ദുബൈ: മഹാമാരിയുടെ ആരംഭ കാലത്ത് ജീവിതത്തില്‍ ഒറ്റപ്പെട്ടുപോയ ഒരു യുവതിയുടെ തീര്‍ത്തും വ്യത്യസ്തമായ രചനകളടങ്ങിയ അക്ഷര സമാഹാരത്തിന്റെ മൂന്നാം പതിപ്പ് ഏറ്റെടുത്ത് പ്രവാസ ലോകം.
സന്ദര്‍ശക വിസയിലെത്തിയ തോടന്നൂര്‍ സ്വദേശിനി ഷമീന ശിഹാബ് എഴുതിയ കവിതകളും ഓര്‍മ്മകളുമടങ്ങിയ ‘ഒറ്റക്ക് മരിച്ച പുഴ’ എന്ന സമാഹാരമാണ് അജ്മാന് ജീപാസ് ഫാമില്‍ വെച്ച് പ്രകാശനം ചെയ്തത്. ഷന്ഫീല് വടകരയ്ക്ക് കോപ്പി നല്കി നെസ്റ്റോ മാനേജിങ് ഡയറക്ടര്‍ ജമാല്‍ കെ.പി പുസ്തകം പ്രകാശനം ചെയ്തു.
എഴുത്തുകാരിക്ക് പ്രവാസികളുടെ സ്നേഹോപഹാരം നെസ്റ്റോ മാനേജിങ് ഡയറക്ടര്‍ പി. സിദ്ധീഖ് കൈമാറി. അന്‍വര്‍ സി കെ സ്വാഗതവും ഫാജിസ് നന്ദിയും പറഞ്ഞു.

കോവിഡിന്റെ ആദ്യകാലത്ത് അര്‍ബുദ ബാധിതനായ ഭര്‍ത്താവ് പൊടുന്നനെ മരണത്തിന് കീഴടങ്ങേണ്ടി വന്നപ്പോള്‍ രണ്ട് കൈക്കുഞ്ഞുങ്ങളുമായി പകച്ചു നില്‍ക്കാതെ ജീവിതത്തെ സര്‍ഗ്ഗാത്മകമായും ക്രിയാത്മകമായും നേരിട്ട ഇരുപത്തിയഞ്ചുകാരിയുടെ അനുഭവ സാക്ഷ്യമാണീ കൃതി.
അകാലത്തില്‍ പൊലിഞ്ഞ പ്രിയതമന്റെ ഓാര്മ്മകളിലും ജീവിതത്തിലെ വേദനകളിലും അവര്‍ എഴുതിയ വരികള്‍ വായനക്കാര്‍ ഏറ്റെടുത്തതിനാലാണ് കാലതാമസമില്ലാതെ മൂന്നാം പതിപ്പിലെത്തിയത്. പേരക്ക ബുക്സാണ് പ്രസാധകര്. കുട്ടിക്കാലത്ത് കവിതകളെഴുതിയിരുന്ന ഷമീന തന്റെ എഴുത്തുവഴികൡലേക്ക് തിരിച്ചുനടന്നതിനു പുറമെ പാതിവഴിയില്‍ നിര്‍ത്തിയ ബിരുദപഠനം വീണ്ടും തുടങ്ങി. ഡ്രൈവിംഗ് പഠിച്ചു. കൂടാതെ കേരളാ എഡ്യുക്കേഷന്‍ കൗണ്‍സിലിന്റെ കോഴ്സ് പൂര്‍ത്തിയാക്കി ജൂണ്‍ മുതല്‍ അധ്യാപനത്തിന് തയ്യാറെടുക്കുകയുമാണ്.