
ദോഹ: ഖത്തറിന്റെ സമ്പദ്ഘടന ശക്തിപ്പെടുത്തുന്നതില്‍ റുവൈസ് തുറമുഖത്തിന് സുപ്രധാന പങ്ക്. റുവൈസില്‍ കൈകാര്യം ചെയ്യുന്ന ജനറല്‍ കാര്‍ഗോയുടെ അളവിലുള്‍പ്പടെ കാര്യമായ വര്‍ധനവുണ്ടാകുന്നതായി റിപ്പോര്‍ട്ട്. ഖത്തറിലെ രണ്ടാമത്തെ വാണിജ്യ തുറമുഖമാണ് റുവൈസ്. കഴിഞ്ഞവര്‍ഷം തുറമുഖം മുഖേന കൈകാര്യം ചെയ്ത കന്നുകാലികളുടെയു റീഫര്‍ കണ്ടെയ്‌നറുകളുടെയും അളവില്‍ 30 ശതമാനം വര്‍ധനവുണ്ടായിട്ടുണ്ട്. തൊട്ടുമുന്‍വര്‍ഷത്തെ അപേക്ഷിച്ച് 2019ല്‍ കയറ്റുമതിയില്‍ 28 ശതമാനം വര്‍ധനവാണ് റുവൈസ് തുറമുഖത്തില്‍ രേഖപ്പെടുത്തിയത്. കേവലമൊരു ആഭ്യന്തര തുറമുഖമെന്നതിലുപരിയായി ആഗോള തുറമുഖമായി മാറിയിട്ടുണ്ട്.
പ്രാദേശിക വ്യാപാരത്തെ ഉത്തേജിപ്പിക്കുന്നതിനുള്ള അനുയോജ്യമായ കവാടമെന്ന നിലയില്‍ തുറമുഖം സ്ഥാനം ഉറപ്പിച്ചു. രാജ്യത്തിന്റെ ആഭ്യന്തരവിപണിയുടെ ആവശ്യകത നിറവേറ്റുന്നതില്‍ തുറമുഖം സുപ്രധാനമായ ഇടപെടല്‍ നടത്തുന്നുണ്ട്. ഭക്ഷ്യോത്പന്നങ്ങള്‍, മാംസം, ഫ്രഷ്- ചില്ല്ഡ് ഉത്പന്നങ്ങള്‍ എന്നിവയാണ് തുറമുഖം മുഖേന കൂടുതലായി ഇറക്കുമതി ചെയ്യുന്നത്. തുറമുഖലത്തിലൂടെ കന്നുകാലി, റീഫര്‍ കണ്ടെയ്‌നര്‍ കൈകാര്യം ചെയ്യുന്നതില്‍ വര്‍ധനവുണ്ട്.
ഖത്തര്‍ തുറമുഖ പരിപാലന കമ്പനി മവാനി ഖത്തറിന്റെ വാര്‍ഷിക റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങളുള്ളത്. പ്രതിമാസം ഏകദേശം 240 വെസ്സലുകളാണ് തുറമുഖത്തിലെത്തുന്നത്. ശരാശരി ബെര്‍ത്ത് ഉപയോഗം 73ശതമാനത്തിലധികമാണ്. ഖത്തറിലെ ഏറ്റവും തിരക്കേറിയ തുറമുഖങ്ങളിലൊന്നായി റുവൈസ് തുടരുകയാണെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലേക്ക് അവശ്യസാധനങ്ങള്‍ പ്രത്യേകിച്ചും ഭക്ഷ്യസാധനങ്ങള്‍ സുഗമമായി എത്തിക്കാന്‍ റുവൈസ് തുറമുഖത്തിന്റെ സൗകര്യങ്ങള്‍ വര്‍ധിപ്പിക്കുന്നതിലൂടെ സാധിക്കും. പ്രത്യേകിച്ചും രാജ്യത്തിന്റെ വടക്കന്‍ മേഖലകളില്‍ ഭക്ഷ്യവസ്തുക്കള്‍ സുഗമമായി ലഭിക്കാനുള്ള സാഹചര്യംകൂടിയാണ് ഇതിലൂടെ സാധ്യമാകുന്നത്.
ഖത്തറിന്റെ വര്‍ധിച്ചുവരുന്ന ഭക്ഷ്യ ആവശ്യങ്ങള്‍ നിറവേറ്റാനുള്ള സുപ്രധാന കേന്ദ്രമാണ് റുവൈസ് തുറമുഖം. പ്രാദേശിക വാണിജ്യ കയറ്റുമതി പ്രോത്സാഹിപ്പിക്കുന്നതിനും ഖത്തറിന്റെ വടക്കന്‍ ഭാഗത്തിന്റെ സമ്പദ്വ്യവസ്ഥയെ പുനരുജ്ജീവിപ്പിക്കുന്നതിനും ശക്തിപ്പെടുത്തുന്നതിനും റുവൈസ് തുറമുഖം പ്രധാന പങ്ക് വഹിക്കുന്നുണ്ട്.ലോകത്തിന് നേരെയുള്ള ഖത്തറിന്റെ കവാടമായിട്ടാണ് റുവൈസ് തുറമുഖത്തെ വിഭാവനം ചെയ്തിരിക്കുന്നത്. മൂന്ന് ഘട്ടമായാണ് പോര്‍ട്ടിന്റെ വികസനം.
2014ലെ 76-ാം അമീരി പ്രമേയമനുസരിച്ചാണ് റുവൈസ് തുറമുഖത്തിന്റെ നിര്‍മാണം. ദോഹ തുറമുഖത്തിന്റെ ശാഖയായിട്ടാണ് ഇത് പ്രവര്‍ത്തിക്കുക. മൂന്നാം ഘട്ട വികസനത്തില്‍ ഹാര്‍ബര്‍ ബേസിനുകളും ചാനലുകളും ആഴം വര്‍ധിപ്പിക്കലുമാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്. വാണിജ്യ കപ്പലുകളെയും കണ്ടെയ്‌നര്‍ കപ്പലുകളെയും ഒരേസമയം സ്വീകരിക്കാനാകും.