
ദോഹ: 2020- 2021 സീസണില്‍ ഖത്തറില്‍ നിരവധി വോളിബോള്‍ ചാമ്പ്യന്‍ഷിപ്പുകള്‍ സംഘടിപ്പിക്കുമെന്ന് ഖത്തര്‍ വോളിബോള്‍ അസോസിയേഷന്(ക്യുവിഎ) പ്രസിഡന്റും അറബ്, ഏഷ്യന്‍ അസോസിയേഷന് അംഗവുമായ അലി ബിന്‍ ഗാനിം അല്‍കുവാരി പറഞ്ഞു. പുതിയ സീസണിലെ കായികകലണ്ടറില് നിരവധി പ്രാദേശിക, മേഖലാ, രാജ്യാന്തര ചാമ്പ്യന്‍ഷിപ്പുകള്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ഇതില്‍ ഏറ്റവും പ്രധാനം കത്താറ ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പാണ്. ഇന്‍ഡോര്‍ വോളിബോള്‍ ടൂര്‍ണമെന്റിനു പുറമെ മറ്റൊരു ബീച്ച് വോളിബോള്‍ ചാമ്പ്യന്‍ഷിപ്പും സംഘടിപ്പിക്കാന്‍ ക്യുവിഎ പദ്ധതിയിടുന്നുണ്ട്. ബീച്ച് വോളിബോളിലെ വികസിത രാജ്യങ്ങളിലൊന്നാണ് ഖത്തര്‍. രാജ്യാന്തര തലത്തില്‍ മികച്ച ഫലങ്ങള്‍ നേടാന്‍ ഖത്തറിന്റെ ടീമുകള്‍ക്ക് സാധിച്ചിട്ടുണ്ട്. ലോകറാങ്കിങില്‍ മുന്നേറ്റം കൈവരിക്കാനും സാധിക്കുന്നു. രാജ്യാന്തര ചാമ്പ്യന്ഷിപ്പുകളിലുള്പ്പടെ മികച്ച പ്രകടനമാണ് ഖത്തര്‍ ടീം കാഴ്ചവെക്കുന്നതെന്നും അല്‍കുവാരി ചൂണ്ടിക്കാട്ടി. അറബ് വോളിബോള്‍ അസോസിയേഷന്റെ എക്സിക്യൂട്ടീവ് ഓഫീസിന്റെ പ്രവര്‍ത്തനങ്ങളെയും അറബ് മേഖലയില്‍ വോളിബോളിന്റെ വികസനത്തിന് അസോസിയേഷന് അംഗരാജ്യങ്ങള്‍ക്കിടയിലെ മികച്ച സഹകരണത്തെയും അദ്ദേഹം പ്രശംസിച്ചു. ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനിയുടെ നേതൃത്വത്തിലുള്ള ഖത്തര്‍ ഒളിമ്പിക് കമ്മിറ്റിയുടെ പിന്തുണയാണ് ഖത്തറിന്റെ കായികവിജയത്തിനു പിന്നിലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.