ദോഹ: ഖത്തറിലേക്ക് റോഡുമാര്‍ഗ്ഗം വരുന്നവര്‍ ഏറെ സമയം അതിര്‍ത്തിയില്‍ കാത്തിരിക്കേണ്ടി വരുന്ന സാഹചര്യത്തിന് അറുതിയാവുന്നു. ഓണ്‍ലൈന്‍ സംവിധാനത്തിലൂടെ രജിസ്‌ട്രേഷന്‍ എളുപ്പമാക്കാന്‍ അധികൃതര്‍ സംവിധാനമൊരുക്കുന്നതായി ആരോഗ്യമന്ത്രാലയവും എമിഗ്രേഷന്‍ വിഭാഗവും അറിയിച്ചു.
അബൂസംറ അതിര്‍ത്തി വഴി ഖത്തറിലേക്ക് പ്രവേശിക്കുന്നവര്‍ക്കാണ് നടപടികള്‍ എളുപ്പമാക്കാന്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം നിലവില്‍ രവന്നത്. www.ehteraz.gov.qa എന്ന സൈറ്റിലാണ് ഇതിനായി രജിസ്റ്റര്‍ ചെയ്യേണ്ടത്. യാത്രക്ക് 72 മണിക്കൂര്‍ മുമ്പ് ഇതില്‍ രജിസ്റ്റര്‍ ചെയ്യാം. ഖത്തറില്‍ എത്തുന്നതിന് ആറുമണിക്കൂര്‍ മുമ്പെങ്കിലും രജിസ്റ്റര്‍ ചെയ്തിരിക്കണമെന്നും നിബന്ധനയുണ്ട്. അതിര്‍ത്തിയില്‍ നടപടികള്‍ എളുപ്പമാക്കാനും വേഗത്തില്‍ നടപടികള്‍ പൂര്‍ത്തീകരിക്കാനും ഈ രജിസ്‌ട്രേഷന്‍ സഹായിക്കും. നിലവില്‍ അബൂസംറ കര അതിര്‍ത്തി വഴി എത്തുന്നവര്‍ക്കായാണ് ഈ സംവിധാനം ഏര്‍പ്പെടുത്തിയിയിരിക്കുന്നത്. ഈ വെബ്‌സൈറ്റില്‍ പ്രവേശിക്കുന്നതിന് മുമ്പ് വേണ്ട വിവരങ്ങള്‍ നല്‍കി പുതിയ യൂസെര്‍ നെയിം ഉണ്ടാക്കണം.
‘Submit new application’ എന്ന വിന്‍ഡോവില്‍ ക്ലിക്ക് ചെയ്താണ് പുതിയ അപേക്ഷകള്‍ സമര്‍പ്പിക്കേണ്ടത്. ഖത്തറില്‍ എത്തുന്ന തീയതി, യാത്രക്കാരുടെ എണ്ണം തുടങ്ങിയ വിവരങ്ങള്‍ ചേര്‍ക്കണം.
ഖത്തരി സ്വദേശികളും ഖത്തറിലെ താമസക്കാരും ഖത്തര്‍ ഐഡി കാര്‍ഡ് നമ്പര്‍ ചേര്‍ക്കണം. ജി.സി.സി പൗരന്‍മാര്‍ പാസ്‌പോര്‍ട്ട് നമ്പറാണ് നല്‍കേണ്ടത്. സന്ദര്‍ശകര്‍ക്ക് വിസ നമ്പറും പാസ്‌പോര്‍ട്ട് നമ്പറും നിര്‍ബന്ധമായും ചേര്‍ക്കണം.
ആരോഗ്യസംബന്ധമായ കാര്യങ്ങളും നല്‍കണം. കോവിഡ് വാക്‌സിന്‍ സ്വീകരിച്ചതിന്റെ ദിവസം, ഏത് വാക്‌സിന്‍ ആണ് സ്വീകരിച്ചത്, കോവിഡ്മുക്തര്‍ക്ക് ഏത് ദിവസമാണ് രോഗം ഭേദമായത് തുടങ്ങിയ വിവരങ്ങളും സൈറ്റില്‍ ചേര്‍ക്കണം.
പാസ്‌പോര്‍ട്ടിന്റെ കോപ്പി, വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി, പി.സി.ആര്‍. നെഗറ്റീവ് സര്‍ട്ടിഫിക്കറ്റിന്റെ കോപ്പി എന്നിവ നല്‍കണം. വാക്‌സിന്‍ എടുക്കാത്തവരാണെങ്കിലോ കോവിഡ് ഭീഷണി കൂടുതലുള്ള രാജ്യങ്ങളില്‍ നിന്ന് വരുന്നവരോ ആണെങ്കില്‍ ഹോട്ടല്‍ ക്വാറന്റീന്‍ റിസര്‍വേഷന്റെ കോപ്പിയും അപേക്ഷയോടൊപ്പം അടക്കം ചെയ്യണമെന്നും അധികൃതര്‍ വിശദീകരിക്കുന്നു.