Friday, January 22ESTD 1934
Shadow

പ്രവാസികളുടെ മടക്കം: 185 യാത്രക്കാരുമായി വിമാനം കണ്ണൂരിലെത്തി

കണ്ണൂരിലേക്കുള്ള എയര്‍ഇന്ത്യ വിമാനത്തില്‍ യാത്രചെയ്യാനെത്തിയവര്‍ ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍

ദോഹ: പ്രവാസികളെ ഇന്ത്യയിലേക്ക് മടക്കിക്കൊണ്ടു പോകുന്ന വന്ദേ ഭാരത് മിഷന്റെ ഭാഗമായി ദോഹയില്‍ നിന്നും കണ്ണൂരിലേക്കുള്ള രണ്ടാമത്തെ എയര്‍ഇന്ത്യ വിമാനം പറന്നു. രണ്ടാം ഘട്ടത്തിലെ അധിക സര്‍വീസുകള്‍ക്കും ഇതോടെ തുടക്കമായി.
വന്ദേഭാരത് മിഷനില്‍ കേരളത്തിലേക്കുള്ള ആറാമത്തെ സര്‍വീസാണിത്. 177പേരും എട്ടു കുഞ്ഞുങ്ങളും ഉള്‍പ്പടെ 185 യാത്രക്കാരാണ് വിമാനത്തിലുള്ളത്. ഗര്‍ഭിണികള്‍, മുതിര്‍ന്ന പൗരന്മാര്‍, അടിയന്തര ചികിത്സ ആവശ്യമുളളവര്‍, ജോലി നഷ്ടപ്പെട്ടവര്‍ എന്നിവരെ ഉള്‍പ്പടെയാണ് മുന്‍ഗണനാപട്ടികയില്‍ നിന്നും യാത്രക്കായി തെരഞ്ഞെടുത്തത്.
ഇന്നലെ ഉച്ചക്ക്് ദോഹയില്‍ നിന്ന് പുറപ്പെട്ട ഐഎക്സ് 1774 എയര്‍ ഇന്ത്യ എക്സ്പ്രസ് ഇന്ത്യന്‍ സമയം രാത്രി പതിനൊന്നരയോടെ കണ്ണൂരിലെത്തി. കൊച്ചിയിലേക്കുള്ള സര്‍വീസ് ഇന്ന് നടക്കും. ഉച്ചയ്ക്ക് 2.35 നാണ് കൊച്ചിയിലേക്കുള്ള ഐഎക്സ് 1476 എയര്‍ ഇന്ത്യ എക്സ്പ്രസ് വിമാനം. ഇന്ത്യന്‍ സമയം രാത്രി 9.30ന് കൊച്ചിയിലെത്തും. ആദ്യഘട്ടത്തില്‍ കൊച്ചി, തിരുവനന്തപുരം വിമാനത്താവങ്ങളിലേക്കായിരുന്നു സര്‍വീസ്. രണ്ടാം ഘട്ടം രണ്ടു ഭാഗങ്ങളായാണ് നടപ്പാക്കുന്നത്. ഇതിന്റെ ഭാഗമായി കൊച്ചി, കോഴിക്കോട്്, കണ്ണൂര്‍ ഉള്‍പ്പെടെ ഇന്ത്യയിലെ ഏഴു നഗരങ്ങളിലേക്ക് സര്‍വീസുകള്‍ നടത്തി. തുടര്‍ന്ന് കേരളത്തിലേക്ക് അഞ്ച് സര്‍വീസുകള്‍ ഉള്‍പ്പെടെ 10 വിമാനങ്ങള്‍ കൂടി അധികമായി അനുവദിക്കുകയായിരുന്നു.
ഇതില്‍ ആദ്യത്തെ സര്‍വീസായിരുന്നു ഇന്നലെ കണ്ണൂരിലേക്ക് നടത്തിയത്. ഇന്ത്യന്‍ എംബസി, പ്രവാസി സംഘടനാ പ്രതിനിധികളെ ഉള്‍പ്പെടുത്തി രൂപീകരിച്ച കമ്മിറ്റികളുടെ നേതൃത്വത്തിലാണ് നാട്ടിലേക്ക് മടങ്ങാനായി എംബസിയില്‍ രജിസ്റ്റര്‍ ചെയ്തവരില്‍ നിന്നും മുന്‍ഗണനാ പട്ടിക തയ്യാറാക്കുന്നത്.
അന്തിമ യാത്രാ പട്ടിക എംബസിയാണ് തീരുമാനിക്കുന്നത്. ഇന്ന് കൊച്ചിക്കു പുറമെ ഡല്‍ഹി, അഹമ്മദാബാദ് എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും. നാളെ ശ്രീനഗറിലേക്കാണ് സര്‍വീസ്. തുടര്‍ന്ന് ജൂണ്‍ രണ്ടിന് കൊച്ചിയിലേക്കു വീണ്ടും സര്‍വീസ്. മൂന്നിന് തിരുവനന്തപുരം, ചെന്നൈ വിമാനത്താവളങ്ങളിലേക്കും നാലിന് കണ്ണൂര്‍, ലക്‌നൗ എന്നിവിടങ്ങളിലേക്കും സര്‍വീസുണ്ടാകും.

error: Content is protected !!