
ദോഹ: രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായുള്ള അഞ്ചു ശൈത്യകാല കാര്‍ഷിക ചന്തകളില്‍ ഫ്രഷ് പച്ചക്കറികളുടെയും പഴവര്‍ഗങ്ങളുടെയും വില്‍പ്പനയില്‍ റെക്കോര്‍ഡ് വര്‍ധന. റമദാന്‍ തുടങ്ങിയശേഷം അഞ്ചു ചന്തകളിലുമായി ഏകദേശം 1000 ടണ്‍ പച്ചക്കറികളാണ് വിറ്റുപോയത്.രാജ്യത്തെ വിവിധ പ്രാദേശിക ഫാമുകളില്‍നിന്നായി കൂടുതല്‍ ഫ്രഷ് കാര്‍ഷികോത്പന്നങ്ങള്‍ ചന്തകളിലെത്തിച്ചിട്ടുണ്ട്. അല്‍മസ്‌റുഅ, അല്‍ഖോര്‍ അല്‍ദഖീറ, അല്‍വഖ്‌റ, ശമാല്‍, ഷഹാനിയ എന്നിവിടങ്ങളിലെ ശൈത്യകാല കാര്‍ഷിക ചന്തകളില്‍ വില്‍പ്പനയില്‍ മികച്ച പ്രതികരണമാണ് ലഭിക്കുന്നതെന്ന് ചന്തകളുടെ ജനറല്‍ സൂപ്പര്‍വൈസര്‍ അബ്ദുല്‍റഹ്മാന്‍ അല്‍സുലൈത്തി പറഞ്ഞു.
പ്രാദേശിക അറബിപത്രം അല്‍റായയോടു സംസാരിക്കുകയായിരുന്നു അദ്ദേഹം. നിലവില്‍ ആഴ്ചയില്‍ എല്ലാദിവസവും ചന്തകള്‍ പ്രവര്‍ത്തിപ്പിക്കുന്നുണ്ട്. ആഴ്ചയില്‍ മാത്രം 850 ടണ്ണിലധികം ഫ്രഷ് പച്ചക്കറികള്‍ വിറ്റുപോകുന്നുണ്ട്. ഒരു മാസത്തില്‍ 4000 ടണ്ണിലധികമാണ് വില്‍പ്പന. വിശുദ്ധ റമദാനിലും ഈ ചന്തകള്‍ എല്ലാദിവസവും പ്രവര്‍ത്തിക്കുന്നുണ്ട്. ഉത്പന്നങ്ങളുടെ ഉയര്‍ന്ന നിലവാരവും താരതമ്യേന കുറഞ്ഞ വിലയും കാരണം പച്ചക്കറികള്‍ വാങ്ങുന്നതിനുള്ള പ്രധാന സ്രോതസ്സായി ഈ ചന്തകള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ വിശ്വാസം നേടിയെടുത്തിട്ടുണ്ടെന്നും അല്‍സുലൈത്തി പറഞ്ഞു. റമദാനില്‍ എല്ലാദിവസവും രാത്രി ഏഴര മുതല്‍ അര്‍ധരാത്രിവരെയായിരിക്കും പ്രവര്‍ത്തനം. കൊറോണ വൈറസ് വ്യാപനത്തിന്റെ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പാലിച്ചാണ് വില്‍പ്പന. ഫാം ഉടമകളും തൊഴിലാളികളും മാസ്‌ക്ക് ധരിക്കുന്നുണ്ടെന്ന് ഉറപ്പാക്കിയിട്ടുണ്ട്. നിലവില്‍ അഞ്ചു ചന്തകളിലും നല്ല അളവിലും ന്യായമായ വിലയിലും ഫ്രഷ് പച്ചക്കറികളും ഇലക്കറികളും ലഭ്യമാക്കിയിട്ടുണ്ട്.