
ഖത്തറില്‍ നിന്ന് കൊച്ചിയിലേക്കുള്ള ആദ്യ വിമാന യാത്ര മേയ് ഏഴില്‍ നിന്ന് ഒന്‍പതിലേക്ക് മാറ്റി. മെയ് ഒന്‍പതിന് പ്രാദേശിക സമയം വൈകുന്നേരം ഏഴിനായിരിക്കും എയര്‍ ഇന്ത്യയുടെ ആദ്യ വിമാനം ദോഹയില്‍ നിന്ന് കൊച്ചിയിലേക്ക് പുറപ്പെടുന്നത്. 200 യാത്രക്കാരായിരിക്കും വിമാനത്തിലുണ്ടാവുക. സാങ്കേതിക ബുദ്ധിമുട്ടുകളെത്തുടര്‍ന്നാണ് യാത്ര നീട്ടിയതെന്നാണ് ലഭിക്കുന്ന വിവരം. യാത്രക്കാര്‍ക്കുള്ള ടിക്കറ്റ് വിതരണം അബുഹമൂറിലെ ഇന്ത്യന്‍ കള്‍ചറല്‍ സെന്ററില്‍ തുടങ്ങിയിട്ടുണ്ട്. സാമൂഹിക അകലം പാലിച്ചുകൊണ്ടാണ് ടിക്കറ്റ് വിതരണം. യാത്രക്കാരെ പുറപ്പെടുന്നതിനുമുന്‍പ് താപപരിശോധനക്ക് വിധേയരാക്കും. അതേസമയം കോവിഡ് രോഗമുണ്ടോയെന്നറിയുന്നതിനായുള്ള പരിശോധന നടത്തുമോയെന്നതില്‍ ഇതുവരെ വ്യക്തതയുണ്ടായിട്ടില്ല. പ്രവാസികള്‍ പുറപ്പെടുന്നതിനു മുന്‍പ് കോവിഡ് ടെസ്റ്റ് നടത്തുമെന്ന് കേന്ദ്രവിദേശകാര്യ സഹമന്ത്രി വി.മുരളീധരന്‍ കഴിഞ്ഞദിവസം പ്രസ്താവിച്ചിരുന്നു. മെയ് 10ന് വൈകിട്ട് നാലിനാണ് ദോഹയില്‍ നിന്ന് തിരുവനന്തപുരത്തേക്കുള്ള വിമാനം പുറപ്പെടുന്നത്. ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് കൊണ്ടുപോകുന്നവരില്‍ പ്രവാസികളില്‍ ഗര്‍ഭിണികള്‍, അടിയന്തര ചികിത്സ ആവശ്യമുള്ളവര്‍, ദുരിതത്തില്‍ കഴിയുന്ന തൊഴിലാളികള്‍, മുതിര്‍ന്ന പൗരന്മാര്‍, പ്രതിസന്ധിയില്‍ കുടുങ്ങി കിടക്കുന്നവര്‍ എന്നിവര്‍ക്കാണ് ഇന്ത്യന്‍ എംബസി മുന്‍ഗണന നല്‍കിയിരിക്കുന്നത്. ഇന്ത്യയിലേക്ക് മടങ്ങാന്‍ ആഗ്രഹിച്ച് എംബസിയില്‍ രജിസ്റ്റര്‍ ചെയ്തിരിക്കുന്നവര്‍ നല്‍കിയിരിക്കുന്ന വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് എംബസി മുന്‍ഗണനാ ക്രമത്തില്‍ യാത്രക്കാരുടെ പട്ടിക തയ്യാറാക്കിയത്. 40,000ത്തോളം പേരാണ് രജിസ്റ്റര്‍ ചെയ്തത്. ഇവരില്‍ 25000ത്തോളം പേര്‍ മലയാളികളാണ്. മറ്റു സംസ്ഥാനങ്ങളിലേക്കുള്ള പ്രവാസികൊണ്ടുപോകുന്നതിനുള്ള രണ്ടാംഘട്ടം ഉടനെതുടങ്ങുമെന്ന് എംബസി അറിയിച്ചിട്ടുണ്ട്.