in ,

ഫിഫ ലോകകപ്പിനെത്തുന്നവര്‍ കോവിഡ്, പകര്‍ച്ചപ്പനി വാക്‌സിനുകള്‍ പൂര്‍ത്തിയാക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയം

  • അടിയന്തിര വൈദ്യസേവനത്തിനു പുറമെ മാനസികാരോഗ്യ പിന്തുണ നല്‍കാന്‍ രഹസ്യ ഹെല്‍പ്പ് ലൈന്‍

അശ്‌റഫ് തൂണേരി/ദോഹ:

ഫിഫ ലോകകപ്പ് കാണാന്‍ ഖത്തറിലെത്തുന്ന സന്ദര്‍ശകരും ആരാധകരും ബൂസ്റ്റര്‍ ഉള്‍പ്പെടെ കോവിഡ് വാക്‌സിനുകളും മറ്റു പകര്‍ച്ചപ്പനി വാക്‌സിനും പൂര്‍ത്തീകരിച്ചിരിക്കണമെന്ന് ഖത്തര്‍ ആരോഗ്യമന്ത്രാലയത്തിന്റെ നിര്‍ദ്ദേശം.


ആരോഗ്യമന്ത്രാലയം വെബ്‌സൈറ്റിന്റെ ഫാന്‍ ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ എന്ന പുതിയ പേജിന്റെ ഖത്തറിലേക്കുള്ള യാത്രാ മുന്‍കരുതല്‍ നിര്‍ദ്ദേശം വിഭാഗത്തിലാണ് ഇക്കാര്യം വിശദീകരിക്കുന്നത്. ഖത്തറിലേക്കുള്ള എല്ലാ സന്ദര്‍ശകരും ദോഹയില്‍ എത്തിച്ചേരുന്നതിന് മുമ്പ് ബൂസ്റ്റര്‍ ഡോസ് ഉള്‍പ്പെടെ കോവിഡ് 19-നെതിരെ പൂര്‍ണ്ണമായി വാക്‌സിനേഷന്‍ എടുക്കണം. കൂടാതെ സീസണല്‍ ഇന്‍ഫ്‌ലുവന്‍സ വാക്‌സിനേഷനും പൂര്‍ത്തീകരിക്കണം.

മന്ത്രാലയത്തിന്റെ കോവിഡ്19 വെബ്‌സൈറ്റ് സന്ദര്‍ശിച്ച് ഖത്തറിലെ കോവിഡിനെക്കുറിച്ചുള്ള ഏറ്റവും പുതിയ വിവരങ്ങളും യാത്രാ നയവും ഇടക്കിടെ അപ്‌ഡേറ്റ് ചെയ്യണമെന്നും മന്ത്രാലയം ആവശ്യപ്പെട്ടു. ടൂര്‍ണമെന്റ് ആഹ്ലാദകരമായ അനുഭവമാക്കി മാറ്റാന്‍ ഇത് ആവശ്യമാണെന്നും മന്ത്രാലയം ചൂണ്ടിക്കാട്ടി.


സന്ദര്‍ശകര്‍ ദോഹയിലെത്തുന്നതിന് 6 ആഴ്ചയ്ക്കുള്ളില്‍ ഒരു മെഡിക്കല്‍ പ്രൊഫഷണലിനെ സന്ദര്‍ശിച്ച് ആരോഗ്യസ്ഥിതി മനസ്സിലാക്കണമെന്നും ആരോഗ്യമന്ത്രാലയം നിര്‍ദ്ദേശിച്ചിട്ടുണ്ട്. അടിസ്ഥാനപരമായ ഏതെങ്കിലും ആരോഗ്യപ്രശ്‌നങ്ങള്‍ തിരിച്ചറിയാനും സന്ദര്‍ശകര്‍ക്ക് മനസ്സമാധാനത്തിനും ഇത് സഹായിക്കും.

