
- പെര്‍മിറ്റ് നീട്ടാന്‍ അപേക്ഷിക്കേണ്ടത് കാലാവധി കഴിഞ്ഞ് ഒരുദിവസത്തിനുശേഷം
ദോഹ: നിലവിലെ കോവിഡിന്റെ സാഹചര്യത്തില്‍ ഖത്തറില്‍ താമസാനുമതിയുള്ളവര്ക്ക് രാജ്യത്തേക്ക് മടങ്ങിയെത്തുന്നതിന് ആവശ്യമായ എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി 30 ദിവസം കൂടി ദീര്‍ഘിപ്പിക്കാനാകും. ഖത്തറിലേക്ക് മടങ്ങിയെത്തുന്നതിനായി എക്സെപ്ഷന് എന്‍ട്രി പെര്‍മിറ്റ് നേടിയെങ്കിലും കാലഹരണപ്പെടുന്നതിന് മുമ്പ് യാത്ര ചെയ്യാന്‍ കഴിയാതെപോയവര്‍ക്ക് 30 ദിവസത്തേക്ക് കൂടി പെര്‍മിറ്റിന്റെ കാലാവധി നീട്ടാനാകും. ഇതിനായി അപേക്ഷ സമര്‍പ്പിക്കണം. എന്നാല്‍ പെര്‍മിറ്റിന്റെ കാലാവധി ദീര്‍ഘിപ്പിക്കുന്നതിനായി അപേക്ഷിക്കുന്നതിനുമുന്‍പ് ചില നിബന്ധനകള്‍ പാലിക്കണമെന്ന് ഖത്തര്‍ ഇ-ഗവണ്മെന്റ് പോര്‍ട്ടല്‍ ഹുക്കൂമി വ്യക്തമാക്കി. ആദ്യം ലഭിച്ച പെര്‍മിറ്റിന്റെ കാലാവധി തീയതി അവസാനിച്ച് കുറഞ്ഞത് ഒരുദിവസം കഴിഞ്ഞശേഷമായിരിക്കണം കാലാവധി ദീര്‍ഘിപ്പിക്കുന്നതിനുള്ള അപേക്ഷ സമര്‍പ്പിക്കേണ്ടത്. പെര്‍മിറ്റ് കൈവശമുള്ള വ്യക്തി ഖത്തറിനകത്തായിരിക്കരുത്. എന്‍ട്രി പെര്‍മിറ്റിന്റെ കാലാവധി കഴിഞ്ഞാല്‍ മാത്രമെ ഹുക്കൂമി വെബ്സൈറ്റില്‍ പുതുക്കാനുള്ള അപേക്ഷ സമര്‍പ്പിക്കാനുള്ള ഓപ്ഷന് കാണുന്നുള്ളൂവെന്ന് ദോഹയിലെ പ്രമുഖ സര്‍വീസ് സെന്ററിന്റെ പ്രതിനിധി മിഡില്‍ഈസ്റ്റ് ചന്ദ്രികയോടു പറഞ്ഞു. ചിലരുടെ റീഎന്‍ട്രി പെര്‍മിറ്റ് ഓട്ടോമാറ്റിക്കായി പുതുക്കപ്പെടുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
കോവിഡ് പ്രതിസന്ധി കാരണം രാജ്യത്തേ മടങ്ങാനാവാതെ വിദേശങ്ങളില്‍ കുടുങ്ങിയ ഖത്തര്‍ നിവാസികളുടെയും കുടുംബങ്ങളുടെയും മടക്കം സുഗമമാക്കുന്നതിനാണ് എന്‍ട്രി പെര്‍മിറ്റ് സംവിധാനം നടപ്പാക്കിവരുന്നത്. ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റ് മുഖേന മടങ്ങിയെത്തുന്നതിനായി എക്സപ്ഷണല്‍ എന്‍ട്രി പെര്‍മിറ്റിനായി അപേക്ഷ സമര്‍പ്പിക്കണം. ജീവനക്കാര്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കുമായി കമ്പനിയോ തൊഴിലുടമയോ ആണ് അപേക്ഷിക്കേണ്ടത്. തുടര്‍ന്ന് പെര്‍മിറ്റ് അനുവദിക്കും. സ്വകാര്യമേഖലയിലെ തൊഴിലാളികള്‍ക്കും ഗാര്‍ഹിക തൊഴിലാളികള്‍ക്കും എന്‍ട്രി പെര്‍മിറ്റ് ലഭിച്ചാല്‍ നിര്‍ദ്ദിഷ്ട സൗകര്യങ്ങളിലെ ക്വാറന്റൈന് ചെലവ് തൊഴിലുടമ വഹിക്കണം. വിവിധ മേഖലകളിലെ തൊഴിലാളികള്‍ തങ്ങളുടെ തൊഴിലുടമകളുമായി ഏകോപിപ്പിച്ചാണ് യാത്രാതീയതിയുടെയും മടക്കത്തിന്റെയും കാര്യത്തില്‍ തീരുമാനമെടുക്കേണ്ടത്. നിലവിലെ നിയന്ത്രണങ്ങള്‍ അവസാനിക്കുന്നതുവരെ, താമസാനുമതിയുള്ളവര്ക്ക് റിട്ടേണ്‍ പെര്‍മിറ്റ് അനുവദിക്കുന്നത് ഖത്തര്‍ പോര്‍ട്ടല്‍ വെബ്സൈറ്റ് മുഖേനയായിരിക്കും. ഖത്തറിലേക്ക് റിട്ടേണ്‍ പെര്‍മിറ്റ് നല്കുന്ന പ്രക്രിയയെക്കുറിച്ചുള്ള കൂടുതല്‍ വിവരങ്ങള്‍ക്ക് പൊതുജനാരോഗ്യ മന്ത്രാലയം വെബ്സൈറ്റിലെ കോവിഡ് പേജ് സന്ദര്‍ശിക്കുകയോ സര്‍ക്കാര്‍ കോണ്ടാക്റ്റ് സെന്ററുമായി 109 എന്ന ഹോട്ട്ലൈന്‍ നമ്പര്‍ മുഖേന ബന്ധപ്പെടുകയോ ചെയ്യാം.