in

സഊദി വിളിക്കുന്നു; ഖത്തറിലെ ‘വീട്ടിലേക്ക്’

സഊദിഹൗസിലെ ഗ്രീന്‍ ഫാല്‍ക്കന്‍ മ്യൂസിയത്തില്‍ പഴയ കാല കളിക്കാരുടെ പ്രൊഫൈല്‍

 

ദോഹ ദവാര്‍

അശ്‌റഫ് തൂണേരി

ഖത്തര്‍ ലോകകപ്പില്‍ സ്വന്തമായി വീടൊരുക്കിയ ഏക അറബ് രാജ്യമുണ്ട്, സഊദിഅറേബ്യ. ദോഹ കോര്‍ണിഷിലെ ഷെരാട്ടണ്‍ ഹോട്ടല്‍ പാര്‍ക്കിലാണ് 18,000 ചതുരശ്രമീറ്റര്‍ വിസ്തൃതിയില്‍ ആ മാനോഹരമായ സഈദി ‘ഹൗസ്’ പച്ചപ്പണിഞ്ഞു നില്‍ക്കുന്നത്.

നൂറ്റാണ്ടുകളുടെ മഹിത പാരമ്പര്യമുള്ള സഊദിഅറേബ്യയെ ആവിഷ്‌കരിക്കുന്ന മികച്ചൊരു പ്രദര്‍ശനാലയം. സ്വാഗതമോതിയുള്ള കമാനം കടന്ന് ഉള്ളിലെത്തുമ്പോള്‍ ഇന്‍ഫര്‍മേഷന്‍ ഡെസ്‌കിലെ സഊദി വനിതകള്‍ പുഞ്ചിരിയോടെ നിങ്ങളെ ചോക്ലേറ്റ് തന്ന് സ്വാഗതം ചെയ്യും. പവലിയനുകളെക്കുറിച്ച് അവര്‍ വിശദീകരിക്കും.

സഊദി ഫുട്‌ബോള്‍ സുവനീര്‍ ലഭ്യമാവുന്ന കൂടാരമാണ് ആദ്യം. പിന്നീട് തെരുവുഫുട്‌ബോള്‍ ഇനമായ പന്ന കളി പരിചയപ്പെടാം. പഴയതും പുതിയതുമായ സഊദി കളിക്കാരേയും ജഴ്‌സിയും പരിചയപ്പെടുത്തുന്ന ഗ്രീന്‍ ഫാല്‍ക്കന്‍ മ്യൂസിയം, റോഷന്‍ സഊദിലീഗ് (ആര്‍.എസ്.എല്‍) അവതരിപ്പിക്കുന്ന വിഷ്വല്‍ പ്രസന്റേഷന്‍, സഊദിഅറേബ്യയുടെ വിവിധ മേഖലകളെ അറിയാനുള്ള കേന്ദ്രങ്ങള്‍, വി.ഐ.പി മജ്‌ലിസ്, സഊദി രുചികളാസ്വദിക്കാനുള്ള കേന്ദ്രങ്ങള്‍ തുടങ്ങി ഇരുപതിലധികം പവലിയനുകള്‍ സന്ദര്‍ശകര്‍ക്ക് മികച്ച അനുഭവം സമ്മാനിക്കും.

സൗദി ദേശീയ ടീമിനൊപ്പം വെര്‍ച്വല്‍ ഷൂട്ടിംഗ് അനുഭവം, ഓഗ്‌മെന്റഡ് റിയാലിറ്റി, വെര്‍ച്വല്‍ റിയാലിറ്റി സാങ്കേതികവിദ്യ വഴി ഡ്രീം പവലിയനില്‍ വെര്‍ച്വലായി മികച്ച കളിക്കാര്‍ക്കൊപ്പം ഫുട്‌ബോള്‍ കളിക്കുന്നതിന്റെ അനുഭവം എന്നിവയെല്ലാം സന്ദര്‍ശകരെ പുതിയ ചില തലങ്ങളിലേക്ക് കൊണ്ടുപോവുന്നു.

സഊദിയിലെ അസീരീ പ്രാദേശിക പൈതൃകം വരയിലൂടെ ലൈവായി അവതരിപ്പിക്കുന്ന കലാകാരിയെ ഒരിടത്ത് കാണാനായി. സഊദിഅറേബ്യയുടെ സൗന്ദര്യം ദൃശ്യവിസ്മയത്തിലൂടെ അവതരിപ്പിക്കുന്ന വൃത്താകൃതിയിലുള്ള ഒരു പവലിയന്‍ ആരേയും കൂടുതല്‍ ആകര്‍ഷിക്കും.

വരാന്തയില്‍ ഒരു യുവതിയും യുവാവും നമ്മെ ഉള്ളിലേക്ക് ക്ഷണിക്കും. തുണിക്കസേരയിലിരുന്ന് മേല്‍പ്പോട്ട് നോക്കിയാല്‍ സഊദി മരുഭൂ മനോഹാരിതയുടെ കൈവഴികളിലൂടെ കടന്നുപോകാം.

ഈ ദൃശ്യാവതരണം സന്ദര്‍ശകരെ സൗദി കാണാന്‍ ഉത്സാഹികളാക്കുമെന്നതില്‍ തര്‍ക്കമില്ല. സൗദി ഗായകരുടെ സംഗീത വിരുന്നുകളും, പരമ്പരാഗത അറബ്, ആധുനിക കലാവിരുന്നുകളും അരങ്ങേറുന്ന വിശാലമായ സ്റ്റേജ് സജ്ജീകരിച്ചിട്ടുണ്ട്.

സ്‌ക്രീനില്‍ വാശിയേറിയ കളി പുരോഗമിക്കുന്നുണ്ടായിരുന്നു. ബ്രസീലും സ്വിറ്റ്‌സര്‍ലണ്ടും. നവംബര്‍ 21 ന് തുടക്കമായ സഊദി ഹൗസ് ഡിസംബര്‍ 18 വരെ സജീവമാവും. ഉച്ചക്ക് പന്ത്രണ്ടു മുതല്‍ രാത്രി 12 വരെ സന്ദര്‍ശകരെ സ്വാഗതം ചെയ്യും.

സൗദി കായിക മന്ത്രാലയവും സൗദി അറേബ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനുമാണ് ഇത് ഒരുക്കിയത്. ഈത്തപ്പഴമടങ്ങിയ കുഞ്ഞുബോക്‌സ് തന്ന് നിറചിരിയോടെ സംഘാടകര്‍ യാത്രയാക്കുമ്പോള്‍ നാം തിരിച്ചറിയും, ലോക കപ്പില്‍ മത്സരിക്കുന്ന മറ്റു 31 രാജ്യങ്ങള്‍ക്കുമില്ലാത്ത സുവര്‍ണ്ണാവസരം സഊദി ശരിക്കും പ്രയോജനപ്പെടുത്തിയെന്ന്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

പാശ്ചാത്യന്‍ മാധ്യമങ്ങള്‍ കണ്ണുള്ളവനെ അന്ധനാക്കുന്നത് തുടരുന്നു; സഊദിയില്‍ ലോകകപ്പ് ഫുട്‌ബോള്‍ സംപ്രേഷണ വിലക്കെന്ന് വീണ്ടും വ്യാജന്

ചന്ദ്രിക ഖത്തര്‍ ലോകകപ്പ് പതിപ്പ് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ക്ക് കൈമാറി