ദോഹ: ക്യാമ്പിങ് സീസണില്‍ സീലൈന്‍ മേഖലയില്‍ അപകടമരണനിരക്കില്‍ കുറവുണ്ടായതായി റിപ്പോര്‍ട്ട്. നിരവധി സര്‍ക്കാര്‍, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് കഴിഞ്ഞവര്‍ഷം നടപ്പാക്കിയ കര്‍മ്മപദ്ധതി ഫലം കാണുന്നുവെന്നാണ് ഗതാഗത സ്ഥിതിവിവരക്കണക്കുകള്‍ വ്യക്തമാക്കുന്നത്. കഴിഞ്ഞവര്‍ഷം സീലൈനില്‍ ആറു മരണങ്ങളാണ് റിപ്പോര്‍ട്ട് ചെയ്തതെങ്കില്‍ ഇത്തവണ ഇതുവരെ കേവലം ഒരു മരണം മാത്രമാണുണ്ടായത്. 2020ലെ ക്യാമ്പിങ് സീസണില്‍ അപകടങ്ങളില്‍ ഗുരുതരമായ പരിക്കുകളുടെ എണ്ണം 46 ആയിരുന്നത് ഈ വര്‍ഷം 21 ആയി കുറഞ്ഞു. ഗുരുതരമായ പരിക്കുകള്‍ക്കിടയാക്കിയ അപകടങ്ങളുടെ എണ്ണം കഴിഞ്ഞവര്‍ഷം 31 ആയിരുന്നത് ഇത്തവണ 19 ആയി കുറഞ്ഞു. മോട്ടോര്‍സൈക്കിളുകള്‍ വാടകക്കു നല്‍കുന്ന ഷോപ്പുകളില്‍ 34 പരിശോധനകളാണ് ഇത്തവണ നടത്തിയത്. ഗതാഗത സുരക്ഷാ ചട്ടങ്ങള്‍ ലംഘിച്ചതിനാല്‍ നിരവധി ഷോപ്പുകള്‍ അടച്ചു. ഗതാഗത സുരക്ഷയുടെ നിലവാരം ഉയര്‍ത്തുന്നതിനും ക്യാമ്പിങ് ഏരിയകളിലെ അപകടങ്ങള്‍ കുറക്കാനും നിയമം കര്‍ശനമായി നടപ്പാക്കാനും മികച്ച സേവനങ്ങള്‍ ലഭ്യമാക്കുന്നതിനും വാഹനങ്ങളുടെ ഗതാഗതം സുഗമമാക്കുന്നതിനും ആഭ്യന്തര മന്ത്രാലയം വിപുലമായ പരിപാടികളും പദ്ധതികളുമാണ് നടപ്പാക്കിവന്നിരുന്നത്. ക്യാമ്പിങ് ഏരിയയിലെ സന്ദര്‍ശകരെയും വാഹന ഡ്രൈവര്‍മാരെയും ലക്ഷ്യമിട്ട് ഗതാഗത ബോധവല്‍ക്കരണ പരിപാടികളും സംഘടിപ്പിച്ചു. ഗതാഗത ജനറല്‍ ഡയറക്ടറേറ്റിന്റെ ആഭിമുഖ്യത്തില്‍ സീലൈന്‍ കമ്മിറ്റിയുടെ മേല്‍നോട്ടത്തിലായിരുന്നു പ്രവര്‍ത്തനങ്ങള്‍. കഴിഞ്ഞവര്‍ഷം ഒക്ടോബര്‍ 14 മുതല്‍ ഈ മെയ് 21വരെയായിരുന്നു കമ്മിറ്റിയുടെ പ്രവര്‍ത്തനം. ക്യാമ്പിങ് കാലയളവിലെ ദൈര്‍ഘ്യം, പ്രദേശത്തെ പ്രവര്‍ത്തനങ്ങളുടെ ബാഹുല്യം, വാഹനങ്ങളുടെയും സന്ദര്‍ശകരുടെയും വര്‍ധനവ് എന്നിവയെല്ലാമുണ്ടായിട്ടും മരണനിരക്കില്‍ കുറവുണ്ടായി. സ്ഥിതിവിവരക്കണക്കുകള്‍ പ്രകാരം വാരാന്ത്യങ്ങളില്‍ സീലൈനിലെത്തിയിരുന്നത് ശരാശരി 23,845 വാഹനങ്ങളായിരുന്നു. ഇവയില്‍ 7,045 എണ്ണം വ്യാഴാഴ്ചകളിലും 10,650 എണ്ണം വെള്ളിയാഴ്ചകളിലും 6,150 എണ്ണം ശനയാഴ്ചകളിലുമാണ് എത്തിയിരുന്നത്. ദക്ഷിണമേഖലാ ഗതാഗത വിഭാഗം ഡയറക്ടര്‍ ലെഫ്റ്റനന്റ് കേണല്‍ ശൈഖ് മുഹമ്മദ് ബിന്‍ ജാസിം അല്‍താനിയാണ് ഇക്കാര്യങ്ങള്‍ വിശദീകരിച്ചത്. സീലൈന്റെ പ്രവേശന, നിര്‍ഗമന കവാടങ്ങള്‍ നവീകരിച്ചതും രൈഡിങ് സിഗ്നലുകള്‍ സ്ഥാപിച്ചതും ഉള്‍പ്പടെയുള്ള സാങ്കേതിക നടപടികള്‍ ഫലമായി മരണനിരക്കും ഗുരുതര അപകടനിരക്കും കുറക്കാനായതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സീലൈന്‍ റോഡില്‍ സ്പീഡ് ബ്രേക്കറുകള്‍ നിര്‍മിക്കുകയും റോഡിന്റെ വശങ്ങളിലെ തകരാറുകള്‍ പരിഹരിക്കുന്നതിന് ഖത്തര്‍ പെട്രോളിയവുമായി ഏകോപിച്ച് പ്രവര്‍ത്തിക്കുകയും ചെയ്തിരുന്നു. നിയമലംഘനങ്ങള്‍ നിരീക്ഷിക്കുന്നതിന് ഡ്രോണുകളും ഉപയോഗിച്ചിരുന്നു.