
ദോഹ: കൊറോണ വൈറസി(കോവിഡ്-19)നെതിരായ പോരാട്ടത്തില്‍ യുഎന്‍ സംരംഭത്തില്‍ ശൈഖ മൗസ ബിന്‍ത് നാസറും പങ്കാളിയായി. യുഎന്‍ ഡെപ്യൂട്ടി സെക്രട്ടറി ജനറല്‍ ആമിന മുഹമ്മദ് വിളിച്ചുചേര്‍ത്ത, വിവിധ മേഖലകളില്‍ നിന്നുള്ള ആഗോള വനിതാ നേതാക്കള്‍ അടങ്ങുന്ന സംഘം കോവിഡ്-19ന്റെ നിലവിലെ സാഹചര്യം ചര്‍ച്ച ചെയ്തു. ഈ ഉന്നതതല പരിപാടിയിലാണ് എജ്യൂക്കേഷന്‍ എബൗവ് ഓളിന്റെയും സിലാടെകിന്റെയും ചെയര്‍പേഴ്‌സണും യുഎന്‍ സുസ്ഥിര വികസന ലക്ഷ്യങ്ങളുടെ വക്താവുമായ ശൈഖ മൗസ ബിന്‍ത് നാസര്‍ പങ്കെടുത്തത്.
കോവിഡിനെതിരായ പോരാട്ടത്തില്‍ എല്ലാവര്‍ക്കുമായി ഉയരുക എന്ന ലക്ഷ്യത്തോടെയായിരുന്നു രാജ്യാന്തരതലത്തില്‍ ഇത്തരമൊരു പരിപാടി സംഘടിപ്പിക്കപ്പെട്ടത്.
കോവിഡ്-19ന്റെ സാമൂഹിക സാമ്പത്തിക പ്രത്യാഘാതങ്ങള്‍ മറികടക്കാന്‍ ഐക്യദാര്‍ഢ്യത്തിനും അടിയന്തര പ്രവര്‍ത്തനങ്ങള്‍ക്കുമായുള്ള യുഎന്‍ സെക്രട്ടറി ജനറലിന്റെ ആഹ്വാനത്തെ പിന്തുണക്കുകയെന്നതും ലക്ഷ്യം. ജനങ്ങളുടെ ജീവന്‍ രക്ഷിക്കുന്നതിനും ഉപജീവനമാര്‍ഗങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള പ്രവര്‍ത്തനങ്ങളെയും ഈ യുഎന്‍ സംരംഭം പിന്തുണക്കുന്നു. ഒപ്പം പകര്‍ച്ചവ്യാധിയുടെ മാനുഷിക പ്രതിസന്ധി പരിഹരിക്കാന്‍ എല്ലാ രാജ്യങ്ങളിലെയും എല്ലാ മേഖലകളിലെയും നേതാക്കളെ പ്രേരിപ്പിക്കുകയും ചെയ്യുന്നു. ഇത്തരമൊരു സാഹചര്യത്തിലാണ് ശൈഖ മൗസ ബിന്‍ത് നാസര്‍ ഉള്‍പ്പടെയുള്ള ആഗോള വനിതാ നേതാക്കളെ ഉള്‍പ്പെടുത്തി ആമിന മുഹമ്മദ് ഉന്നതതലയോഗം വിളിച്ചുചേര്‍ത്തത്. കോവിഡ്-19നു മുമ്പ് ദാരിദ്ര്യം, പട്ടിണി, തൊഴിലില്ലായ്മ, നിരക്ഷരത, യുദ്ധം, സംഘര്‍ഷം എന്നൊക്കെ പേരിട്ടുവിളിക്കുന്ന മറ്റു പകര്‍ച്ചവ്യാധികളുമായി നമ്മുടെ ലോകം പോരാടുകയായിരുന്നുവെന്നും കോവിഡ്-19 നിലവിലെ ഈ അപകടകരമായ അവസ്ഥകളെ ക്രമാതീതമായി വര്‍ധിപ്പിക്കുകയാണെന്ന് തന്റെ സന്ദേശത്തില്‍ ശൈഖ മൗസ ബിന്‍ത് നാസര്‍ പറഞ്ഞു.
