Tuesday, July 7ESTD 1934

അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിനു സമീപം റോഡ്, അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ തുടങ്ങി

ദോഹ: 2022ലെ ഫിഫ ലോകകപ്പിനു വേദിയാകുന്ന അല്‍ഖോറിലെ അല്‍ബയ്ത്ത് സ്‌റ്റേഡിയത്തിനു സമീപം റോഡ്, അടിസ്ഥാനസൗകര്യവികസന പദ്ധതികള്‍ തുടങ്ങി. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഇഗ്ദ അല്‍ഹീദാന്‍, അല്‍ഖോര്‍ റോഡ്-അടിസ്ഥാന സൗകര്യ വികസന പദ്ധതിയാണ് നടപ്പാക്കുന്നത്. പദ്ധതിയുടെ ഒന്നാം പാക്കേജിന് തുടക്കമായതായി അശ്ഗാല്‍ വ്യക്തമാക്കി. അല്‍ബയ്ത്ത് സ്റ്റേഡിയത്തിന്റെ പടിഞ്ഞാറായാണ് പദ്ധതിയുടെ ഭാഗമായ നിര്‍മാണപ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്. അല്‍ ഖോര്‍ റോഡിന്റെ പടിഞ്ഞാറ് ഭാഗത്തെ അല്‍ഇഗ്ദ, കിഴക്ക് ഭാഗത്തെ അല്‍ ഹീദാന്‍ എന്നിവിടങ്ങളിലെ റോഡ് സൗകര്യങ്ങള്‍ വികസിപ്പിക്കും.
മേഖലയിലെ ജനങ്ങളുടെ ആവശ്യങ്ങളും നഗരവളര്‍ച്ചയും കണക്കിലെടുത്താണ് ആഭ്യന്തര റോഡുകള്‍ വികസിപ്പിക്കുന്നത്. കൂടാതെ മലിനജല ഡ്രെയിനേജ് ശൃംഖല ഉള്‍പ്പെടെയുള്ള അടിസ്ഥാന സൗകര്യ വികസനവും പദ്ധതിയിലുള്‍പ്പെടുത്തിയിട്ടുണ്ട്. പദ്ധതിയിലൂടെ 738 പുതിയ പാര്‍പ്പിട പ്ലോട്ടുകള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ ഒരുക്കും. പ്രദേശങ്ങളിലെ സ്‌കൂളുകള്‍, പള്ളികള്‍, വാണിജ്യ സമുച്ചയങ്ങള്‍ തുടങ്ങി ഭാവിയിലെ പൊതു കേന്ദ്രങ്ങളിലേക്ക് കൂടി വേഗത്തില്‍ പ്രവേശനം ഉറപ്പാക്കുന്നവിധത്തില്‍ പ്രാദേശിക സ്ട്രീറ്റുകളുടെ വികസനമാണ് നടപ്പാക്കുന്നത്. 19 കിലോമീറ്റര്‍ റോഡിന്റെ വികസനമാണ് ഉള്‍പ്പെടുന്നത്. തെരുവ് വിളക്കുകള്‍, റോഡ് അടയാളങ്ങള്‍ സ്ഥാപിക്കല്‍, റോഡ് സുരക്ഷാ ഘടകങ്ങള്‍ ഉറപ്പാക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. കാല്‍നട, സൈക്കിള്‍ യാത്രക്കാര്‍ക്കായി 38 കിലോമീറ്റര്‍ പാതയും സജ്ജമാക്കുന്നുണ്ടെന്ന് അശ്ഗാലിലെ റോഡ് പ്രൊജക്റ്റ്‌സ് വകുപ്പിലെ പ്രൊജക്റ്റ് എന്‍ജിനിയര്‍ ഹമദ് അല്‍ബാദര്‍ പറഞ്ഞു. 23.7 കിലോമീറ്റര്‍ നീളമുള്ള മലിനജല ശൃംഖല, 33 കിലോമീറ്റര്‍ ഉപരിതല, ഭൂഗര്‍ഭജല ഡ്രെയിനേജ് ശൃംഖല, 6.7 കിലോമീറ്റര്‍ സംസ്‌കരിച്ച മലിനജല(ടിഎസ്ഇ) ശൃംഖല, 20.4 കിലോമീറ്റര്‍ കുടിവെള്ള ശൃംഖല എന്നിവയും പദ്ധതി പ്രവര്‍ത്തനങ്ങളില്‍ ഉള്‍പ്പെടുന്നു. ഖത്തറിന്റെ പ്രധാന മലിനജല ശൃംഖലകളുമായി ബന്ധിപ്പിച്ചു കൊണ്ടുള്ള പുതിയ സംവിധാനവും മലിനജല പൈപ്പ്ലൈനുകളും സാധ്യമാക്കുന്നുണ്ട്.
വെള്ളപ്പൊക്കം, മഴവെള്ളക്കെട്ട് എന്നിവയില്‍ നിന്ന് മുഴുവന്‍ പ്രദേശങ്ങളേയും സംരക്ഷിക്കുന്നതിനായി 44,000 എം3 ശേഷിയുള്ള അടിയന്തര ഫ്ളഡ് മേഖലയും നിര്‍മിക്കുന്നുണ്ട്. അശ്ഗാല്‍ പ്രാദേശിക നിര്‍മ്മാതാക്കള്‍ക്ക് നല്‍കുന്ന പിന്തുണയ്ക്കും 2017ല്‍ അതോറിറ്റി ആരംഭിച്ച തഹീല്‍ സംരംഭത്തിനും അനുസൃതമായിട്ടായിരിക്കും പദ്ധതി നടപ്പാക്കുന്നത്.
ഇതിന്റെ ഭാഗമായി പ്രാദേശിക സാമഗ്രികളും നിര്‍മ്മാതാക്കളെയുമാണ് പദ്ധതിയുടെ ഭൂരിഭാഗം ജോലികള്‍ക്കും ആശ്രയിക്കുകയെന്നും അല്‍ബാദര്‍ പറഞ്ഞു. പദ്ധതിയില്‍ 85 ശതമാനവും ഖത്തരി ഉത്പന്നങ്ങളായിരിക്കും ഉപയോഗിക്കുക. 30.3 കോടി റിയാല്‍ ആണ് പദ്ധതിയുടെ ഏകദേശ ചെലവ്. മൂന്നു മേഖലകളായി തിരിച്ചാണ് നിര്‍മാണം. 2023 രണ്ടാം പാദത്തില്‍ പദ്ധതി പൂര്‍ത്തിയാകും.

error: Content is protected !!