തീയ്യതി അറിയിച്ചിട്ടില്ല

ദോഹ: പ്രവാസിമലയാളികള്‍ക്ക് കേരളത്തിലേക്ക് മടങ്ങാന്‍ കൂടുതല്‍ സൗകര്യമൊരുങ്ങുന്നു. നാട്ടിലേക്ക് മടങ്ങാന്‍ താല്പര്യപ്പെടുന്ന മലയാളികളെ കൊണ്ടുപോകുന്നതിനായി ദോഹയില്‍ നിന്നും കേരളത്തിലെ വിവിധ വിമാനത്താവളങ്ങളിലേക്ക് 28 വിമാന സര്‍വീസുകള്‍ നടത്തുമെന്ന് ഇന്‍ഡിഗോ അറിയിച്ചു. ദോഹ ഉള്‍പ്പടെ ജിസിസി നഗരങ്ങളില്‍ നിന്ന് 97 വിമാനസര്‍വീസുകള്‍ ഇന്‍ഡിഗോ നടത്തും. മഹാമാരിക്കിടയില്‍ രാജ്യത്തെ പിന്തുണക്കുന്നതിനുള്ള നിരന്തരമായ ശ്രമത്തിന്റെ ഭാഗമായാണ് മിഡില്‍ഈസ്റ്റ് നഗരങ്ങളില്‍ നിന്നും ഇത്രയധികം സര്‍വീസുകള്‍ നടത്തുന്നതെന്ന് ഇന്‍ഡിഗോ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു. എല്ലാ മുന്‍കരുതല്‍ നടപടികളും പാലിച്ച് കേരളത്തിനും സഊദി, ഖത്തര്‍, കുവൈത്ത്, ഒമാന്‍ രാജ്യങ്ങള്‍ക്കുമിടയില്‍ സര്‍വീസ് നടത്തും. വിദേശങ്ങളില്‍ നിന്നും പ്രവാസികളെ മടക്കിക്കൊണ്ടുവരുന്നതിന് സ്വകാര്യ വിമാനക്കമ്പനികള്‍ക്കും അനുമതി നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു. സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ച 180 വിമാന സര്‍വീസുകളില്‍ പകുതിയോളം സര്‍വീസുകളും ഇന്ഡിഗോക്കാണ് ലഭിച്ചിരിക്കുന്നത്. അതേസമയം സര്‍വീസുകള്‍ എപ്പോഴാണ് തുടങ്ങുന്നതെന്ന് വ്യക്തമാക്കിയിട്ടില്ല. പൗരന്മാരെ തിരികെ കൊണ്ടുവരുന്നതിനായി നാലു രാജ്യങ്ങളിലേക്ക് വിമാന സര്‍വീസുകള്‍ നടത്തുന്നതിന് അംഗീകാരം ലഭിച്ചതില്‍ സന്തോഷമുണ്ടെന്ന് ഇന്‍ഡിഗോ ചീഫ് എക്സിക്യുട്ടീവ് ഓഫീസര്‍ റോണോജോയ് ദത്ത പറഞ്ഞു. സഊദി അറേബ്യയില്‍ നിന്നും 36, കുവൈത്തില്‍ നിന്ന് 23, മസ്കത്തില് നിന്ന് 10 വീതം വിമാനസര്‍വീസുകള്‍ നടത്തുമെന്നും ഇന്‍ഡിഗോ അറിയിച്ചിട്ടുണ്ട്.