
ദോഹ: ഖത്തറില്‍ ഇതാദ്യമായി കുങ്കുമപ്പൂ വിളവെടുത്തു. ഖത്തറിന്റെ വടക്കന്‍ മേഖലയിലെ ഉംലുശൂഷില് സ്ഥിതി ചെയ്യുന്ന സാഫ്രോണ്‍ ഖത്തര്‍ ഫാമിലാണ് കുങ്കുമപ്പൂ വിളവെടുത്തത്. വിളവെടുപ്പ് സീസണിനു തുടക്കംകുറിക്കുന്ന ചടങ്ങില്‍ മുനിസിപ്പാലിറ്റി പരിസ്ഥിതി മന്ത്രാലയത്തിന്റെയും ഖത്തര്‍ ചേംബറിന്റെയും ഹസാദ് ഫുഡിന്റെയും ഉദ്യോഗസ്ഥര്‍ പങ്കെടുത്തു. കുങ്കുമപ്പൂവിന്റെ കാര്യത്തില്‍ പ്രാദേശിക വിപണി വിഹിതത്തിന്റെ 25 ശതമാനമാണ് വിളവെടുപ്പിലൂടെ ലക്ഷ്യമിടുന്നത്.

ഖത്തറില്‍ കുങ്കുമം ഉത്പാദിപ്പിക്കുന്ന ആദ്യത്തെ ഫാം ഉദ്ഘാടനം ചെയ്യാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഫാം ഉടമ ജാബര്‍ അല്‍മന്‍സൂരി പറഞ്ഞു. സാധാരണയായി ഇറാന്, മൊറോക്കോ, അഫ്ഗാനിസ്താന്, സ്പെയിന് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലാണ് കുങ്കുമപ്പൂ സസ്യങ്ങള്‍ കണ്ടുവരാറുള്ളത്. കുങ്കുമം കൃഷി ചെയ്യുന്നതിന് ഏറ്റവും പുതിയ സാങ്കേതികവിദ്യകളാണ് ഫാമില്‍ ഉപയോഗിക്കുന്നത്. ഹൈഡ്രോപോണിക്സ്, മണ്ണുരഹിത സാങ്കേതിക വിദ്യയിലൂടെയും പ്രത്യേക കണ്ടെയ്നറുകളില്‍ മണ്ണുനിറച്ചും കൃഷി നടത്തുന്നുണ്ട്.

പ്രാദേശികവിപണിയില്‍ കുങ്കുമപ്പൂ ഉത്പാദനം വര്‍ധിപ്പിക്കാനാണ് ഫാം ലക്ഷ്യമിടുന്നത്. ഇതിന്റെ ഭാഗമായി പദ്ധതി വിപുലീകരിക്കുന്നുണ്ട്. പ്രാദേശികവിപണിയില്‍ ഖത്തരി ഉത്പന്നമെന്ന നിലയിലാണ് കുങ്കുമം അവതരിപ്പിക്കുന്നത്. തദ്ദേശവിപണിയുടെ 25 ശതമാനം ആവശ്യം നിറവേറ്റാനാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് അല്‍മന്‍സൂരി പറഞ്ഞു.