
ദോഹ: ഹസം അല്‍മര്‍ഖിയ, ലജ്‌ബൈലത് മേഖലകളില്‍ നവീകരണ പ്രവര്‍ത്തനങ്ങള്‍ നിശ്ചയിച്ച ഷെഡ്യൂളിനു മുന്‍പുതന്നെ പൂര്‍ത്തിയാക്കാനായതായി പൊതുമരാമത്ത് അതോറിറ്റി അശ്ഗാല്‍. രാജ്യത്തെ റോഡ് പരിപാലനത്തിനായുള്ള ചട്ടക്കൂട് കരാറുകളുടെ ഭാഗമായാണ് ഈ പദ്ധതികള്‍ നടപ്പാക്കുന്നത്.
പദ്ധതി നിര്‍വഹണം പ്രാദേശിക കരാറുകാര്‍ക്കാണ് നല്‍കിയിരുന്നത്. പന്ത്രണ്ട് മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കണമെന്നായിരുന്നു വ്യവസ്ഥ. എന്നാല്‍ ഏഴു മാസത്തിനുള്ളില്‍ പദ്ധതി പൂര്‍ത്തീകരിക്കാനായി. ഇതിനായി ഒന്നിലധികം ടീമുകളാണ് പ്രവര്‍ത്തിച്ചത്.
നിശ്ചയിച്ച ഷെഡ്യൂളിനും അഞ്ചു മാസം മുന്‍പ് പദ്ധതി പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിക്കാനായത് മികച്ച നേട്ടമാണെന്ന് അശ്ഗാല്‍ വ്യക്തമാക്കി. 21 കിലോമീറ്റര്‍ ആഭ്യന്തര റോഡുകളുടെ വികസന, നവീകരണ പ്രവര്‍ത്തനങ്ങളാണ് പദ്ധതിയിലുള്‍പ്പെടുത്തിയിരുന്നത്. ഖത്തറില്‍ തദ്ദേശീയമായി ഉത്പാദിപ്പിച്ച ഉത്പന്നങ്ങളാണ് നിര്‍മാണത്തിനായി ഉപയോഗിച്ചവയിലധികവും.
എല്‍ഇഡി ലൈറ്റുകള്‍ ഉപയോഗിച്ച് 18 പുതിയ ലൈറ്റിങ് പോളുകള്‍ സ്ഥാപിച്ചു. ദൃശ്യപരത മെച്ചപ്പെടുത്തുകയും ഊര്‍ജം ലാഭിക്കുകയും ചെയ്യുകയെന്ന ലക്ഷ്യത്തോടെ 18 പഴയ ലൈറ്റിങ് ലാമ്പുകള്‍ക്കു പകരം പുതിയ എല്‍ഇഡികള്‍ മാറ്റിസ്ഥാപിച്ചതായും അശ്ഗാലിലെ റോഡ്‌സ് ഓപ്പറേഷന്‍ ആന്റ് മെയിന്റനന്‍സ് വകുപ്പിലെ സിവില്‍ എന്‍ജിനിയര്‍ മുഹമ്മദ് അല്‍ഖഷാബി പറഞ്ഞു. 7,000 ചതുരശ്ര മീറ്ററില്‍ നടപ്പാതകള്‍ സ്ഥാപിക്കുകയും നവീകരിക്കുകയും ചെയ്തു.
റോഡ് ഉപയോഗിക്കുന്നവര്‍ക്കും ഈ പ്രദേശങ്ങളിലെ താമസക്കാര്‍ക്കും സുരക്ഷിതവും മികച്ചതുമായ അനുഭവം പ്രദാനം ചെയ്യുകയെന്ന ലക്ഷ്യത്തോടെയാണ് റോഡ് നവീകരണം. ലൈറ്റിങ്, സ്പീഡ് ഹമ്പുകള്‍, നടപ്പാതയുടെ അവസ്ഥ, ട്രാഫിക്, ദിശാസൂചന ചിഹ്നങ്ങള്‍ എന്നിവ ഉള്‍പ്പെടുന്ന ആഭ്യന്തര റോഡുകളും അവയുടെ ചുറ്റുമുള്ള സുരക്ഷാ ഘടകങ്ങളും പരിശോധിച്ചതിന് ശേഷമാണ് അറ്റകുറ്റപ്പണികളും മെച്ചപ്പെടുത്തല്‍ ജോലികളും നടപ്പാക്കിയത്.
റോഡുകളില്‍ ചില ഭാഗങ്ങളിലെ അസ്ഫാല്‍റ്റ് പാളി മാറ്റിസ്ഥാപിക്കല്‍, പ്രധാന, പ്രാദേശിക റോഡുകളില്‍ അസ്ഫാല്‍റ്റ് തകരാറുകള്‍ പരിഹരിക്കല്‍, ലൈറ്റിങ്് പോളുകള്‍ വികസിപ്പിക്കല്‍, വിളക്കുകള്‍ മാറ്റി സ്ഥാപിക്കല്‍, ട്രാഫിക് ലൈറ്റുകള്‍ വികസിപ്പിക്കല്‍ എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമായി നടപ്പാക്കി.
കോവിഡിന്റെ സാഹചര്യത്തില്‍ ആവശ്യമായ എല്ലാ മുന്‍കരുതലുകളും പ്രതിരോധ നടപടികളും പാലിച്ചായിരുന്നു നിര്‍മാണപ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയാക്കിയത്.