in

നവംബര്‍ ഒന്നു മുതല്‍ സ്‌കൂളുകളില്‍ റൊട്ടേഷന്‍ ഹാജര്‍ നിര്‍ബന്ധം

ദോഹ: പൊതു സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും വിദ്യാര്‍ഥികളുടെ ഹാജര്‍ നിര്‍ബന്ധമാക്കുന്നു. സര്‍ക്കാര്‍ സ്വകാര്യ സ്‌കൂളുകളില്‍ നവംബര്‍ ഒന്നു മുതല്‍ തീരുമാനം പ്രാബല്യത്തിലാകും. വിദ്യാര്‍ഥികള്‍ സ്‌കൂള്‍ അധികൃതര്‍ നിശ്ചയിച്ചിരിക്കുന്ന ഊഴമനുസരിച്ച് സ്‌കൂളുകളിലെത്തണം. ആഴ്ചതോറും റൊട്ടേറ്റിങ് ഹാജര്‍ ഷെഡ്യൂള്‍ പ്രകാരം എല്ലാ സ്‌കൂളുകളിലെയും കിന്റര്‍ഗാര്‍ട്ടനുകളിലെയും ശരാശരി ഹാജര്‍ നിരക്ക് സ്‌കൂളിന്റെ ശേഷിയുടെ 42 ശതമാനം വരെ ഉയര്‍ത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് വിദ്യാഭ്യാസമന്ത്രാലയം അറിയിച്ചു. സ്‌കൂളുകളിലെത്തുന്ന ദിവസങ്ങള്‍ ഒഴികെ ഓണ്‍ലൈന്‍ പഠനം തുടരാം. ക്ലാസ് റൂം, ഓണ്‍ലൈന്‍ പഠനരീതികള്‍ ഉള്‍പ്പെടുത്തിയ മിശ്ര പഠനരീതി അല്ലെങ്കില്‍ ഓണ്‍ലൈന്‍ പഠനം എന്നിവയിലേതെങ്കിലുമൊന്ന് തരഞ്ഞെടുക്കാന്‍ അനുവദിക്കുന്ന നിലവിലെ തീരുമാനം റദ്ദാക്കാനും വിദ്യാഭ്യാസ മന്ത്രാലയം തീരുമാനിച്ചു. സ്വകാര്യസ്‌കൂളുകളില്‍ പുതിയ തീരുമാനം അവരുടെ അക്കാദമിക് കലണ്ടര്‍ അനുസരിച്ച് ആദ്യ സെമസ്റ്ററിലെ മിഡ് ടേം പരീക്ഷകള്‍ക്കുശേഷം ബാധകമാക്കും. പരീക്ഷാ കാലാവധി ഒക്ടോബര്‍ 25 ന് തുടങ്ങി നവംബര്‍ ഒന്നിനകം പൂര്‍്ത്തിയാക്കണം. ഒന്നാം തീയതി മുതല്‍ രാജ്യത്തെ സ്‌കൂളുകളില്‍ ക്ലാസ് റൂം, ഓണ്‍ലൈന്‍ മിശ്ര പഠന രീതി മാത്രമായിരിക്കും ഉണ്ടായിരിക്കുക. കോവിഡുമായി ബന്ധപ്പെട്ട പൊതുജനാരോഗ്യ സൂചകങ്ങള്‍ കണക്കിലെടുത്തും നിലവിലെ വിദ്യാഭ്യാസ സാഹചര്യങ്ങള്‍ വിലയിരുത്തിയുമാണ് വിദ്യാഭ്യാസ മന്ത്രാലയം ഈ തീരുമാനമെടുത്തത്.

