Thursday, October 22ESTD 1934

റുവൈസ് തുറമുഖത്തില്‍ ട്രക്കിന്റെ ഗാര്‍ഡ് റെയിലില്‍ നിന്ന് ഹാഷിഷ് പിടിച്ചെടുത്തു

ദോഹ: റുവൈസ് തുറമുഖം മുഖേന ഹാഷിഷ് കടത്താനുള്ള ശ്രമം മാരിടൈം കസ്റ്റംസ് അധികൃതര്‍ പരാജയപ്പെടുത്തി. കഴിഞ്ഞദിവസങ്ങളില്‍ വിവിധ മാര്‍ഗങ്ങളിലൂടെ നിരോധിതവസ്തുക്കള്‍ കടത്താനുള്ള ഒന്നിലേറെ ശ്രമങ്ങളാണ് കസ്റ്റംസ് പിടികൂടിയത്. ശീതികരിച്ച ഫ്രൂട്ട് കണ്ടെയ്‌നറുകള്‍ മുതല്‍ ട്രക്ക് ടയറുകളില്‍ വരെ ഒളിപ്പിച്ച് കടത്താനുള്ള ശ്രമങ്ങളാണ് അധികൃതര്‍ പൊളിച്ചത്.
നേരത്തെ റുവൈസ് തുറമുഖത്തിലൂടെ മൂന്നു തവണ ഹാഷിഷ് കടത്താനുള്ള ശ്രമം പരാജയപ്പെടുത്തിയ കസ്റ്റംസ് വീണ്ടുമൊരു ശ്രമം കൂടി തടഞ്ഞു. ഇത്തവണ ട്രക്കിന്റെ റിയര്‍ഗാര്‍ഡ് റെയിലിനുള്ളില്‍ ഒളിപ്പിച്ച നിലയിലാണ് ഹാഷിഷ് കണ്ടെടുത്തത്. അപകടങ്ങള്‍ വല്ലതും സംഭവിച്ചാല്‍ കാറുകളും ബൈക്കുകളും ട്രക്കിനുതാഴേക്കു പോകുന്നത് തടയുന്നതിനായി സ്ഥാപിച്ചിരിക്കുന്നവയാണ് ഈ റെയിലുകള്‍. പൊള്ളയായ ഗാര്‍ഡ് റെയിലിനുള്ളില്‍ ഒളിപ്പിച്ച ട്യൂബ് ആകൃതിയിലുള്ള കേസിംഗിനുള്ളില്‍ ഹാഷിഷ് കണ്ടെത്തിയതായി ഖത്തര്‍ കസ്റ്റംസ് വ്യാഴാഴ്ച ട്വീറ്റ് ചെയ്തു. അധികൃതര്‍ പുറത്തുവിട്ട വീഡിയോയില്‍ റെയിലില്‍നിന്നും ട്യൂബ് കേസിംഗുകള്‍ പുറത്തെടുക്കുന്ന ദൃശ്യങ്ങളുണ്ട്.
എക്‌സറേ മെഷീന്റെ സഹായത്തോടെയാണ് നിയമവിരുദ്ധ ഉത്പന്നം കണ്ടെത്തിയത്. ഇവ തുറന്നപ്പോള്‍ 8.4 കിലോഗ്രാം തൂക്കംവരുന്ന ഒന്‍പത് പാക്കറ്റ് കഞ്ചാവാണ് പിടിച്ചെടുത്തത്. അനധികൃത വസ്തുക്കള്‍ രാജ്യത്തേക്ക് കൊണ്ടുവരുന്നതിനെതിരെ കസ്റ്റംസ് നിരന്തരം മുന്നറിയിപ്പ് നല്‍കുന്നുണ്ട്. യാത്രക്കാരുടെ ശരീരഭാഷ വായിക്കുന്നതിനും കള്ളക്കടത്തുകാര്‍ പിന്തുടരുന്ന ഏറ്റവും പുതിയ രീതികളെക്കുറിച്ച് അറിയുന്നതിനുമായി കസ്റ്റംസ് ഉദ്യോഗസ്ഥര്‍ക്ക് ഹൈടെക് ഉപകരണങ്ങളും നിരന്തരമായ പരിശീലനവും നല്‍കിവരുന്നുണ്ട്.

error: Content is protected !!