ച പ്രതിരോധ നടപടികള്‍ എല്ലാവരും പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കുന്നതിനായി ആഭ്യന്തരമന്ത്രാലയം നടപ്പാക്കിവരുന്ന കാമ്പയിന് നിര്‍ത്തിവെച്ചിട്ടില്ല. പ്രതിരോധ നടപടികള്‍ ഇപ്പോഴും നടപ്പാക്കിക്കൊണ്ടിരിക്കുന്നുവെന്നും ഖത്തര്‍ ടിവിക്കു നല്കിയ അഭിമുഖത്തില്‍ അദ്ദേഹം വ്യക്തമാക്കി. പൊതുസ്ഥലങ്ങളില്‍ മാസ്ക്ക് ധരിക്കാത്തതും വാഹനങ്ങളില്‍ അനുവദനീയമായ പരിധി പാലിക്കാത്തതുമായി ബന്ധപ്പെട്ട ലംഘനങ്ങള്‍ രജിസ്റ്റര്‍ ചെയ്തുവരുന്നുണ്ട്.
മഹാമാരി ആഗോളതലത്തില്‍ അവസാനിച്ചിട്ടില്ല. എല്ലാ മുന്‍കരുതല്‍ നടപടികളും സ്വീകരിക്കണം. മഹാമാരി അവസാനിച്ചുവെന്ന് കരുതുന്ന ചിലര്‍ പ്രതിരോധ നടപടികള്‍ സ്വീകരിക്കാന്‍ തയാറാകുന്നില്ല. ചിലര്‍ അവഗണിക്കുന്നു. ഈ അശ്രദ്ധയാണ് ഉയര്‍ന്നതോതിലുള്ള അണുബാധക്ക് കാരണം. മഹാമാരിയുടെ തുടക്കത്തില്‍ പുലര്‍ത്തിയ പ്രതിരോധ നടപടികളോടുള്ള പ്രതിബദ്ധത ഇപ്പോഴും തുടരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.