in

ഇന്ത്യയിലെ കടുത്ത ഓക്‌സിജന്‍ ക്ഷാമം: വിതരണത്തിന് സന്നദ്ധത അറിയിച്ച് ഖത്തരി കമ്പനി

ദോഹ: കടുത്ത ഓക്‌സിജന്‍ ദൗര്‍ലഭ്യത്തില്‍ പ്രതിസന്ധി നേരിടുന്ന ഇന്ത്യക്ക് സഹായവാഗ്ദാനവുമായി ഖത്തര്‍. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ വിതരണത്തിന് സന്നദ്ധമാണെന്ന് ഖത്തര്‍ പെട്രോളിയത്തിന്റെ അനുബന്ധ സ്ഥാപനമായ ഗസാല്‍ കമ്പനി വ്യക്തമാക്കി. ദി ദോഹ ഗ്ലോബ് എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. വടക്കേഇന്ത്യയിലെ പല സംസ്ഥാനങ്ങളിലും ആസ്പത്രികളില്‍ ഓക്‌സിജന്‍ ക്ഷാമം രൂക്ഷമാണ്. രാജ്യത്ത് കോവിഡ് കേസുകള്‍ കുതിച്ചുയര്‍ന്നത് പ്രതിസന്ധി രൂക്ഷമാക്കി. ഓക്‌സിജന്‍ ക്ഷാമത്തെത്തുടര്‍ന്ന് ചികിത്സ ലഭിക്കാതെ ഡല്‍ഹിയിലുള്‍പ്പടെ കോവിഡ് രോഗികള്‍ക്ക് മരണപ്പെട്ടത് രാജ്യാന്തര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു.

ഇക്കാര്യങ്ങള്‍ രാജ്യാന്തര തലത്തില്‍ വലിയതോതില്‍ ചര്‍ച്ചയാവുകയും ചെയ്തു. ഇന്ത്യന്‍ ആസ്പത്രികളിലെ ഓക്‌സിജന്‍ ദൗര്‍ലഭ്യം ദേശീയ പ്രതിസന്ധിയായിരിക്കുകയാണ്. ഇത്തരമൊരു സാഹചര്യത്തിലാണ് ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് സഹായവാഗ്ദാനമുണ്ടായിരിക്കുന്നത്. ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയാറാണെന്നും ചര്‍ച്ചകള്‍ പുരോഗമിക്കുകയാണെന്നും ഇതുമായി ബന്ധപ്പെട്ട വൃത്തങ്ങളെ ഉദ്ധരിച്ച് ഓണ്‍ലൈന്‍ പോര്‍ട്ടല്‍ റിപ്പോര്‍ട്ട് ചെയ്തു.

പെട്രോകെമിക്കലിനും മറ്റു വ്യവസായങ്ങള്‍ക്കുമായി ഗസാല്‍ കമ്പനി ഓക്‌സിജന്‍ ഉത്പാദിപ്പിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് ഓക്‌സിജന്‍ കയറ്റുമതി ചെയ്യാന്‍ സന്നദ്ധമാണെന്ന് ഗസാല്‍ വ്യക്തമാക്കി. ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കാന്‍ തയ്യാറാണെന്ന് ഗസാല്‍ അറിയിച്ചതായി ദോഹയിലെ കമ്യൂണിറ്റി ലീഡര്‍ ഗിരീഷ് കുമാറില്‍ നിന്നും മനസിലാക്കാനായതായി ഖത്തറിലെ മുന്‍ ഇന്ത്യന്‍ അംബാസഡര്‍ സഞ്ജീവ് അറോറ കഴിഞ്ഞദിവസം ട്വീറ്റ് ചെയ്തു.

കമ്പനി പ്രതിനിധികളുമായി ഇക്കാര്യം സംസാരിച്ചിരുന്നുവെന്നും ഇന്ത്യയിലെ മോശം സാഹചര്യം മനസിലാക്കിയതിനെത്തുടര്‍ന്ന് ഈ പ്രതിസന്ധി ഘട്ടത്തില്‍ ഇന്ത്യയെ സഹായിക്കാനാകുന്നതില്‍ ് സന്തോഷമേയുള്ളുവെന്ന് അവര്‍ പറഞ്ഞതായും ഐസിസി മുന്‍പ്രസിഡന്റ് കൂടിയായ ഗിരീഷ് കുമാര്‍ പ്രതികരിച്ചു. ഖത്തറില്‍ ഓക്‌സിജന്‍ ഉത്പാദനത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്ന കമ്പനിയാണ് ഗസാല്‍. ഒരു ദിവസം 60 ടണ്‍ ഓക്‌സിജന്‍ ഇന്ത്യയിലേക്ക് വിതരണം ചെയ്യാല്‍ ഗസാല്‍ സന്നദ്ധമാണ്. ഇതിനായി 20,000 ലിറ്റര്‍ കപ്പാസിറ്റിയുള്ള മൂന്ന് ഐസോ ടാങ്കുകള്‍ ആവശ്യമാണ്. യാതൊരു കാലതമാസവും കൂടാതെ ഓക്‌സിജന്‍ ഇന്ത്യയിലേക്ക് എയര്‍ലിഫ്റ്റ് ചെയ്യാനാകും. മൂന്ന് മണിക്കൂറിനുള്ളില്‍ ഇന്ത്യയില്‍ ഓക്‌സിജനെത്തിക്കാനാകും.

