
ദോഹ: പ്ലാസ്റ്റിക് കുപ്പികള്‍ ഉപയോഗിച്ച് പേരെഴുതുന്ന കാഴ്ചകള്‍ നമുക്ക് പരിചിതമാവാം. പക്ഷെ ആയിരക്കണക്കിന് കുപ്പികള്‍ക്കൊണ്ട് ഒരു രാഷ്ട്രത്തിന്റെ പേരെഴുതുന്നത് അപൂര്‍വ്വത. 14,183 കുപ്പികള്‍ അടുക്കിവെച്ച് നീലക്കളറില്‍ ഖത്തര്‍ എന്ന പേരെഴുതി ചരിത്രം കുറിച്ചിരിക്കുന്നു ഖത്തറിലെ സീഷോര്‍ ഗ്രൂപ്പ്. ഇത്രയധികം പുന:ചംക്രമണം ചെയ്ത പ്ലാസ്റ്റിക് കുപ്പികള്‍ കൊണ്ട് ഖത്തര്‍ എന്ന് ഇംഗ്ലീഷ് ഭാഷയിലെഴുതിയാണ് ഗിന്നസ് ലോക റെക്കോര്‍ഡ് സ്വന്തമാക്കിയത്. പ്ലാസ്റ്റിക്കിന്റെ പുനരുപയോഗം ക്രിയാത്മകമായി എങ്ങിനെ ഉപയോഗിക്കാമെന്ന അന്വേഷണത്തിനൊടുവിലാണ് പുതിയൊരു ആശയവുമായി സീഷോര്‍ ഗ്രൂപ്പിന് കീഴിലെ സീഷോര്‍ റീസൈക്ലിംഗ് ആന്റ് സസ്‌റ്റൈനബിലിറ്റി യൂണിറ്റ് രംഗത്തെത്തുന്നത്. 2021-ജൂണില്‍ സൗദി അറേബ്യയിലെ അല്‍ ഇത്തിഫാക് ക്ലബാണ് അറബിയില്‍ ‘വസലാം’ എന്ന് 5387 കുപ്പികള്‍കൊണ്ടെഴുതി റെക്കോര്‍ഡിട്ടിരുന്നത്. അതാണ് ഇത്തവണ മറികടന്നത്.
സീഷോര്‍ ഗ്രൂപ്പിലെ സംഘാടനത്തെയും ചിട്ടയായ പ്രവര്‍ത്തനത്തെയും ഗിന്നസ് വേള്‍ഡ് റെക്കോഡ് വിധികര്‍ത്താവ് പ്രവീണ്‍ പട്ടേല്‍ അഭിനന്ദിച്ചു. ‘ഏറെ കഠിനമായ ദൗത്യമായിരുന്നു ഗിന്നസ് റെക്കോഡ് പരിശ്രമം. പ്രത്യേകിച്ച് 5387 എന്ന നമ്പര്‍ മറികടക്കുകയെന്നത്. നമ്പറുകളേക്കാള്‍ പ്രധാനം കര്‍ശനമായ മാര്‍ഗനിര്‍ദേശങ്ങള്‍ പാലിച്ച് ലക്ഷ്യം പൂര്‍ത്തിയാക്കുകയെന്നതാണെന്നും അദ്ദേഹം വ്യക്തമാക്കി. രണ്ടു ദിവസത്തെ കഠിനാധ്വാനത്തിന്റെ ഫലം കൂടിയാണ് ഈ നേട്ടം. 14,183 എന്ന കൂറ്റന്‍ സംഖ്യയിലെത്തിച്ച സംഘാടകരെ അങ്ങേയറ്റം അഭിനന്ദിക്കുന്നുവെന്നും പ്രവീണ്‍പട്ടേല്‍ വിശദീകരിച്ചു. ദോഹയില്‍ നടന്ന ചടങ്ങില്‍ ഗിന്നസ് അധികൃതര്‍ സര്‍ട്ടിഫിക്കറ്റ് കൈമാറി.
പ്ലാസ്റ്റിക് കുപ്പികള്‍ സംസ്‌കരിച്ച് പാക്കിങ് ടാപ്പ് ഉള്‍പ്പെടെ വസ്തുക്കള്‍ നിര്‍മ്മിക്കുന്ന പദ്ധതികളും സീഷോര്‍ റീസൈക്ലിങ് ആന്റ് സസ്റ്റയ്‌നബിലിറ്റി യൂണിറ്റിനുണ്ട്.
ഗിന്നസ് ബുക്കില്‍ രാജ്യത്തിന് ഇടം നേടിക്കൊടുക്കാന്‍ കഴിഞ്ഞതില്‍ അഭിമാനമുണ്ടന്ന് സീഷോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ സാലെം സഈദ് അല്‍ മുഹന്നദി പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗവും, സംസ്‌കരണവും ഉള്‍പ്പെടെയുള്ള കാര്യങ്ങള്‍ ബോധവല്‍കരിക്കാന്‍ ഗിന്നസ് റെക്കോഡ് വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കുന്നതായും അദ്ദേഹം പറഞ്ഞു. പ്ലാസ്റ്റിക് കുപ്പികളുടെ പുനരുപയോഗ ബോധവല്‍കരണം കൂടിയാണ് ലക്ഷ്യമിട്ടാണ് സീഷോര്‍ ഇത്തരമൊരു ദൗത്യത്തിന് മുതിര്‍ന്നതെന്ന് സീഷോര്‍ സ്റ്റീല്‍സ് സി.ഇ.ഒ ആഷിക് പി.കെ പറഞ്ഞു. സീഷോര്‍ റീസൈക്ലിംഗ് പദ്ധതി പ്രകൃതി സൗഹൃദ ആശയം കൂടിയാണ്. ഈ വ്യത്യസ്തമായ ആശയം നൂതനമായ വഴിയിലൂടെ ജനങ്ങളിലേക്ക് എത്തിക്കുകയെന്നതാണ് ഇത്തരമൊരു പരിപാടിയിലൂടെ പങ്കുവെക്കുന്നതെന്നും ആഷിഖ് പി.കെ പറഞ്ഞു. ഷബീബ് ചോരത്ത്, ദര്‍ശന രാജഗോപാല്‍ അടക്കമുള്ള സീഷോര്‍ റീസൈക്ലിംഗ് ടീമിനെയും അദ്ദേഹം അഭിനന്ദിച്ചു. ദോഹയിലെ മ്യൂസിയം ഓഫ് ഇസ്ലാമിക് ആര്‍ട് (മിയ) പാര്‍ക്ക് പരിസരത്ത് പരിസരത്ത് ചൊവ്വാഴ്ചവരെ പൊതുജനങ്ങള്‍ക്ക് ഈ ഗിന്നസ് റെക്കോര്‍ഡ് നേട്ടം കാണാന്‍ അവസരമുണ്ടെന്ന് സീഷോര്‍ അധികൃതര്‍ അറിയിച്ചു.