
ദോഹ: ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിനു ചുറ്റുമുള്ള റോഡുകളുടെ നവീകരണം പൂര്‍ത്തിയായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍ അറിയിച്ചു. ഇതോടെ സ്പോര്‍ട്സ് ക്ലബ്ബിലേക്കുള്ള ഗതാഗതം കൂടുതല്‍ സുഗമമായിട്ടുണ്ട്. ഗ്രേറ്റര്‍ ദോഹയിലെ ജംക്ഷനുകളിലേയും റൗണ്ട് എബൗട്ടുകളിലേയും റോഡ് നവീകരണ പദ്ധതിയുടെ ഭാഗമായാണ് നവീകരണം. കായിക, സേവന കേന്ദ്രങ്ങളിലേക്കുള്ള റോഡുകളുടെ വികസനത്തിന് അശ്ഗാല്‍ വലിയ പ്രാധാന്യമാണ് നല്‍കുന്നത്.
ഖത്തര്‍ സ്പോര്‍ട്സ് ക്ലബ്ബിലേ്ക്കുള്ള നിലവിലെ റോഡുകളുടെ നവീകരണത്തിനൊപ്പം പുതിയ സര്‍വിസ് റോഡുകളുടെ നിര്‍മാണവും പദ്ധതിയുടെ ഭാഗമായിരുന്നു. ഇതിനു പുറമേ അടിസ്ഥാന സൗകര്യ വികസന പ്രവര്‍ത്തനങ്ങളും നടപ്പാക്കി. 1.4 കിലോമീറ്റര്‍ റോഡ് നിര്‍മാണവും സര്‍വീസ്, പ്രാദേശിക റോഡുകളുടെ വികസനവുമാണ് പൂര്‍ത്തീകരിച്ചതെന്ന് അശ്ഗാലിന്റെ പടിഞ്ഞാറന്‍ മേഖലാ വിഭാഗത്തിലെ പ്രൊജക്റ്റ് എന്‍ജിനിയര്‍ ഖാലിദ് അല്ഖുറൈഷി പറഞ്ഞു.
ഖത്തര്‍ കായിക ക്ലബ്ബിന് ചുറ്റുമുള്ള റോഡുകളുടെ ശേഷി വര്‍ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്. അല്‍ ഇസ്തിഖ്ലാല് സ്ട്രീറ്റിനെയും ഖലീഫ സ്ട്രീറ്റിനെയും ക്ലബ്ബുമായി ബന്ധിപ്പിച്ചുകൊണ്ട് പുതിയ രണ്ട് റോഡുകളുടെ നിര്‍മാണവും പൂര്‍ത്തീകരിച്ചു. ഇതോടെ ക്ലബ്ബിലേക്ക് നിലവിലെ അല്‍ മര്‍ഖിയ സ്ട്രീറ്റില്‍ നിന്നുള്ള പ്രവേശനകവാടത്തിനു പുറമെ പുതിയ രണ്ട് പാതകള്‍ കൂടിയായി, ക്ലബ്ബിന്റെ പിറകുവശത്തെ കവാടത്തിന് ചുറ്റുമുള്ള റോഡുകളുടേയും ഖലീഫ ഇന്റര്‍നാഷനല്‍ ടെന്നീസ്-സ്ക്വാഷ് കോംപ്ലക്സിലേക്കുള്ള റോഡിന്റെയും 300 മീറ്റര്‍ പാതയുടെ വികസനവും പൂര്‍ത്തിയാക്കി.
ടാര്‍ ചെയ്ത് അറ്റകുറ്റപ്പണികള്‍ നടത്തിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖല നിര്‍മാണം ഉള്‍പ്പെടെ അടിസ്ഥാന സൗകര്യങ്ങളും വികസിപ്പിച്ചു.