
ദോഹ: ഖലീഫ അവന്യൂപദ്ധതിയിലെ റോഡ് നവീകരണ പ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്തുന്നതിന്റെ ഭാഗമായി അല്‍ഗറാഫ സര്‍വീസ് റോഡിന്റെ ഒരുഭാഗം മൂന്നാഴ്ചത്തേക്ക് അടച്ചു. പൊതുമരാമത്ത് അതോറിറ്റി അശ്ഗാലാണ് ഇക്കാര്യം അറിയിച്ചത്. അല്‍ഗറാഫ അടിപ്പാതയുടെ രണ്ടാം റാമ്പ് എക്സിറ്റില്‍ നിന്നും അല്‍ഗറാഫ സര്‍വീസ് റോഡിലേക്കും താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കുമുള്ള ഭാഗമാണ് ഓഗസ്റ്റ് 21വരെ അടച്ചത്. ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റുമായി സഹകരിച്ചായിരിക്കും ഗതാഗതക്രമീകരണങ്ങളില്‍ മാറ്റംവരുത്തുക. അല്‍ഗറാഫ അടിപ്പാതയില്നിന്നും താനി ബിന്‍ ജാസിം സ്ട്രീറ്റിലേക്കു പോകുന്ന റോഡ് ഉപയോക്താക്കള്‍ സിഗ്നല്‍ കേന്ദ്രീകൃത ടില്‍റ്റഡ് ഇന്റര്‍ചേഞ്ചിലേക്കുള്ള ആദ്യ എക്സിറ്റ് റാമ്പ് ഉപയോഗിക്കണം. ഗതാഗതമാറ്റം സബന്ധിച്ച റോഡ് അടയാളങ്ങളും ദിശാസൂചകങ്ങളും അശ്ഗാല്‍ സ്ഥാപിച്ചിട്ടുണ്ട്. നിലവിലെ വേഗപരിധി പാലിച്ചുകൊണ്ടായിരിക്കണം എല്ലാവരും വാഹനം ഓടിക്കേണ്ടതെന്നും റോഡ് സുരക്ഷാ അടയാളങ്ങള്‍ കര്‍ശനമായി പിന്തുടരുകയും വേണമെന്ന് അശ്ഗാല്‍ നിര്‍ദേശിച്ചു.