
ദോഹ: അല്‍നാസര്‍ മേഖലയില്‍ പ്രധാന റോഡുകളുടെ നവീകരണപദ്ധതിയുടെ ഭാഗമായി 0.6 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അല്‍നാസര്‍ സ്ട്രീറ്റും 1.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ അല്‍മിര്‍ഖബ് അല്‍ജദീദ് സ്ട്രീറ്റും നാലു സിഗ്നല്‍ കേന്ദ്രീകൃത ഇന്റര്‍സെക്ഷനുകളും ഗതാഗതത്തിനായി തുറന്നു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. ഫരീജ് അല്‍നാസര്‍ ഏരിയയുടെ ഹൃദയഭാഗത്താണ് അല്‍മിര്‍ഖബ് അല്‍ജദീദ് സ്ട്രീറ്റ് സ്ഥിതി ചെയ്യുന്നത്. ദോഹയിലെ ഏറ്റവും സുപ്രധാനമായ രണ്ടു റോഡുകളായ സുഹൈം ബിന്‍ ഹമദ് സ്ട്രീറ്റ് (സി-റിങ് റോഡ്), ദോഹ എക്‌സ്പ്രസ്സ് വേ എന്നിവയെ ബന്ധിപ്പിക്കുന്ന റോഡ് കൂടിയാണിതെന്ന് അശ്ഗാലിലെ റോഡ്‌സ് പ്രൊജക്റ്റ്‌സ് വകുപ്പ് പ്രൊജക്റ്റ് എന്‍ജിനിയര്‍ റാഷിദ് അല്‍സെയാറ ചൂണ്ടിക്കാട്ടി.
മേഖലയിലെ വര്‍ധിച്ചുവരുന്ന ഗതാഗത ഒഴുക്ക് ഉള്‍ക്കൊള്ളുന്നതില്‍ അല്‍മിര്‍ഖബ് അല്‍ജദീദ് സ്ട്രീറ്റും തുല്യ പ്രാധാന്യമുള്ള അല്‍ നാസര്‍ സ്ട്രീറ്റും സുപ്രധാന പങ്ക് വഹിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. രണ്ട് സ്ട്രീറ്റുകളും ജനസാന്ദ്രതയുള്ള റസിഡന്‍ഷ്യല്‍ മേഖലകള്‍ക്കുള്ളിലായതിനാല്‍ നിരവധി വാണിജ്യ കേന്ദ്രങ്ങള്‍, ഷോപ്പുകള്‍, ആരോഗ്യ, വിദ്യാഭ്യാസ സൗകര്യങ്ങള്‍, പൊതു സൗകര്യങ്ങള്‍ എന്നിവക്കെല്ലാം പ്രയോജനപ്രദമാണ് ഈ രണ്ടുറോഡുകളും.
ഈ രണ്ടു സ്ട്രീറ്റുകളും ഇന്റര്‍സെക്ഷനുകളും തുറക്കുന്നതിന് അശ്ഗാല്‍ സവിശേഷ ശ്രദ്ധ നല്‍കിയിരുന്നു. മേഖലയിലെ ഗതാഗതപ്രവാഹം ഗണ്യമായി വര്‍ധിപ്പിക്കുന്നതിനും റോഡ് ശൃംഖലയുടെ സുരക്ഷാനിലവാരം മെച്ചപ്പെടുത്താനും സാധിക്കും.
അല്‍മിര്‍ഖബ്, ഫരീജ് അല്‍നാസര്‍ ഏരിയ, ഫരീജ് ബിന്‍ മഹ്മൂദ് ഏരിയ, അല്‍സദ്ദ് ഏരിയ എന്നിവയുള്‍പ്പടെ ഗതാഗതത്തിരക്കേറിയ നിരവധി റസിഡന്‍ഷ്യല്‍ മേഖലകളിലേക്ക് പ്രവേശനം സുഗമമാക്കാനും സാധിക്കും.
അല്‍മിര്‍ഖബ് അല്‍ജദീദ് സ്ട്രീറ്റിനെ മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍, മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റിനെ അല്‍കീരാന സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍, ഉസ്മാന്‍ ബിന്‍ തല്‍ഹ സ്ട്രീറ്റിനെ മുഹമ്മദ് ബിന്‍ ഖാസിം സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍, അല്‍മിര്‍ഖബ് അല്‍ജദീദ് സ്ട്രീറ്റിനെ സുഹൈം ബിന്‍ ഹമദ് സ്ട്രീറ്റുമായി ബന്ധിപ്പിക്കുന്ന ഇന്റര്‍സെക്ഷന്‍ എന്നിവയും ഗതാഗത്തതിനായി തുറന്നു. പദ്ധതിയുടെ ഭാഗമായി അടിസ്ഥാനസൗകര്യവികസന പ്രവര്‍ത്തനങ്ങളും നവീകരിച്ചിട്ടുണ്ട്.8.3 കിലോമീറ്റര്‍ മഴ വെള്ള ഡ്രെയിനേജ് നെറ്റ്‌വര്‍ക്ക് വികസനം, 6.5 കിലോമീറ്റര്‍ മലിനജല ശൃംഖല വികസിപ്പിക്കല്‍, 5.8 കിലോമീറ്റര്‍ ദൈര്‍ഘ്യത്തില്‍ ടിഎസ്ഇ നെറ്റ്‌വര്‍ക്ക് വികസനം എന്നിവയെല്ലാം പദ്ധതിയുടെ ഭാഗമാണ്. 1500 പാര്‍ക്കിങ് ബേകളും കാല്‍നടപ്പാതകളും ക്രോസ്സിങുകളും നവീകരിച്ചിട്ടുണ്ട്.