ദോഹ: ഖത്തര്‍ ഫൗണ്ടേഷന് സിഇഒ ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍താനി തന്റെ പ്രഥമ ഒളിമ്പിക് ഡിസ്്റ്റന്സ് ട്രയാത്ലണ് വിജയകരമായി പൂര്‍ത്തിയാക്കി. ഹാംബര്‍ഗ് വാസര്‍ 2021 വേള്‍ഡ് ചാമ്പ്യന്‍ഷിപ്പ് സീരീസിലാണ് ശൈഖ ഹിന്ദിന്റെ അഭിമാനകരമായ നേട്ടം. ലോകത്തിലെ തന്നെ ഏറ്റവും വലിയ ട്രയാത്ലണ് ചാമ്പ്യന്‍ഷിപ്പാണ് ഹാംബര്ഗിലേത്. കോവിഡിനെത്തുടര്‍ന്ന് ഒരുഘട്ടത്തില്‍ റദ്ദാക്കുകയും പിന്നീട് നീട്ടിവെക്കുകയും ചെയ്ത സീരിസാണിത്. അനിശ്ചിതത്വങ്ങള്‍ക്കൊടുവില്‍ സീരിസ് നടന്നപ്പോള്‍ പങ്കെടുത്ത ശൈഖ ഹിന്ദ് മികച്ച നേട്ടമാണ് കൈവരിച്ചത്. മത്സരത്തിനുമുമ്പ് വിപുലമായ പരിശീലനവും തയാറെടുപ്പുകളും ശൈഖ ഹിന്ദ് നടത്തിയിരുന്നു.

ശൈഖ ഹിന്ദ് ബിന്ത് ഹമദ് അല്‍താനിയുടെ നേട്ടം അഭിമാനകരമാണെന്നും അവരെ അഭിനന്ദിക്കുന്നുവെന്നും ഖത്തര്‍ ഒളിമ്പിക് ക്മ്മിറ്റി ട്വീറ്റ് ചെയ്തു. ഒളിമ്പിക് സൈക്ലിങ് ട്രാക്ക്, ആസ്പയര് അക്കാദമി, ഓക്സിജന്‍ പാര്‍ക്ക്, 5/6 പാര്‍ക്ക്, എജ്യൂക്കേഷന്‍ സിറ്റി റിക്രിയേഷന്‍ സെന്റര്‍, സ്റ്റേഡിയം എന്നിവിടങ്ങളിലായിരുന്നു ശൈഖ ഹിന്ദിന്റെ പരിശീലനം. ട്രയാത്ലണില് പങ്കെടുത്തതിന്റെയും ഖത്തരി പതാകയുമായി മത്സരം പൂര്‍ത്തീകരിച്ചതിന്റെയും ചിത്രങ്ങള്‍ ശൈഖ ഹിന്ദ് തന്റെ ഔദ്യോഗിക ഇന്‍സ്റ്റഗ്രാം പേജില്‍ പോസ്റ്റ് ചെയ്തു. തന്നെ പിന്തുണക്കുകയും പ്രോത്സാഹിപ്പിക്കുകയും ചെയ്ത എല്ലാവര്ക്കും നന്ദി അറിയിച്ചുകൊണ്ടുള്ള സന്ദേശവും അവര്‍ സോഷ്യല്‍മീഡിയ അക്കൗണ്ടില്‍ പോസ്റ്റ് ചെയ്തു. ഹാംബര്‍ഗ് ട്രയാത്ലണ് സീരിസ് പൂര്‍ത്തീകരിക്കാനായതില്‍ അഭിമാനവും സന്തോഷവുമുണ്ടെന്ന് അവര്‍ പറഞ്ഞു.
കുടുംബത്തില്‍നിന്നും സുഹൃത്തുക്കളില്‍നിന്നും പരിശീലകരില്‍നിന്നും ലഭിച്ച പിന്തുണ മഹത്തരമായിരുന്നു. ആത്മവിശ്വാസം വര്‍ധിപ്പിക്കുന്നതില്‍ ഈ പിന്തുണ വലിയ പങ്കുവഹിച്ചു. നീന്തല്‍ സെഷന് കഴിഞ്ഞപ്പോഴുള്ള പിതാവിന്റെ പ്രോത്സാഹനം, ഏത് ബൈക്കാണ് തെരഞ്ഞെടുക്കേണ്ടതെന്നതില് മാതാവ് നല്കിയ ഉപദേശം, ഭര്‍ത്താവിന്റെ വാക്കുകള്‍, സഹോദരന്റെ ഉറപ്പ്, ചിയര്‍ലീഡര്‍മാര്‍, സഹോദരിമാര്‍- മത്സരദിവസം ഇതെല്ലാമാണ് പ്രചോദിപ്പിച്ചത്. ഇതെല്ലാം എന്റെ അനുഭവത്തെ കൂടുതല്‍ സവിശേഷമാക്കി- ശൈഖ ഹിന്ദ് പറഞ്ഞു. മത്സരദിവസം തന്നെ പ്രോത്സാഹിപ്പക്കുകയും പിന്തുണക്കുകയും ചെയ്ത അറബ് വൊളന്റിയേഴ്സിനും അവര്‍ നന്ദി പറഞ്ഞു.