നമ്മുടെ കുട്ടികളെയും യുവജനങ്ങളെയും മുദ്രകുത്താനിടയുള്ള ദീര്‍ഘകാല പ്രത്യാഘാതങ്ങളില്‍നിന്നും നമുക്ക് കണ്ണടക്കാന്‍ കഴിയില്ല. നമ്മള്‍ ഇടപെടുന്നില്ലെങ്കില്‍ ഈ പ്രതിസന്ധിയുടെ ഫലങ്ങള്‍ നമ്മുടെ യുവജനങ്ങളില്‍ വിനാശകരമായ വിദ്യാഭ്യാസ സാമ്പത്തിക പ്രത്യാഘാതങ്ങള്‍ക്കിടയാക്കും.
നിരാശയുടെയും ഒരുപക്ഷെ തീവ്രവാദത്തിന്റെയും അപകടകരമായ പാതയിലേക്ക് നയിക്കാനിടയായേക്കാം. ഈ പ്രതിസന്ധി ഘട്ടത്തില്‍ വിദ്യാഭ്യാസത്തിന്റെ തുടര്‍ച്ചയും തൊഴിലവസരങ്ങളുടെ ലഭ്യതയും ഉറപ്പാക്കുന്നതിനായി ആഗോളതലത്തില്‍ ബാധിക്കപ്പെട്ട കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും വിഭവങ്ങള്‍ ലഭ്യമാക്കുന്നതിന് സിലാടെകും എജ്യൂക്കേഷന്‍ എബൗവ് ഓളും പ്രവര്‍ത്തിക്കുന്നുണ്ട്.
ഓണ്‍ലൈന്‍ പരിഹാരങ്ങളിലൂടെയാണ് ഇത് സാധ്യമാക്കുന്നത്- ശൈഖ മൗസ വിശദീകരിച്ചു. ക്രിയാത്മകമാകാനും ദീര്‍ഘകാലാടിസ്ഥാനത്തില്‍ ചിന്തിക്കാനും നേതാക്കളോട് അവര്‍ ആഹ്വാനം ചെയ്തു. കോവിഡ് 19നെ പ്രതിരോധിക്കുന്നതിനു ഈ നിമിഷം പാഴാക്കരുത്. ഡിജിറ്റല്‍ വിടവ് കുറക്കുന്നതിനും കുട്ടികള്‍ക്കും യുവജനങ്ങള്‍ക്കും നൂതനമായ പരിഹാരങ്ങള്‍ കണ്ടെത്തുന്നതിനും ഈ അവസരം ഉപയോഗപ്പെടുത്തണം- ശൈഖ മൗസ ആവശ്യപ്പെട്ടു. ലോകത്തെല്ലായിടത്തുമുള്ള ജനങ്ങള്‍ക്ക് അവശ്യസേവനങ്ങളും സാമൂഹിക പരിരക്ഷയും ലഭിക്കുന്നുണ്ടെന്ന് ഉറപ്പാക്കുകയെന്നതാണ് യുഎന്‍ സംരംഭത്തിലൂടെ പ്രധാനമായും ലക്ഷ്യമിടുന്നത്.
കോവിഡാനന്തരം ഫലപ്രദവും കാര്യക്ഷമവുമായ സമൂഹത്തെ സൃഷ്ടിക്കുന്നതിനായി രാജ്യാന്തര പിന്തുണയുടെയും രാഷ്ട്രീയ പ്രതിബദ്ധതയുടെയും അസാധാരണമായ തോത് സമാഹരിക്കുകയെന്നതും ലക്ഷ്യമാണ്. യുഎന്നിന്റെ കോവിഡ്-19 പ്രതികരണ- വീണ്ടെടുക്കല്‍ ഫണ്ടിനെയും ഈ യുഎന്‍ സംരംഭം പിന്തുണക്കുന്നു. താഴ്ന്നതും ഇടത്തരം വരുമാനമുള്ള രാജ്യങ്ങളെയും മഹാമാരി സൃഷ്ടിച്ച സാമ്പത്തിക ഞെരുക്കത്തിനും സാമൂഹിക തകര്‍ച്ചയും ഏറ്റവും കൂടുതല്‍ വിധേയരായവരെയും പിന്തുണക്കുന്നതിനായി രൂപകല്‍പ്പന ചെയ്ത ഇന്റര്‍-ഏജന്‍സി സംവിധാനമാണ് ഈ ഫണ്ട്.