in

സര്‍ക്കാര്‍ സ്‌കൂളിലെ അധ്യയനവര്‍ഷം ജൂണ്‍ 21ന് അവസാനിക്കും

മുഹമ്മദ് അഹമ്മദ് അല്‍ബഷ്‌രി

ദോഹ: സര്‍ക്കാര്‍ സ്‌കൂളിലെ അധ്യയനവര്‍ഷം നിശ്ചയിച്ചതുപോലെ ജൂണ്‍ 21ന് അവസാനിക്കുമെന്ന് വിദ്യാഭ്യാസമന്ത്രിയുടെ ഉപദേഷ്ടാവ് മുഹമ്മദ് അഹമ്മദ് അല്‍ബഷ്‌രി പറഞ്ഞു. ഗ്രേഡ് ഒന്നു മുതല്‍ പതിനൊന്നു വരെ ക്ലാസുകളിലെ വിദ്യാര്‍ഥികളുടെ വിദൂര വിദ്യാഭ്യാസം മെയ് ഏഴിന് പൂര്‍ത്തിയാകും. സീനിയര്‍ സെക്കന്ററി സ്‌കൂള്‍ ഫൈനല്‍ പരീക്ഷകള്‍ അവസാനിക്കുന്നതുവരെ ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകള്‍ മുഖേന ഗ്രേഡ് പന്ത്രണ്ട് വിദ്യാര്‍ഥികളും അധ്യാപകരും തമ്മിലുള്ള ആശയവിനിമയം തുടരും.
ഖത്തര്‍ ടെലിവിഷനോടു സംസാരിക്കവെയാണ് മുഹമ്മദ് അഹമ്മദ് അല്‍ബഷ്‌രി ഇക്കാര്യം വ്യക്തമാക്കിയത്. അംഗീകൃത പഠനസമയത്തെ ബാധിക്കരുത് എന്ന വ്യവസ്ഥയില്‍ സ്വകാര്യ സ്‌കൂളിന് അധ്യയനവര്‍ഷം കുറക്കുന്നതിനോ അവസാനിപ്പിക്കുന്നതിനോ സാധിക്കുമെന്ന് വ്യക്തമാക്കിക്കൊണ്ട് സ്വകാര്യസ്‌കൂളുകള്‍ക്ക് ഔദ്യോഗികമായി സര്‍ക്കുലര്‍ അയച്ചിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ഗ്രേഡ് ഒന്നു മുതല്‍ പന്ത്രണ്ടുവരെയുള്ള വിദ്യാര്‍ഥികള്‍ വിദൂര പഠനസംവിധാനം സുഗമമായി ഉപയോഗിക്കുന്നുണ്ട്. വിദ്യാര്‍ഥികളും അധ്യാപകരും അടക്കം വിദൂര പഠന സമ്പ്രദായത്തിന്റെ ഉപയോക്താക്കളുടെ എണ്ണം 1,28,799ലേക്കെത്തി. അധ്യാപകരും വിദ്യാര്‍ത്ഥികളും തമ്മില്‍ ഒരു ദശലക്ഷത്തിലധികം വാചക സന്ദേശങ്ങള്‍ കൈമാറി. വിദ്യാര്‍ത്ഥികളും അധ്യാപകരും തമ്മില്‍ 13,500ലധികം നേരിട്ടുള്ള കോളുകള്‍ റെക്കോര്‍ഡുചെയ്യുകയും 100 ശതമാനം കോളുകളോടും പ്രതികരിക്കുകയും ചെയ്തിട്ടുണ്ട്. പ്രതിരോധ നടപടികള്‍ അടുത്ത അധ്യയനവര്‍ഷം വരെ നീണ്ടുനില്‍ക്കുകയാണെങ്കില്‍ സാഹചര്യത്തെ നേരിടാന്‍ മന്ത്രാലയം നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചിട്ടുണ്ട്.
കൂടുതല്‍ സന്നദ്ധതയോടെ വിദൂര പഠനം തുടരും. രാജ്യത്തിന്റെ വിദ്യാഭ്യാസ പ്രക്രിയയില്‍ കൊറോണ വൈറസിന്റെ സ്വാധീനം മറികടക്കാന്‍ പരമാവധി ശ്രമിച്ച മന്ത്രാലയത്തിലെ ജീവനക്കാര്‍ക്കും സ്‌കൂള്‍ ജീവനക്കാര്‍ക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. മന്ത്രാലയത്തിന്റെ പ്രതിരോധ നടപടികള്‍ അനുസരിച്ച് വിദ്യാര്‍ത്ഥികളുടെ പ്രവേശന പരീക്ഷകള്‍ വിദൂരമായി നടത്തുമെന്ന് പ്രവേശനത്തെക്കുറിച്ചുള്ള ചോദ്യത്തിന് അദ്ദേഹം മറുപടി നല്‍കി.
വിദ്യാഭ്യാസ മന്ത്രാലയത്തിന് മാതാപിതാക്കളില്‍ നിന്ന് വാട്സ്ആപ്പ് നമ്പര്‍ 60020020, കോള്‍ സെന്റര്‍ നമ്പര്‍ 155 എന്നിവ മുഖേന പരാതികള്‍ ലഭിക്കുന്നുണ്ടെന്നും എല്ലാ കോളുകള്‍ക്കും മറുപടി നല്‍കിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ സ്‌കൂളുകളിലും കിന്റര്‍ഗാര്‍ട്ടനുകളിലും പ്രവേശന വ്യവസ്ഥകളില്‍ മാറ്റമില്ലെന്ന് അദ്ദേഹം പറഞ്ഞു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഈസ്റ്റ് ഇന്‍ഡസ്ട്രിയല്‍ റോഡ് വികസന പദ്ധതി ഉടന്‍ പൂര്‍ത്തിയാകും

ബുദ്ധിമുട്ടനുഭവിക്കുന്ന പ്രവാസികള്‍ക്ക് സാന്ത്വനമായി അദീബ് അഹമ്മദ്