in

ഉപഭോക്താക്കള്‍ക്കിടയില്‍ സുരക്ഷിത അകലം: ഔട്ട്‌ലെറ്റുകളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു

ദോഹ: ഉപഭോക്താക്കള്‍ക്കിടയില്‍ സുരക്ഷിതമായ അകലം പാലിക്കണമെന്ന വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റെ ഉത്തരവ് നടപ്പാക്കുന്നതിന്റെ ഭാഗമായി രാജ്യത്തെ റീട്ടെയില്‍ ഔട്ട്‌ലെറ്റുകളുടെ നിലങ്ങളില്‍ സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങി. ഔട്ട്‌ലെറ്റുകളിലായിരിക്കുമ്പോള്‍ ഉപഭോക്താക്കള്‍ക്കിടയില്‍ പരസ്പരം സുരക്ഷിതമായ അകലം പാലിക്കണമെന്നത് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പണമടക്കുന്നതിനായി ക്യൂ നില്‍ക്കുമ്പോഴും റിസപ്ഷന്‍ ബോക്‌സുകള്‍ക്കു മുന്നില്‍ കാത്തുനില്‍ക്കുമ്പോഴുമെല്ലാം സുരക്ഷിത അകലം പാലിച്ചിരിക്കണം.
കൊറോണ വൈറസ്(കോവിഡ്-19) വ്യാപനം പരിമിതപ്പെടുത്താന്‍ ഖത്തര്‍ സ്വീകരിച്ച പ്രതിരോധ, മുന്‍കരുതല്‍ നടപടികള്‍ക്ക് അനുസൃതമായാണ് മന്ത്രാലയം ഇത്തരമൊരു തീരുമാനം പുറപ്പെടുവിച്ചത്. ഇതേത്തുടര്‍ന്നാണ് ഔട്ട്‌ലെറ്റുകള്‍ കാല്‍പാദങ്ങളുടെ സ്റ്റിക്കറുകള്‍ പതിപ്പിച്ചു തുടങ്ങിയത്. അല്‍മീര സ്റ്റോറില്‍ ഇത്തരത്തില്‍ സ്റ്റിക്കര്‍ പതിപ്പിച്ചതിന്റെ ദൃശ്യം സോഷ്യല്‍മീഡിയ ആക്ടിവിസ്്റ്റ് ഹസന്‍ അല്‍സായ് ട്വീറ്റ് ചെയ്തിരുന്നു. സാമൂഹിക അകലം പാലിക്കാന്‍ ഉപഭോക്താക്കളെ ഉത്‌ബോധിപ്പിക്കുന്ന സ്റ്റിക്കറുകള്‍ അല്‍മീര സൂപ്പര്‍മാര്‍ക്കറ്റിന്റെ നിലകളില്‍ കാണാമെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ഉപഭോക്താക്കള്‍ക്കിടയില്‍ കുറഞ്ഞത് ഒന്നര മീറ്ററിന്റെ അകലമുണ്ടായിരിക്കണം. എവിടെ നില്‍ക്കണമെന്ന് ഉപഭോക്താക്കളെ അറിയിക്കുന്നതിന് നിലകളില്‍ അടയാളം സ്ഥാപിക്കണമെന്നും മന്ത്രാലയം നിര്‍ദേശിച്ചിരുന്നു. 2008ലെ എട്ടാം നമ്പര്‍ ഉപഭോക്തൃ സംരക്ഷണ നിയമത്തിലെ 13-ാം വകുപ്പിലെ വ്യവസ്ഥകള്‍ക്കനുസരിച്ചാണ് നടപടി. ഔട്ട്‌ലെറ്റുകള്‍ ആരോഗ്യ സുരക്ഷാ ആവശ്യകതകള്‍ പാലിക്കണമെന്ന് നിയമത്തില്‍ വ്യവസ്ഥ ചെയ്തിട്ടുണ്ട്. നിയമം ലംഘിക്കുന്ന എതൊരാള്‍ക്കുമെതിരെയും കര്‍ശന നടപടികള്‍ സ്വീകരിക്കും. ലംഘനങ്ങള്‍ തടയുന്നതിനായി പരിശോധന ശക്തമാക്കും.

What do you think?

Written by Web Desk

Leave a Reply

Your email address will not be published. Required fields are marked *

കോവിഡ്: ഗര്‍ഭിണികള്‍ക്ക് മാര്‍ഗ നിര്‍ദേശവുമായി സിദ്ര മെഡിസിന്‍

പൊതുസ്ഥലങ്ങളില്‍ ഒത്തുചേരലുകള്‍ക്ക് നിരോധനം: പട്രോളിങ് ശക്തമാക്കി