ദോഹ: സഊദി അറേബ്യയിലെ റിയാദ് കിംഗ് ഫഹദ് രാജ്യാന്തര സ്റ്റേഡിയത്തില്‍ 19-ന് വൈകീട്ട് നടക്കുന്ന റിയാദ് സീസണ് കപ്പ് ലോക കാല്പ്പന്താരാധകര്ക്ക് സൗജന്യമായി കാണിക്കാന്‍ ഖത്തര്‍ കേന്ദ്രമായുള്ള മുന്‍നിര ചാനലായ ബീന്‍ സ്പോര്‍ട്സ്. ഏഷ്യ, മധ്യപൂര്‍വ്വേഷ്യ, വടക്കേ ആഫ്രിക്ക, വടക്കേ അമേരിക്ക, ഫ്രാന്‍സ്, തുര്‍ക്കി, ഓസ്ട്രേലിയ എന്നിവിടങ്ങളിലെല്ലാം റിയാദ് സീസണ് കപ്പ് സംപ്രേഷണം ചെയ്യാനുള്ള അവകാശം ബീന്‍ ചാനലിനാണെണ് ബീന്‍ വാര്‍ത്താക്കുറിപ്പില്‍ അറിയിച്ചു.
ഫ്രഞ്ച് ചാമ്പ്യന്മാരായ പി.എസ്.ജി സൗദിയിലെ മുന്‍നിര ക്ലബ്ബുകളായ അല്‍ഹിലാല്‍, അല്‍നാസര്‍ എന്നിവരേയാണ് നേരിടുന്നത്. അടുത്തിടെ അല്‍നാസര്‍ ക്ലബ്ബിന്റെ ഭാഗമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ പിഎസ്ജി ഫോര്‍വേഡ് താരമായ ലയണല്‍ മെസ്സിക്കെതിരെ ഏറ്റുമുട്ടുന്നുവെന്നതാണ് സീസണ് കപ്പിന്റെ ഏറ്റവും വലിയ ആകര്‍ഷണീയതകളിലൊന്ന്.
കഴിഞ്ഞ മാസം ഖത്തറില്‍ നിന്ന് അര്‍ജന്റീനക്കു വേണ്ടി ഫിഫ ലോകകപ്പ് വിജയം സ്വന്തമാക്കിയ ശേഷമുള്ള വരവാണ് മെസ്സിയുടേത്. 2020 ഡിസംബറില്‍ യുവന്റസ് 3-0 ന് ബാഴ്സലോണയെ തോല്‍പ്പിച്ചതിന് ശേഷം റൊണാള്‍ഡോയും മെസ്സിയും നേരില്‍ പോരാടിയിട്ടില്ല. രണ്ട് തവണ കോപ്പ ലിബര്‍ട്ടഡോസ് വിജയം സ്വന്തമാക്കാന്‍ റിവര്‍ പ്ലേറ്റിന് കരുത്തുപകര്‍ന്ന ഇതിഹാസ മാനേജര്‍ എന്ന പദവിയുള്ള മാര്‍സെലോ ഗല്ലാര്‍ഡോയാണ് സൗദി ടീമിനെ നയിക്കുക. പി.എസ്.ജിയുടെ താരനിരയില്‍ ഖത്തര്‍ ഫിഫ ലോകകപ്പിലെ ടോപ് സ്കോററായിരുന്ന ഫ്രാന്‍സ് താരം കിലിയന്‍ എംബാപ്പെയും ബ്രസീലിന്റെ പ്രമുഖ താരം നെയ്മര്‍ ജൂനിയറുമുള്പ്പെടെ അണിനിരക്കും.
മധ്യപൂര്‍വ്വേഷ്യയിലും വടക്കേ ആഫ്രിക്കയിലും മത്സരത്തിന്റെ മുന്നോടിയായുള്ള തത്സമയ സ്റ്റുഡിയോ കവറേജ് ബീന്‍ സ്പോര്‍ട്സ്-2 വില്‍ അറബിയില്‍ സഊദി സമയം വൈകീട്ട് ഏഴിനും ബീന്‍ സ്പോര്‍ട്സ് ഇംഗ്ലീഷ്-1ല്‍ ഇംഗ്ലീഷില്‍ സഊദി സമയം വൈകീട്ട് ഏഴേ മുപ്പതു മുതലും ലഭ്യമാവും. രാത്രി എട്ടു മുതലാണ് മത്സരം തുടക്കമാവുക. ബീന്‍ സ്പോര്‍ട്സ് ഫ്രഞ്ച് 2-വില്‍ ഫ്രഞ്ച് ഭാഷയിലുള്ള കമന്ററി ഉള്‍പ്പെടെ ഇതേസമയം സംപ്രേഷണമുണ്ടാവും.
സൗദി അവതാരകന് താരിഖ് അല്‍ ഹമ്മദ് അറബി ഭാഷയില്‍ സ്റ്റുഡിയോ വിശകലനത്തിന് നേതൃത്വം നല്‍കും. മുന്‍ സൗദി ദേശീയ ടീം ക്യാപ്റ്റന്‍ യാസര്‍ അല്‍ ഖഹ്താനി, മുന്‍ ടുണീഷ്യന്‍ പ്രഫഷനലും ആഫ്രിക്കന്‍ ഫുട്ബോളറുമായ താരെക് ദിയാബ്, മുന്‍ ഈജിപ്ഷ്യന്‍ പ്രൊഫഷണല്‍ താരമായ മുഹമ്മദ് അബൗട്രിക്ക എന്നിവരും പങ്കെടുക്കും. ബീന്‍ അവതാരക നിക്കി ക്രോസ്ബിയാണ് ഇംഗ്ലീഷ് അവതരിപ്പിക്കുക. ദോഹയിലെ പി.എസ്.ജി അക്കാദമിയുടെ സാങ്കേതിക ഉപദേശകനായി സേവനമനുഷ്ഠിക്കുന്ന മുന്‍ ഫ്രഞ്ച് ഫുട്ബോള്‍ താരം പി.എസ്.ജി കളിക്കാരന് കൂടിയായ ദിദിയര്‍ ഡോമിയുടെ വിദഗ്ധ വിശകലനവുമുണ്ടാവും.