
ദോഹ: പ്രവാസികളെ നാട്ടിലേക്കു മടക്കിക്കൊണ്ടുപോകുന്നതിനായി കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച വന്ദേഭാരത് മിഷന്റെ മൂന്നാംഘട്ടത്തില്‍ കേരളത്തിനു പുറമെ കൂടുതല്‍ ഇന്ത്യന്‍ നഗരങ്ങളിലേക്കും സര്‍വീസുകളുണ്ടാകുമെന്ന് ഇന്ത്യന്‍ എംബസി. ഔദ്യോഗിക ട്വിറ്ററിലാണ് എംബസി ഇക്കാര്യം അറിയിച്ചത്. സര്‍വീസിന് സാധ്യതയുള്ള നഗരങ്ങളുടെ പട്ടികയും പുറത്തുവിട്ടിട്ടുണ്ട്. ചെന്നൈ, മുംബൈ, ഡല്‍ഹി, അഹമ്മദാബാദ്, ലഖ്നൗ, അമൃതസര്‍ എന്നിവിടങ്ങളിലേക്കും സര്‍വീസുകള്‍ നടത്തുന്നതിനാണ് ലക്ഷ്യമിടുന്നത്.
ഈദ് അവധിദിവസങ്ങള്ക്കുശേഷം ഖത്തറില്‍ നിന്നുള്ള മൂന്നാംഘട്ട മിഷനില്‍ കേരളേതര ലക്ഷ്യസ്ഥാനങ്ങള്‍ അംഗീകരിച്ചതായും വിവരങ്ങള്‍ക്കായി ഡല്‍ഹിയില്‍ നിന്നും കാത്തിരിക്കുന്നതായും എംബസി ട്വീറ്റ് ചെയ്തു. കേരളത്തിലേക്കുള്ള വിമാനങ്ങളെ മൂന്നാംഘട്ടത്തില്‍ ഒഴിവാക്കിയിട്ടില്ലെന്നും ട്വിറ്ററില്‍ ഇതുമായി ബന്ധപ്പെട്ട ചോദ്യത്തിനു മറുപടിയായി എംബസി അറിയിച്ചു. ആദ്യഘട്ടത്തില്‍ കേരളത്തിലേക്ക് രണ്ടും രണ്ടാം ഘട്ടത്തില്‍ മൂന്നും സര്‍വീസുകളുണ്ടായിരുന്നു. ഇന്‍ഡിഗോയും ദോഹയില്‍ നിന്നും കേരളത്തിലേക്ക് 28 സര്‍വീസുകള്‍ നടത്തുമെന്ന് പ്രഖ്യാപിച്ചിട്ടുണ്ട്.