
ദോഹ: പ്ലാസ്റ്റിക് മലിനീകരണം മൂലമുണ്ടായ ഗുരുതരമായ പാരിസ്ഥിതിക വെല്ലുവിളികളുടെ വെളിച്ചത്തില്‍, പ്ലാസ്റ്റിക് ഫ്രീ ജൂലൈയെ പിന്തുണയ്ക്കുന്നതിനുള്ള ആഹ്വാനത്തില്‍ പങ്കുചേര്‍ന്ന് ഖത്തര്‍ മ്യൂസിയംസ്(ക്യുഎം). പ്ലാസ്റ്റിക് മലിനീകരണത്തിനുള്ള പരിഹാരത്തിന്റെ ഭാഗമാകാന്‍ ദശലക്ഷക്കണക്കിന് ആളുകളെ സഹായിക്കുന്ന ആഗോള പ്രസ്ഥാനം ആഹ്വാനം ചെയ്ത കാമ്പയിനിലാണ് ക്യുഎം പങ്കാളിയാകുന്നത്. ഇതുമായി ബന്ധപ്പെട്ട് ക്യുഎമ്മിന്റെ കള്‍ച്ചറല്‍ പാസ് അംഗങ്ങള്‍ക്ക് ഇ-മെയില്‍ സന്ദേശമയച്ചു. പ്ലാസ്റ്റിക് ഫ്രീ ജൂലൈ എന്ന ആഗോള കാമ്പയിനെക്കുറിച്ചും പ്ലാസ്റ്റിക് മലിനീകരണത്തിന്റെ കാരണങ്ങളെക്കുറിച്ചും ഇക്കാര്യത്തില്‍ ജനങ്ങള്‍ക്ക് ചെയ്യാന്‍ കഴിയുന്ന ലളിതമായ വഴികളെക്കുറിച്ചും വിവരങ്ങള്‍ നല്‍കുകയെന്നതാണ് ഇ-മെയില്‍ സന്ദേശങ്ങളിലൂടെ ലക്ഷ്യമിടുന്നത്.
പരിസ്ഥിതി സംരക്ഷിക്കുക, പ്ലാസ്്റ്റിക് വേണ്ടെന്ന് പറയുക എന്ന പ്രമേയത്തിലായിരുന്നു ഇ-മെയില്‍ സന്ദേശം. ലാഭേച്ഛയില്ലാതെ പ്രവര്‍ത്തിക്കുന്ന സംഘടനയായ പ്ലാസ്റ്റിക് ഫ്രീ ഫൗണ്ടേഷനാണ് പ്ലാസ്റ്റിക് ഫ്രീ ജൂലൈക്ക് ആഹ്വാനം ചെയ്തിരിക്കുന്നത്. ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് പേര് പങ്കെടുക്കുന്ന ലോകത്തെ ഏറ്റവും സ്വാധീനമുള്ള പാരിസ്ഥിതിക പ്രചാരണങ്ങളിലൊന്നായി ഈ കാമ്പയിന് മാറിയിട്ടുണ്ട്.
ജൂലൈ മാസത്തിനപ്പുറം പ്ലാസ്റ്റിക് മലിനീകരണം കുറക്കുന്നതിന് പലരും പ്രതിജ്ഞാബദ്ധരാണ്. കഴിഞ്ഞവര്‍ഷം ജൂലൈയില്‍ മാത്രം 177 രാജ്യങ്ങളില്‍ നിന്ന് 250 ദശലക്ഷം പേര് ഈ കാമ്പയിനില്‍ പങ്കെടുത്തു. ഗാര്ഡിയന് റിപ്പോര്‍ട്ട് അനുസരിച്ച്, 1950കള്‍ മുതല്‍ ഉത്പാദിപ്പിച്ച 8.3 ബില്യണ്‍ ടണ്‍ പ്ലാസ്റ്റിക്കില്‍ ഒന്‍പത് ശതമാനം മാത്രമാണ് പുനരുപയോഗം ചെയ്തത്. കാലാവസ്ഥാ വ്യതിയാനത്തിന് പ്ലാസ്റ്റിക്കുകള്‍ കാരണമാകുന്നു. സമുദ്രജീവികള്‍ക്ക് ഭീഷണിയാകുന്നു. പ്രതിവര്‍ഷം ഒരു ദശലക്ഷത്തിലധികം മൃഗങ്ങള്‍ കൊല്ലപ്പെടുന്നതിനും കാരണമാകുന്നുണ്ട്.