in

ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇസ്രാഈലുമായുള്ള ബന്ധം സാധാരണനിലയിലാക്കില്ല: അല്‍ഖാതിര്‍

ദോഹ: ഫലസ്തീന്‍ പ്രശ്‌നം പരിഹരിക്കുന്നതുവരെ ഇസ്രഈലുമായി നയതന്ത്രബന്ധം സാധാരണനിലയിലാക്കില്ലെന്നും ഇസ്രാഈലുമായി ബന്ധം സ്ഥാപിക്കുന്നതില്‍ ഗള്‍ഫ് അറബ് അയല്‍രാജ്യങ്ങള്‍ക്കൊപ്പം ചേരില്ലെന്നും ഖത്തര്‍. വിദേശകാര്യ അസിസ്റ്റന്റ് മന്ത്രിയും ദുരന്തനിവാരണ സുപ്രീംകമ്മിറ്റി വക്താവുമായ ലുലുവ റാഷിദ് അല്‍ഖാതിറാണ് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. സാധാരണനിലയിലാക്കലാണ് ഈ പ്രശ്‌നത്തിന്റെ കാതല്‍ എന്ന് തങ്ങള്‍ കരുതുന്നില്ല. അതുകൊണ്ടുതന്നെ അതിന് ഉത്തരമാകാന്‍ കഴിയില്ല- അല്‍ഖാതിര്‍ പറഞ്ഞു. ഫലസ്തീനികള്‍ ജീവിക്കുന്ന കടുത്ത അവസ്ഥകളാണ് ഈ പോരാട്ടത്തിന്റെ കാതല്‍. രാജ്യമില്ലാത്ത ആളുകള്‍, അധിനിവേശത്തില്‍ ജീവിക്കുന്ന അവസ്ഥയാണ് കാതല്‍- അല്‍ഖാതിര്‍ പറഞ്ഞു. സഊദി സഖ്യരാജ്യങ്ങളുടെ ഖത്തറിനെതിരായ മൂന്നുവര്‍ഷം നീണ്ട ഉപരോധം അവസാനിക്കുന്നതില്‍ പുരോഗതി ഉടന്‍ ഉണ്ടായേക്കാമെന്നും അല്‍ഖാതിര്‍ വ്യക്തമാക്കിയതായി ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്തു. കുവൈത്തിന്റെ പിന്തുണയുള്ള മധ്യസ്ഥ ശ്രമങ്ങള്‍ ഇതുവരെ ഒരു സുപ്രധാന ഘട്ടത്തിലെത്തിയിട്ടില്ല. കഴിഞ്ഞ കുറച്ച് മാസങ്ങളായി സന്ദേശങ്ങളും സന്ദേശവാഹകരും അങ്ങോട്ടും ഇങ്ങോട്ടും പോകുന്നു.
ഒരു യഥാര്‍ത്ഥ മുന്നേറ്റത്തെക്കുറിച്ച് ഇപ്പോള്‍ സംസാരിക്കുന്നത് വളരെ നേരത്തെയാണ്. എന്നാല്‍ വരുന്ന ഏതാനും ആഴ്ചകള്‍ പുതിയ എന്തെങ്കിലും വെളിപ്പെടുത്തലുണ്ടായേക്കാം- ലുലുവ അല്‍ഖാതിര്‍ പറഞ്ഞു. ഉപരോധ രാജ്യങ്ങള്‍ നേരത്തെ അവതരിപ്പിച്ച പതിമൂന്ന് ആവശ്യങ്ങള്‍ക്കപ്പുറത്തേക്ക് ചര്‍ച്ചകള്‍ നീങ്ങി. സര്‍ക്കാര്‍ ധനസഹായത്തോടെ പ്രവര്‍ത്തിക്കുന്ന അല്‍ജസീറ ടിവി അടച്ചുപൂട്ടല്‍ ഉള്‍പ്പടെയുള്ളവയായിരുന്നു ആവശ്യങ്ങള്‍.
നിരുപാധിക ചര്‍ച്ചകളില്‍ ക്രിയാത്മകമായി ഇടപെടുകയാണ് വേണ്ടത്. എല്ലാ കക്ഷികളും ഒരേ സമയം ചര്‍ച്ചയില്‍ ഉള്‍പ്പെടേണ്ട ആവശ്യമില്ലെന്നും അല്‍ഖാതിര്‍ പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

ഇന്നത്തെ (2020 സെപ്തംബര്‍ 15) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

ഹമദ് വിമാനത്താവളത്തില്‍ ഉറക്കറകളും കാബിനുകളും അടങ്ങിയ സ്വകാര്യ ലോഞ്ച്‌