
ഖത്തറില്‍ കോവിഡ് പ്രതിരോധ വാക്‌സിന്‍ വിതരണത്തിന് മികച്ച പ്രതികരണം. പൊതുജനാരോഗ്യ മന്ത്രാലയത്തിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരെല്ലാം കോവീഡ് വാക്‌സിന്‍ സ്വീകരിച്ചു. വാക്‌സിന്‍ സംബന്ധിച്ച കെട്ടുകഥകളും കുപ്രചാരണങ്ങളും ഇല്ലാതാക്കാനുള്ള ശ്രമങ്ങളുടെ ഭാഗമായിക്കൂടിയാണിത്. രാജ്യത്തെ തെരഞ്ഞെടുത്ത ഏഴ് ഹെല്‍ത്ത് സെന്ററുകള്‍ മുഖേന തെരഞ്ഞെടുക്കപ്പെട്ടവര്‍ക്കാണ് ആദ്യഘട്ടത്തില്‍ വാക്‌സിന്‍ നല്‍കുന്നത്. ഖത്തര്‍ യൂണിവേഴ്‌സിറ്റി മുന്‍ പ്രസിഡന്റ് 79കാരനായ അബ്ദുല്ല അല്‍ഖുബൈസിയാണ് രാജ്യത്ത് ആദ്യമായി കോവിഡ് വാക്‌സിന്‍ സ്വീകരിച്ചത്.

ആദ്യദിനങ്ങളില്‍ ഒട്ടേറെപ്പേര്‍ ഈ ഹെല്‍ത്ത് സെന്ററുകളിലെത്തി വാക്‌സിന്‍ സ്വീകരിച്ചു. കോവിഡ് സംബന്ധിച്ച നാഷണല്‍ ഹെല്‍ത്ത് സ്ട്രാറ്റജിക് ഗ്രൂപ്പ് ചെയര്‍മാനും ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ(എച്ച്എംസി) പകര്‍ച്ചവ്യാധി പ്രതിരോധ വിഭാഗം തലവനുമായ ഡോ.അബ്ദുല്ലത്തീഫ് അല്‍ഖാല്‍, പൊതുജനാരോഗ്യ മന്ത്രാലയത്തിലെ പൊതു ആരോഗ്യവകുപ്പ് ഡയറക്ടര്‍ ശൈഖ് ഡോ. മുഹമ്മദ് അല്‍താനി, ദേശീയ മഹാമാരി തയാറെടുപ്പ് സമിതിയുടെ കോ-ചെയര്‍പേഴ്‌സണും പൊതുജനാരോഗ്യ മന്ത്രാലയത്തിലെ ആരോഗ്യ സംരക്ഷണ സാംക്രമിക രോഗ ചികിത്സാവിഭാഗം ഡയറക്ടറുമായ ഡോ.ഹമദ് ഈദ് അല്‍റുമൈഹി, വാക്‌സിനേഷന്‍ വകുപ്പ് മേധാവി ഡോ. സോഹ അല്‍ബയാത്, ഹമദ് മെഡിക്കല്‍ കോര്‍പ്പറേഷന്റെ പകര്‍ച്ചവ്യാധി ചികിത്സാ കേന്ദ്രം മെഡിക്കല്‍ ഡയറക്ടര്‍ ഡോ.

മുന അല്‍മസ്‌ലമാനി എന്നിവര്‍ കോവിഡ് വാക്‌സിന്‍ സ്വീകരിച്ചു. 70 വയസ്സിനു മുകളിലുള്ളവര്‍, വിട്ടുമാറാത്ത ഒന്നിലധികം രോഗങ്ങള്‍ ഉള്ളവര്‍, കോവിഡ് ബാധിതരുമായി അടുത്തു ഇടപെടുന്ന ആരോഗ്യ പ്രവര്‍ത്തകര്‍ എന്നീ മൂന്നു ജനസംഖ്യാ ഗ്രൂപ്പുകള്‍ക്കാണ് മുന്‍ഗണന.

അല്‍വജ്ബ, ലബൈബ്, അല്‍റുവൈസ്, ഉംസലാല്‍, റൗദത്ത് അല്‍ഖയ്ല്‍, അല്‍തുമാമ, മൈദര്‍ എന്നീ ഹെല്‍ത്ത് സെന്ററുകളിലാണ് കോവിഡ് പ്രതിരോധ കുത്തിവെപ്പിനുള്ള സൗകര്യം ഒരുക്കിയിരിക്കുന്നത്.