in

ഇസ്ഗവയിലും കര്‍ത്തിയാത്തിലും റോഡ്, അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ തുടങ്ങി

ദോഹ: ഇസ്ഗവയിലും കര്‍ത്തിയാത്തിലും പൊതുമരാമത്ത് അതോറിറ്റി അശ്ഗാലിന്റെ നേതൃത്വത്തില്‍ റോഡ്, അടിസ്ഥാന സൗകര്യവികസന പദ്ധതികള്‍ നടപ്പാക്കിത്തുടങ്ങി. 499 മില്യണ്‍ ഖത്തര്‍ റിയാലാണ് പദ്ധതിച്ചെലവായി പ്രതീക്ഷിക്കുന്നത്. സംയോജിത അടിസ്ഥാന സൗകര്യങ്ങളും മെച്ചപ്പെട്ട റോഡ് ശൃംഖലയും മികച്ച സേവനസൗകര്യങ്ങളും ഖത്തറിലുടനീളം പ്രദാനം ചെയ്യുന്നതിനുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പദ്ധതി നടപ്പാക്കുന്നത്. അല്‍ശമാല്‍ റോഡിന്റെ പടിഞ്ഞാറായി ഇസ്ഗവയിലും കര്‍ത്തിയാത്തിലും പാക്കേജ രണ്ട് വികസനപദ്ധതികള്‍ക്കാണ് തുടക്കംകുറിച്ചിരിക്കുന്നത്.
അടിസ്ഥാനസൗകര്യവികസനപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നതിലൂടെ ഈ മേഖലയിലെ 1386 റസിഡന്‍ഷ്യല്‍ പ്ലോട്ടുകള്‍ക്ക് സേവനങ്ങള്‍ ലഭ്യമാകുമെന്ന് അശ്ഗാല്‍ റോഡ് പദ്ധതി വകുപ്പിലെ കര്‍ത്തിയാത്ത്, ഇസ്ഗവ പദ്ധതികള്‍ക്കായുള്ള പ്രൊജക്റ്റ് മാനേജര്‍ എന്‍ജിനിയര്‍ അബ്ദുല്ല അലി അല്‍നഈമി പറഞ്ഞു. ഗതാഗത ഒഴുക്ക് മെച്ചപ്പെടുത്തുന്നതിനും പ്രദേശത്ത് ഭാവിയില്‍ സ്ഥാപിക്കപ്പെടുനവ്‌ന പൊതു സൗകര്യങ്ങളിലേക്ക് പ്രവേശനം സുഗമമാക്കാനും സാധിക്കത്തക്ക വിധത്തില്‍ പ്രാദേശിക തെരുവുകള്‍ നവീകരിക്കും. 45.4 കിലോമീറ്റര്‍ ദൈര്‍ഘ്യത്തിലായിരിക്കും റോഡ് ശൃംഖല വികസിപ്പിക്കുക.
റോഡു സുരക്ഷാ സവിശേഷതകളും തെരുവു വിളക്കുകളും റോഡ് അടയാളങ്ങളും ഇതിന്റെ ഭാഗമായി ക്രമീകരിക്കും. 6900 വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യവും പദ്ധതിയുടെ ഭാഗമായി നിര്‍മിക്കും.
കൂടാതെ 35 കിലോമീറ്റര്‍ ഉപരിതല- ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖലയും, 22 കിലോമീറ്റര്‍ സംസ്‌കരിച്ച മലിനജല(ടിഎസ്ഇ) ശൃംഖലയും 12 കിലോമീറ്റര്‍ കുടിവെള്ള ശൃംഖലയും പദ്ധതി പരിധിയില്‍ ഉള്‍പ്പെടുന്നു. മലിനജല പൈപ്പ്‌ലൈനുകളും വികസിപ്പിക്കും. ഖത്തറിലെ പ്രധാന മലിനജലശൃംഖലയുമായി ബന്ധിപ്പിക്കും. വെള്ളപ്പൊക്കം. അധികമഴ എന്നിവയില്‍നിന്നും മുഴുവന്‍ പ്രദേശത്തിനും ശരിയായ പരിരക്ഷ ഉറപ്പാക്കുന്നതിനാണ് ഈ ക്രമീകരണങ്ങള്‍. പ്രാദേശിക ഉത്പാദകര്‍ വിതരണം ചെയ്യുന്ന തദ്ദേശീയ ഉത്പന്നങ്ങളും ഘടകങ്ങളുമായിരിക്കും പദ്ധതിയില്‍ ഉപയോഗിക്കുക. ഗാബ്രോ, ലൈറ്റിങ് പോളുകള്‍, ലുമിനെയറുകള്‍, ദിശാസൂചകങ്ങള്‍, മലിനജല- ഉപരിതല- മഴവെള്ള- ഡ്രെയിനേജ് പൈപ്പുകള്‍, ടാര്‍, കോണ്‍ക്രീറ്റ്, റിബര്‍, പ്രീഫാബ്രിക്കേറ്റഡ് മാന്‍ഹോളുകള്‍ എന്നിവയെല്ലാം പ്രാദേശികമായി ഉത്പാദിപ്പിക്കപ്പെട്ടവയായിരിക്കും. നിര്‍മാണപ്രവര്‍ത്തികളില്‍ ഉപയോഗിക്കുന്ന 85ശതമാനം ഉത്പന്നങ്ങളും തദ്ദേശീയമായവയായിരിക്കും.
നാല് ഭൂമിശാസ്ത്ര മേഖലകളായി തിരിച്ചാണ് പദ്ധതിയുടെ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുന്നത്. ഓരോ കാലഘട്ടത്തിന്റെയും കാലാവധി ഒരുവര്‍ഷമായിരിക്കും. 2024ന്റെ രണ്ടാംപാദത്തില്‍ പദ്ധതി പൂര്‍ണമായും പൂര്‍ത്തീകരിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉര്‍ബാകോണ്‍, ഇന്‍ഫ്രാറെഡ് സംയുക്ത സംരംഭമാണ് പദ്ധതി നടപ്പാക്കുന്നത്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

സിഎഎ വ്യോമയാന ആരോഗ്യ, സുരക്ഷാ മാര്‍ഗനിര്‍ദ്ദേശങ്ങള്‍ പുറപ്പെടുവിച്ചു

അന്യായ ഉപരോധം അവകാശ ലംഘനങ്ങള്‍ക്ക് കാരണമായതായി ഖത്തര്‍