
ദോഹ: പൊതു സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും റൊട്ടേഷന്‍ ഹാജര്‍ പ്രാബല്യത്തിലായി. വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമായി രേഖപ്പെടുത്തിത്തുടങ്ങി. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ വിദ്യാര്‍ഥികള്‍ അധികൃതര്‍ നിശ്ചയിച്ച ഊഴമനുസരിച്ച് സ്‌കൂളുകളിലെത്തിത്തുടങ്ങി.
ആഴ്ചതോറും റൊട്ടേറ്റിങ് ഹാജര്‍ ഷെഡ്യൂള്‍ പ്രകാരം എല്ലാ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും ശരാശരി ഹാജര്‍ നിരക്ക് സ്‌കൂളിന്റെ ശേഷിയുടെ 42 ശതമാനം വരെ ഉയര്‍ത്തിയിട്ടുണ്ട്. സ്‌കൂളുകളിലെത്തുന്ന ദിവസങ്ങള്‍ ഒഴികെ ഓണ്‍ലൈന്‍ പഠനം തുടരും. ക്ലാസ് റൂം, ഓണ്‍ലൈന്‍ പഠനരീതികള്‍ ഉള്‍പ്പെടുത്തിയ മിശ്ര പഠനരീതി അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം എന്നിവയിലേതെങ്കിലുമൊന്ന് തരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന നിലവിലെ തീരുമാനം റദ്ദാക്കിയിട്ടുണ്ട്. രാജ്യത്തെ സ്‌കൂളുകളില്‍ ഇനിമുതല്‍ ക്ലാസ് റൂം, ഓണ്‍ലൈന്‍ മിശ്ര പഠന രീതി മാത്രമായിരിക്കും ഉണ്ടായിരിക്കുക. വിദ്യാര്‍ഥികള്‍ ഓരോ ആഴ്ച ഇടവിട്ട് സ്‌കൂളുകളില്‍ ഹാജരാകുന്ന രീതിയാണ് റൊട്ടേഷന്‍ സംവിധാനം.
ഒരാഴ്ച സ്‌കൂളിലെത്തുന്ന വിദ്യാര്‍ഥികള്‍ക്ക് അടുത്തയാഴ്ച ഓണ്‍ലൈനായി പഠനം തുടരാം. സ്‌കൂളുകളില്‍ ഹാജരാകേണ്ട ദിവസങ്ങള്‍, വിദൂര പഠനത്തിന്റെ ദിവസങ്ങള്‍ എന്നിവ നിശ്ചയിച്ചുകൊണ്ടുള്ള ഷെഡ്യൂള്‍ സ്‌കൂളുകള്‍ വിദ്യാര്‍ഥികള്‍ക്ക് നല്‍കിയിട്ടുണ്ട്. അതനുസരിച്ച് ആദ്യ ആഴ്ച എത്തേണ്ട കുട്ടികളാണ് ഇന്നലെ മുതല്‍ സ്‌കൂളുകളിലെത്തി പഠനം തുടങ്ങിയത്. റൊട്ടേഷന്‍ ഹാജര്‍ സംവിധാനം ആരംഭിച്ചതിനെത്തുടര്‍ന്ന് സ്‌കൂളുകളില്‍ മുന്‍കരുതല്‍ നടപടികള്‍ നടപ്പാക്കിയിട്ടുണ്ട്.
വിദ്യാര്‍ഥികളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് മന്ത്രാലയം സ്‌കൂളുകളോടു ആവശ്യപ്പെട്ടിട്ടുണ്ട്. ഇതിനായി മാര്‍ഗനിര്‍ദേശങ്ങളും പുറപ്പെടുവിച്ചു. എല്ലാ സ്‌കൂളുകളും ഒരു ക്ലാസില്‍ പരമാവധി പതിനഞ്ച് വിദ്യാര്‍ഥികള്‍ മാത്രമായിരിക്കണം. ക്ലാസ്റൂമില്‍ ഓരോ വിദ്യാര്‍ഥിക്കുമിടയില്‍ ഒന്നര മീറ്ററിന്റെ സുരക്ഷിത അകലം ഉറപ്പാക്കണം. ഫെയ്‌സ് മാസക്ക് ധരിച്ചിരിക്കണം. സാമൂഹിക അകലം കണക്കിലെടുത്ത് തിരക്കൊഴിവാക്കാനായി സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനവും പുറത്തുപോകലും നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സ്‌കൂളുകള്‍ക്കാണ്.
മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യ സെമസ്റ്ററില്‍ സ്‌കൂളില്‍ നേരിട്ടു ഹാജരാകേണ്ടതില്ല. സ്‌കൂളുകളിലെ ജീവനക്കാരും അധ്യാപകരും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘകര്‍ക്കെതിരെ നിയമനടപടികളെടുക്കും.