ഒരു ക്ലാസില്‍ പരമാവധി 15 വിദ്യാര്‍ഥികള്‍

എല്ലാ സ്‌കൂളുകളും ഒരു ക്ലാസില്‍ പരമാവധി പതിനഞ്ച് വിദ്യാര്‍ഥികള്‍ എന്ന നിലയില്‍ വിദ്യാര്‍ഥികളുടെ എണ്ണത്തെ ഒരേ തലത്തില്‍ വിഭജിക്കണം. ക്ലാസ്റൂമില്‍ ഓരോ വിദ്യാര്‍ഥിക്കുമിടയില്‍ ഒന്നര മീറ്ററിന്റെ സുരക്ഷിത അകലം ഉറപ്പാക്കണം. സാമൂഹിക അകലം കണക്കിലെടുത്ത് തിരക്കൊഴിവാക്കാനായി സ്‌കൂള്‍ കെട്ടിടത്തിലേക്കുള്ള വിദ്യാര്‍ഥികളുടെ പ്രവേശനവും പുറത്തുപോകലും നിയന്ത്രിക്കേണ്ട ഉത്തരവാദിത്വം സ്‌കൂളുകള്‍ക്കാണ്. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് ഹാജരാക്കിയാല്‍ വിട്ടുമാറാത്ത രോഗങ്ങളുള്ള വിദ്യാര്‍ഥികള്‍ക്ക് ആദ്യ സെമസ്റ്ററില്‍ സ്‌കൂളില്‍ നേരിട്ടു ഹാജരാകേണ്ടതില്ല. സ്‌കൂളുകളിലെ ജീവനക്കാരും അധ്യാപകരും മുന്‍കരുതല്‍ നടപടികള്‍ കര്‍ശനമായി പാലിക്കണം. നിയമലംഘകര്‍ക്കെതിരെ നിയമനടപടികളെടുക്കും. സ്‌കൂള്‍ പഠന മണിക്കൂറുകള്‍ നിറവേറ്റുന്നതിനായി സ്വകാര്യസ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും ദിവസേന രണ്ടു ഷിഫ്റ്റ് സംവിധാനം നടപ്പാക്കാവുന്നതാണ്. എന്നാല്‍ ഇതിന് മുന്‍കൂര്‍ അനുമതി നിര്‍ബന്ധമാണ്.

ഷിഫ്റ്റിന്റെ ഇടവേളയില്‍ അണുവിമുക്തമാക്കല്‍

ഓരോ ഷിഫ്റ്റിന്റെയും ഇടവേളയില്‍ അണുവിമുക്തമാക്കല്‍, ശുചീകരണ പ്രവര്‍ത്തനങ്ങള്‍ നടത്തണം. ക്ലാസ് റൂമിലും സ്‌കൂളിലാകെയും ഏതു സമയത്തും വിദ്യാര്‍ഥികളുടെ എണ്ണം ശേഷിയുടെ 42 ശതമാനത്തില്‍ കവിയരുത്. സ്പെഷ്യലൈസ്ഡ് സ്‌കൂളുകള്‍, സാങ്കേതിക സ്‌കൂളുകള്‍, പ്രത്യേക ആവശ്യം അര്‍ഹിക്കുന്നവര്‍ക്കായുള്ള സ്‌കൂളുകള്‍ എന്നിവിടങ്ങളിലും നിബന്ധനകള്‍ ബാധകമാണ്. ചെറിയ എണ്ണം വിദ്യാര്‍ഥികള്‍ മാത്രമുള്ള സ്‌കൂളുകളുടെ കാര്യത്തില്‍ ആഴ്ചയില്‍ അഞ്ചുദിവസവും 100 ശതമാനമായിരിക്കണം ഹാജര്‍. എന്നാല്‍ ഒരു ക്ലാസിലെ വിദ്യാര്‍ഥികളുടെ എണ്ണം 15ലധികമാകരുത്

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഇന്നത്തെ (2020 ഒക്ടോബര്‍ 21) ഖത്തര്‍ വാര്‍ത്തകള്‍ കേള്‍ക്കൂ; ചന്ദ്രിക പോഡ്കാസ്റ്റിലൂടെ…

വേനലില്‍ തൊഴിലാളികളുടെ മധ്യാഹ്ന വിശ്രമ സമയവും കാലാവധിയും ദീര്‍ഘിപ്പിക്കുന്നു