ഇന്ത്യയിലെ ബന്ധപ്പെട്ട അതോറിറ്റികള്‍ക്ക് സന്ദേശം എത്തിക്കാന്‍ കമ്പനി ആവശ്യപ്പെട്ടിട്ടുണ്ട്. ഇക്കാര്യത്തില്‍ ചര്‍ച്ചകള്‍ പുരോഗമിക്കുന്നുവെന്നാണ് വിവരം. എയര്‍ ലിക്വിഡ്, ഖത്തര്‍ പെട്രോളിയം, ഖത്തര്‍ ഇന്‍ഡസ്ട്രിയല്‍ മാനുഫാക്ചറിംഗ് കമ്പനി എന്നിവയുടെ സംയുക്ത സംരംഭമാണ് ഗസാല്‍. പെട്രോ കെമിക്കല്‍ പ്ലാന്റുകള്‍ക്കാവശ്യമായ ഓക്സിജനാണ് കമ്പനി ഉത്പാദിപ്പിക്കുന്നത്. ഇതിനുപുറമെ നൈട്രജന്‍, ഹൈഡ്രജന്‍, ആര്‍ഗോണ്‍ തുടങ്ങിയവയും ഉത്പാദിപ്പിക്കുന്നുണ്ട്. സ്റ്റീല്‍, ഓയില്‍, ഗ്യാസ് പ്ലാന്റുകള്‍ക്കു വേണ്ടിയാണ് ഈ വാതകങ്ങളുടെ ഉത്പാദനം.

മീസൈദ്, റാസ് ലഫാന്‍ ഇന്‍ഡസ്ട്രിയല്‍ സിറ്റികളിലെ ഉപഭോക്താക്കള്‍ക്കാണ് ഗസാല്‍ ഈ ഉത്പന്നങ്ങള്‍ സുരക്ഷിതമായും വിശ്വസനീയമായും വിതരണം ചെയ്യുന്നത്. ഇന്ത്യയിലെ കോവിഡ് പ്രതിസന്ധിയുടെ രൂക്ഷത മനസിലാക്കി വിവിധ ലോകരാജ്യങ്ങള്‍ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. സഊദി അറേബ്യയും ഇന്ത്യക്ക് ഓക്‌സിജന്‍ നല്‍കുന്നുണ്ട്. 80 മെട്രിക് ടണ്‍ ദ്രവരൂപത്തിലുള്ള ഓക്‌സിജന്‍ സഊദി ഇന്ത്യക്ക് നല്‍കും. അദാനി ഗ്രൂപ്പുമായി സഹകരിച്ചാണ് വിതരണം. ഇന്ത്യയില്‍ നിലവില്‍ പ്രതിദിനം മൂന്നരലക്ഷം കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. 1947ലെ വിഭജനത്തിനുശേഷം രാജ്യം നേരിടുന്ന ഏറ്റവും കടുത്ത വെല്ലുവിളിയാണ് ഇപ്പോഴത്തേതെന്ന് നയതന്ത്ര ആരോഗ്യ വിദഗ്ദ്ധര്‍ ചൂണ്ടിക്കാട്ടുന്നു.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ മുതിര്‍ന്ന ജനസംഖ്യയിലെ 22.3% പേര്‍ കോവിഡ് വാക്‌സിന്‍ രണ്ടു ഡോസും സ്വീകരിച്ചു

പ്രവാസികള്‍ക്ക് ബേജാര്‍ വേണ്ട; ഇന്ത്യ-ഖത്തര്‍ യാത്രാ സര്‍വ്വീസ് മുടങ്ങില്ല, ചരക്കു നീക്കവും തുടരുമെന്ന് ഖത്തര്‍ എയര്‍വെയിസ്