മഅ്മൂറയിലെ മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയിലാണ് ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്
അശ്‌റഫ് തൂണേരി/ദോഹ:
കോവിഡ് പശ്ചാത്തലത്തില്‍ അണുവിമുക്ത സംവിധാനങ്ങളുടെ പുതിയ രീതികള്‍ക്കും ദോഹയില്‍ തുടക്കമാവുന്നു. ഖത്തറിലാദ്യമായി അണുവിമുക്തമാക്കുന്ന ടണലുകള്‍ ഇന്നു മുതല്‍ ആരംഭിക്കുകയാണ്. മഅ്മൂറയിലെ മൈക്രോ ഹെല്‍ത്ത് റഫറന്‍സ് ലബോറട്ടറിയിലാണ് ഈ ഉപകരണം ഇന്‍സ്റ്റാള്‍ ചെയ്യുന്നത്. ഖത്തറിലെ പ്രശസ്ത മെഡിക്കല്‍ സര്‍വ്വീസസ് കമ്പനിയായ ഹാര്‍ട്‌സ് മെഡിക്കല്‍ സൊല്യൂഷന്‍സുമായി ചേര്‍ന്ന് ഖത്തര്‍ ഫാക്ടറിയാണ് ഇത്തരം ടണലുകള്‍ നിര്‍മ്മിച്ച് ഇന്‍സ്റ്റാള്‍ ചെയ്യുന്നതെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചു.

കെമിക്കല്‍ യു കെ യില്‍ നിന്ന്
ഇതിനാവശ്യമായ കെമിക്കലുകള്‍ എത്തിക്കുന്നത് യു.കെയിലെ ഷീല്‍ഡ് മീ എന്ന കമ്പനിയാണ്. തികച്ചും പ്രകൃതിദത്തവും യാതൊരു തരത്തിലുള്ള അപകടം വരുത്താതുമായ ലായിനിയാണ് ഇതിനായി ഉപയോഗിക്കുന്നത്. സൂപ്പര്‍ ഓക്‌സിഡൈസ്ഡ് വാട്ടറും ഹൈപ്പോക്ലോറോസ് ആസിഡും (എച്ഛ് ഒ സി ഐ) ചേര്‍ന്ന പ്രത്യേക മിശ്രിത മരുന്നാണിത്. അമേരിക്കയിലെ പ്രശസ്തമായ ഫുഡ് ആന്റ് ഡ്രഗ് അഡ്മിനിസ്‌ട്രേഷന്‍ (എഫ് ഡി എ) 2002-ല്‍ ഉന്നത രീതിയിലുള്ള അണുവിമുക്ത ഉത്പന്നമായി അംഗീകാരം നല്‍കിയിട്ടുണ്ട്. അകത്തെ വായുവിന്റെ ഗുണനിലവാരത്തെ ഒരിക്കലും ഇല്ലാതാക്കില്ലെന്നതും പ്രത്യേകതയാണ്. നൂറു ശതമാനം കുട്ടികള്‍ക്കും കുടുംബാംഗങ്ങളും സുരക്ഷിതമാണ് ഈ മിശ്രിതമെന്ന് ഹാര്‍ട്‌സ് മെഡിക്കല്‍ സൊല്യൂഷന്‍സ് ചീഫ് ഓപ്പറേറ്റിംഗ് ഓഫീസര്‍ സി കെ നൗഷാദ് ‘ചന്ദ്രിക’യോട് പറഞ്ഞു. ഇത് ശ്വാസ തടസ്സമോ മറ്റ് പ്രയാസങ്ങളോ ഉണ്ടാക്കുന്നില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
സ്‌പ്രേ ചെയ്യപ്പെടുന്നതോടെ അണുക്കള്‍ നശിക്കുന്നു
ടണല്‍ വഴി കടന്നുപോവുന്നവരുടെ ശരീരത്തില്‍ സ്േ്രപ ചെയ്യപ്പെടുന്നതോടെ അണുക്കള്‍ നശിച്ചുപോവുകയാണ് ചെയ്യുക. അതേസമയം ടണലുകള്‍ 100 ശതമാനം അണുവിമുക്തമാക്കാന്‍ സഹായിക്കണമെന്നില്ല. പക്ഷെ ടണല്‍ സ്‌പ്രേയുടെ കവര്‍ ചെയ്യുന്ന ശരീര ഭാഗങ്ങളെല്ലാം സമ്പൂര്‍ണ്ണമായും അണുവിമുക്തമാവും. നിശ്ചിത സമയത്തിനുള്ളില്‍ വേണം ടണലിനുള്ളിലൂടെ പ്രവേശിക്കേണ്ടതെന്നും അമിത വേഗത ചിലപ്പോള്‍ അണുനശീകരണത്തിന്റെ അളവ് കുറക്കുമെന്നും ചൂണ്ടിക്കാണിക്കപ്പെടുന്നു. ഖത്തറിലെ പ്രമുഖ ഹൈപ്പര്‍മാര്‍ക്കറ്റ് ഗ്രൂപ്പ് ഉള്‍പ്പെടെ നിരവധി പേരാണ് ഇതിനകം സാനിട്ടൈസിംഗ് ടണല്‍ ഓര്‍ഡര്‍ നല്‍കിയിട്ടുള്ളത്. വരും ദിവസങ്ങളില്‍ ഇവയെല്ലാം ഇന്‍സ്റ്റാള്‍ ചെയ്യാനുള്ള പ്രവര്‍ത്തനങ്ങളിലാണ് ഹാര്‍ട്‌സ് മെഡിക്കല്‍ സൊല്യൂഷന്‍സ്.