in ,

2020ല്‍ ഗതാഗത അപകടമരണങ്ങളിലും നിയമലംഘനങ്ങളിലും കുറവ്

ഗതാഗത ബോധവല്‍ക്കരണ വിഭാഗം ഡയറക്ടര്‍ കേണല്‍ മുഹമ്മദ് റാദി അല്‍ഹജ്‌രി വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുന്നു

ദോഹ: 2019നെ അപേക്ഷിച്ച് കഴിഞ്ഞ വര്‍ഷം രാജ്യത്ത് ഗതാഗത അപകടമരണങ്ങളുടെ എണ്ണത്തിലും ഗതാഗത നിയമലംഘനങ്ങളിലും കുറവുണ്ടായി. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം കഴിഞ്ഞവര്‍ഷം രാജ്യത്ത് 138 പേരാണ് ഗതാഗത അപകടങ്ങള്‍ക്കിരയായി മരണപ്പെട്ടത്. 2019ല്‍ 154 പേരായിരുന്നു ഗതാഗത അപകടങ്ങളില്‍ മരിച്ചത്.

കഴിഞ്ഞവര്‍ഷം മരിച്ചവരില്‍ 69പേര്‍ വാഹനമോടിച്ചവരും 26 പേര്‍ യാത്രക്കാരും 43 പേര്‍ കാല്‍നടയാത്രക്കാരുമാണ്. 2014ല്‍ 228 പേരാണ് ഗതാഗത അപകടങ്ങളില്‍ മരിച്ചത്. ഒരു ലക്ഷം പേരില്‍ 8.2 ആയിരുന്നു മരണസംഖ്യ. 2015ല്‍ 227, 2016ല്‍ 178, 2017ല്‍ 177, 2018ല്‍ 168, 2019ല്‍ 154, 2020ല്‍ 138 എന്നിങ്ങനെയാണ് തുടര്‍ന്നുള്ള വര്‍ഷങ്ങളിലെ മരണനിരക്ക്. കഴിഞ്ഞവര്‍ഷം ഗതാഗത അപകടമരണനിരക്ക് ഒരു ലക്ഷം പേരില്‍ നാലുപേരായിരുന്നു.

കഴിഞ്ഞവര്‍ഷം 15,74,812 ഗതാഗത നിയമലംഘനങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തത്. 2019ല്‍ ഗതാഗത നിയമലംഘനങ്ങള്‍ 19,69,896 ആയിരുന്നു. 2019നെ അപേക്ഷിച്ച് ലംഘനങ്ങളില്‍ 20.1 ശതമാനത്തിന്റെ കുറവുണ്ടായിട്ടുണ്ട്. ഗതാഗതനിയമലംഘനങ്ങളിലധികവും അമിതവേഗതയുമായി ബന്ധപ്പെട്ടതായിരുന്നു. ആകെ ലംഘനങ്ങളില്‍ 69.1ശതമാനവും ഇക്കാരണത്താലാണ്. 2020ല്‍ രാജ്യത്തുണ്ടായ അപകടങ്ങളില്‍ 90.1 ശതമാനത്തിലും നിസാരപരിക്കുകള്‍ മാത്രമാണുണ്ടാത്. 7155 അപകടങ്ങളിലാണ് നിസാര പരിക്കുകളുണ്ടായത്.

ഗുരുതരമായി പരിക്കേല്‍ക്കാനിടയായ 648 അപകടങ്ങളുണ്ടായി, 8.2 ശതമാനം. മരണത്തിനിടയാക്കിയ അപകടങ്ങള്‍ 138 ആണ്, 1.7ശതമാനം. ആകെ 7941 കേസുകളാണുണ്ടായത്. 2019ല്‍ നിസാരമായ 8395ഉം ഗുരുതരമായ 775ഉം മരണത്തിനിടയാക്കിയ 154ഉം ഉള്‍പ്പടെ 9324 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്.

അപകടങ്ങള്‍ക്കുള്ള പ്രധാനകാരണം അശ്രദ്ധമായ വാഹനമോടിക്കല്‍

അപകടങ്ങള്‍ക്കുള്ള പ്രധാനകാരണം അശ്രദ്ധമായ വാഹനമോടിക്കലാണ്. 42.4ശതമാനം(2442) വാഹനാപകട കേസുകള്‍ക്കും ഇതാണ് കാരണം. രണ്ടാമത്തേത് വാഹനങ്ങള്‍ക്കിടയില്‍ സുരക്ഷിത അകലം പാലിക്കാത്തതാണ്. മറ്റു വാഹനങ്ങള്‍ക്ക് മതിയായ സ്ഥലം നല്‍കാത്തതിനെത്തുടര്‍ന്ന് 21.9ശതമാനം(1259) അപകടങ്ങളാണുണ്ടായത്. റോഡുമാര്‍ഗത്തില്‍നിന്നുള്ള വ്യതിയാനത്തെത്തുടര്‍ന്ന് 12.3 ശതമാനം(707), റോഡുമുറിച്ചുകടക്കുന്നതിനിടെ 10ശതമാനം(574), മറ്റു കാരണങ്ങളാല്‍(ചുവന്ന ലൈറ്റ് മറികടക്കല്‍, പാത അച്ചടക്കം പാലിക്കാതിരിക്കല്‍, അമിതവേഗത, തെറ്റായരീതിയില്‍ വാഹനത്തെ മറികടക്കല്‍) എന്നിവയാല്‍ 13.4ശതമാനം(778) റോഡപകടങ്ങളുമുണ്ടായി. രണ്ടോ അതിലധികമോ വാഹനങ്ങള്‍ കൂട്ടിയിടിച്ച് 3417 അപകടങ്ങളും(59.3ശതമാനം) കാല്‍നടയാത്രികനുമായി കൂട്ടിയിടിച്ച് 576(10ശതമാനം) അപകടങ്ങളും ഉറപ്പിച്ച വസ്തുവുമായി(ഫിക്‌സഡ് ഒബ്ജക്റ്റ്) കൂട്ടിയിടിച്ച് 866(15ശതമാനം) അപകടങ്ങളും വാഹനങ്ങള്‍ കീഴ്‌മേല്‍ മറിഞ്ഞ്(റോള്‍ഓവര്‍) 841(14.6ശതമാനം) അപകടങ്ങളും മറ്റു കാരണങ്ങളാല്‍(വാഹനതീപിടുത്തം, മൃഗങ്ങളുമായി കൂട്ടിയിടിക്കല്‍) 60(1.1ശതമാനം) അപകടങ്ങളുമാണ് കഴിഞ്ഞവര്‍ഷമുണ്ടായത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

മൊബൈല്‍ ഇന്റര്‍നെറ്റ് വേഗതയില്‍ ഖത്തര്‍ മുന്നില്‍

കോവിഡ് ബാധിച്ച് മരിച്ച മലയാളിയുടെ മൃതദേഹം ദോഹയില്‍ ഖബറടക്കി