Tuesday, July 7ESTD 1934

നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുനരുപയോഗ ഉത്പന്നങ്ങളുടെ ഉപയോഗം ഗുണകരമെന്ന് റിപ്പോര്‍ട്ട്

ദോഹ: രാജ്യത്തെ നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുനരുപയോഗ, പ്രാദേശിക വസ്തുക്കളുടെ ഉപയോഗം ഗുണകരമെന്ന് പഠനറിപ്പോര്‍ട്ട്. നിര്‍മാണപ്രവര്‍ത്തനങ്ങളില്‍ പുനരുപയോഗം ചെയ്യുന്ന വസ്തുക്കള്‍ ഉപയോഗിക്കുന്നതിനെക്കുറിച്ച് ഖത്തര്‍ ദേശീയ ഗവേഷണ ഫണ്ട്(ക്യുഎന്‍ആര്‍എഫ്) മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന് (എംഎംഇ) ഗവേഷണ പദ്ധതി അനുവദിച്ചിരുന്നു. മൂന്നുവര്‍ഷ കാലാവധിയില്‍ 2018ലാണ് പദ്ധതി തുടങ്ങിയത്.
മന്ത്രാലയത്തിലെ ഡോ. മുഹമ്മദ് ബിന്‍ സെയ്ഫ് അല്‍ കുവാരിയുടെ നേതൃത്വത്തില്‍ പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ സഹകരണത്തോടെയായിരുന്നു ഗവേഷണ പദ്ധതി. ഖത്തര്‍ സയന്‍സ് ആന്റ് ടെക്‌നോളജി പാര്‍ക്കിലെ അടിസ്ഥാനസൗകര്യവികസന ഗവേഷണ വകുപ്പ് മാനേജിങ് ഡയറക്ടര്‍ ഡോ.ഖാലിദ് ഹസന്‍, ജിയോളജി രംഗത്തെ രാജ്യാന്തര വിദഗ്ദ്ധന്‍ ഡോ.ഇയാന്‍ സിംസ്, ജിയോടെക്‌നിക്കല്‍- ഗ്രൗണ്ട് എന്‍ജിനിയറിങ് വിദഗ്ദ്ധന്‍ ഡോ. മറെ റീഡ് എന്നിവര്‍ മേല്‍നോട്ടം വഹിച്ചു.
സര്‍ക്കാര്‍ പദ്ധതികളില്‍ പുനരുപയോഗ- പ്രാദേശികവുമായ വസ്തുക്കളുടെ ഉപയോഗം പ്രോത്സാഹിപ്പിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം. നിര്‍മാണത്തിനായി ഉപയോഗിക്കാന്‍ കഴിയുന്ന വിധത്തില്‍ പ്രധാന ഖരമാലിന്യങ്ങള്‍ കണ്ടെത്തി. ഖത്തറില്‍ ഫലപ്രദമായി നടപ്പാക്കാന്‍ കഴിയുന്ന പുനരുപയോഗ സാങ്കേതികവിദ്യകള്‍ വികസിപ്പിച്ചു. നിര്‍മാണത്തില്‍ ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെന്ന് തിരിച്ചറിഞ്ഞ പുനരുപയോഗ ഉത്പന്നങ്ങളിലൊന്ന് വാദി ഗ്രേവലാ(ചരല്‍)യിരുന്നു. മണല്‍ കഴുകല്‍ പ്ലാന്‍ുകളില്‍നിന്നുള്ള ഉപോത്പന്നമാണ് ഈ ചരല്‍. വാദി ചരല്‍ പുനസംസ്‌കരിച്ച് ഉപയോഗിക്കാനാകുമെന്ന് കണ്ടെത്തി. ഖത്തറിന്റെ ദക്ഷിണ മേഖലയിലെ വിവിധ മണല്‍ നിക്ഷേപങ്ങളില്‍ വാദി ചരല്‍ ലഭ്യമാണ്. പ്രധാനമായും അല്‍ഖരൈജ്, അല്‍ഖരാര, മുഖൈനിസ് എന്നീ പ്രദേശങ്ങളില്‍. കോണ്‍ക്രീറ്റ്, ഡ്രെയിനേജ് പദ്ധതികളില്‍ ഇറക്കുമതി ചെയ്ത ഗാബ്രോക്ക് പകരമായി വാദിചരല്‍ ഉപയോഗിക്കാനാകുമെന്ന് പഠനങ്ങളിലൂടെ വ്യക്തമായി. ദേശീയ അന്തര്‍ദേശീയ സവിശേഷതകളുമായി പൊരുത്തപ്പെടുന്നതാണ് വാദിചരല്‍.
റോഡ് നിര്‍മാണം ഉള്‍പ്പടെയുള്ള പദ്ധതികളില്‍ കെട്ടിട നിര്‍മാണ മാലിന്യങ്ങള്‍ ഉപയോഗിച്ചതായും പരീക്ഷണം വിജയകരമായിരുന്നുവെന്നും സെന്റര്‍ ഫോര്‍ എന്‍വയോണ്‍മെന്റല്‍ ആന്‍ഡ് മുനിസിപ്പല്‍ സ്റ്റഡീസ് നേരത്തെ ചൂണ്ടിക്കാട്ടിയിരുന്നു. പുന:സംസ്‌കരിച്ച നിര്‍മാണ വസ്തുക്കള്‍ ഉപയോഗിക്കുന്നത് നിര്‍മാണച്ചെലവ് കുറയ്ക്കാന്‍ സഹായകമാകും. ഇറക്കുമതി ചെയ്യുന്നതിനേക്കാള്‍ 50 വരെ ശതമാനം വിലക്കുറവാണ് പുനസംസ്‌കരിച്ച ഉത്പന്നങ്ങള്‍ക്ക്. ഇവയുടെ ഉപയോഗം വര്‍ധിപ്പിക്കുന്നത് പരിസ്ഥിതിക്ക് ഗുണകരമാണ്. ഒപ്പം ഇറക്കുമതി കാര്യമായി കുറക്കാനുമാകും. റൗദ അല്‍റാഷിദിലെ നിര്‍മാണ മാലിന്യങ്ങളുടെ വന്‍ ശേഖരം ഉപയോഗിക്കാന്‍ നടപടികളെടുക്കുന്നുണ്ട്. റൗദ റാഷിദില്‍ ഏകദേശം നാല് കോടി ടണ്‍ നിര്‍മാണ മാലിന്യങ്ങളുണ്ടെന്നാണ് കണക്കാക്കുന്നത്. ഇത് പുന:സംസ്‌കരിച്ചാല്‍ 2.5 കോടി ടണ്‍ ഉപയോഗയോഗ്യമായ മെറ്റലും കരിങ്കല്ലുകളും ഇഷ്ടികകളും ലഭിക്കുമെന്നായിരുന്നു നേരത്തെയുള്ള കണക്കുകൂട്ടല്‍. ഇവിടെ സംസ്‌കരിച്ച നിര്‍മാണ മാലിന്യങ്ങള്‍ ഉപയോഗിച്ച് നേരത്തെ ഹരിത റോഡ് നിര്‍മിച്ചിരുന്നു. റോഡിന് ഒരു തകരാറുമുണ്ടായിട്ടില്ല. കൂറ്റന്‍ ഭാരവും വഹിച്ച് നിരവധി ട്രക്കുകളാണ് ഈ റോഡിലൂടെ കടന്നുപോയത്.
എന്നിട്ടും ഒരുകുഴപ്പവുമുണ്ടായിട്ടില്ല. മിഡില്‍ ഈസ്റ്റിലും നോര്‍ത്ത് ആഫ്രിക്കയിലും ആദ്യമായി ഖത്തറിലായിരുന്നു ഈ പരീക്ഷണം. റൗദ അല്‍റാഷിദിലെ നിര്‍മാണ മാലിന്യം സംസ്‌കരിച്ചാല്‍ ഇറക്കുമതി ചെയ്യുന്ന മെറ്റല്‍ നല്ലൊരളവുവരെ കുറക്കാനാകും. പുന:സംസ്‌കരണത്തിലൂടെ ടണ്‍ കണക്കിന് വസ്തുക്കള്‍ ഉത്പാദിപ്പിക്കാന്‍ കഴിയും.

error: Content is protected !!