ദന്ത പരിശോധനയും ഇതില്‍ ഉള്‍പ്പെടുത്തണം. ഓരോരുത്തരും അവരുടെ രക്തഗ്രൂപ്പിനെക്കുറിച്ച് അറിഞ്ഞിരിക്കണം. ഇത് വിദേശ യാത്രയില്‍ പ്രധാനമാണെന്നും മന്ത്രാലയം വിശദീകിച്ചു. ”നിങ്ങള്‍ക്ക് നിങ്ങളുടെ രക്തഗ്രൂപ്പ് അറിയാമെന്ന് ഉറപ്പാക്കുകയും അത് ഒരു ഡോക്യുമെന്റില്‍ എഴുതുകയും മറ്റ് ആരോഗ്യ രേഖകളോടൊപ്പം സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്യുക.” മന്ത്രാലയം പ്രത്യേകം നിര്‍ദ്ദേശിക്കുന്നു. സ്ഥിരം മരുന്നു കഴിക്കുന്ന സന്ദര്‍ശകര്‍ അവരുടെ താമസ കാലയളവിന് ആവശ്യമായ അളവില്‍ മരുന്നുകള്‍ കൊണ്ടുവരണം.

ആവശ്യമുളളവര്‍ക്ക് ഖത്തറിലെ ഏത് ഫാര്‍മസി കൗണ്ടറില്‍ നിന്നും മരുന്ന് വാങ്ങുകയും ആവാം. കണ്ണട ധരിക്കുന്നവര്‍ രണ്ട് ജോഡി ഗ്ലാസുകളെങ്കിലും കൊണ്ടുവരാന്‍ ശ്രമിക്കാവുന്നതാണ്. ഒരു ജോഡി നഷ്ടപ്പെടുകയോ കേടുപാടുകള്‍ സംഭവിക്കുകയോ ചെയ്താല്‍ ഇത് ഉപകാരപ്പെടും. സന്ദര്‍ശകര്‍ക്ക് അടിയന്തിര വൈദ്യസേവനങ്ങള്‍ തികച്ചും സൗജന്യമായിരിക്കും.
ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ (എച്ച്.എം.സി) അടിയന്തര കണ്‍സള്‍ട്ടേഷന്‍ സേവനവും ടെലിഫോണ്‍ കണ്‍സള്‍ട്ടേഷനും മെഡിക്കല്‍ പിന്തുണയും നല്‍കുന്നുണ്ട്.


സമ്മര്‍ദ്ദവും ഉത്കണ്ഠയും മറ്റ് വൈകാരിക ക്ലേശങ്ങളും അനുഭവിക്കുന്ന ആളുകള്‍ക്ക് പിന്തുണ നല്‍കുന്ന ദേശീയ മാനസികാരോഗ്യ ഹെല്‍പ്പ് ലൈനും ലഭ്യമായിരിക്കും. വിളിക്കുന്നവരെക്കുറിച്ച് കൃത്യമായി വിലയിരുത്തി അവര്‍ക്ക് മികച്ച പിന്തുണ നല്‍കാന്‍ കഴിയുന്ന മാനസികാരോഗ്യ പ്രൊഫഷണലുകളുടെ ഒരു ടീമാണ് രഹസ്യ ഹെല്‍പ്പ് ലൈനില്‍ പ്രവര്‍ത്തിക്കുകയെന്നും മന്ത്രാലയം വിശദീകരിച്ചു.

For more information: https://sportandhealth.moph.gov.qa/EN/faninfo/Pages/PreTravelAdvice.aspx

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഫിഫ ലോകകപ്പ് ടിക്കറ്റെടുക്കാത്തവര്‍ നിരാശപ്പെടേണ്ട; അവസാന ഘട്ട ഓണ്‍ലൈന്‍ വില്‍പ്പന ഈ മാസം 27 മുതല്‍

ആഗോള ഇസ്ലാമിക ചിന്തകന്‍ യൂസുഫുല്‍ ഖര്‍ദാവി വിടവാങ്ങി