in

ജയിലില്‍ പിറന്ന മകളുമായി ഷരീഖും ഒനിബയും നാട്ടിലെത്തി

മുഹമ്മദ് ഷരീഖും ഒനീബ കൗസറും മകള്‍ക്കൊപ്പം മുംബൈയിലെ വസതിയില്‍

ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ഖത്തറിലെ ജയിലിലായിരുന്ന ദമ്പതികള്‍ക്ക് നീതിയുടെ വെളിച്ചം

ദോഹ: അടുത്ത ബന്ധുവിന്റെ ചതിയെത്തുടര്‍ന്ന് മയക്കുമരുന്നു കേസില്‍ ഖത്തറിലെ ജയിലില്‍ കഴിഞ്ഞിരുന്ന ഇന്ത്യന്‍ ദമ്പതികളിലേക്ക് ഒടുവില്‍ നീതിയുടെ വെളിച്ചം തേടിയെത്തി. അപ്പീല്‍കോടതി വെറുതെവിട്ടതിനെത്തുടര്‍ന്ന് ജയില്‍ മോചിതരായ മുംബൈ സ്വദേശികളായ മുഹമ്മദ് ഷരീഖ് ഖുറേഷി- ഒനിബ കൗസര്‍ ദമ്പതികളും ജയിലില്‍ പിറന്ന മകളും നാട്ടിലെത്തി. 22 മാസത്തെ ജയില്‍വാസത്തിനുശേഷമാണ് കോടതി ഉത്തരവിനെത്തുടര്‍ന്ന് ദമ്പതികളെ മോചിപ്പിച്ചത്.

ജയിലില്‍ പിറന്ന മകള്‍ക്കൊപ്പം ദമ്പതികള്‍ കഴിഞ്ഞയാഴ്ച മുംബൈയിലെ വസതിയിലെത്തി. 2019 ജൂലൈയിലായിരുന്നു കേസിനാസ്പദമായ സംഭവം. ഹമദ് രാജ്യാന്തര വിമാനത്താവളത്തില്‍ എത്തിയ മുഹമ്മദ് ഷരീഖ്- ഒനിബ കൗസര്‍ ദമ്പതികളുടെ പക്കലുണ്ടായിരുന്ന ബാഗില്‍ നിന്ന് അധികൃതര്‍ 4.1 കിലോഗ്രാം ഹാഷിഷ് കണ്ടെടുക്കുകയായിരുന്നു. ഖത്തറിലേക്ക് മധുവിധു യാത്ര വാഗ്ദാനം ചെയ്ത ബന്ധു ദമ്പതികള്‍ വശം മയക്കുമരുന്നു കടത്തിയതോടെയാണ് ഇരുവരും പിടിയിലായത്.

കേസില്‍ അഞ്ചുമാസം ജയിലില്‍ കഴിഞ്ഞശേഷമാണ് വിചാരണക്കോടതി പത്ത് വര്‍ഷം തടവും ഒരു കോടി രൂപ പിഴയും ശിക്ഷ വിധിച്ചത്. നിരപരാധിത്വം വ്യക്തമാക്കി ദമ്പതികള്‍ നല്‍കിയ ഹര്‍ജിയില്‍ കേസ് വീണ്ടും പരിഗണിക്കാന്‍ ഈ ജനുവരിയിലാണ് സുപ്രീംകോടതി അപ്പീല്‍ കോടതിക്ക് നിര്‍ദേശം നല്‍കിയത്.

ഇതേത്തുടര്‍ന്ന് കേസ് വീണ്ടും പരിഗണിച്ച അപ്പീല്‍കോടതി തെളിവുകളുടെയും സാക്ഷിമൊഴികളുടെയും അടിസ്ഥാനത്തില്‍ ദമ്പതികള്‍ക്ക് അനുകൂല ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. നിയമപരമായ നടപടിക്രമങ്ങളെല്ലാം പൂര്‍ത്തിയാക്കി കഴിഞ്ഞ വ്യാഴാഴ്ച പുലര്‍ച്ചെ അഞ്ച് മണിയോടെയാണ് കുഞ്ഞിനൊപ്പം ഇരുവരും ഭെണ്ടി ബസാറിലെ വീട്ടിലെത്തിയത്.

മുംബൈയില്‍ നിന്നും 2019 ജുലൈ ആറിന് ഖത്തറിലേക്ക് പറന്ന ഗര്‍ഭിണിയായ ഒനിബ കൗസറും ഭര്‍ത്താവ് മുഹമ്മദ് ഷരീഖിനുമാണ് ബന്ധുവിന്റെ ചതിയില്‍പ്പെട്ട് ജയില്‍ അകപ്പെടേണ്ടിവന്നത്. നവദമ്പതികള്‍ക്ക് ഖത്തറിലേക്ക് ആഘോഷയാത്ര വാഗ്ദാനം ചെയ്ത് അവരെ അയച്ച ബന്ധുവായ തബസ്സും ഖുറേഷി, സഹായി നിസാം എന്നിവര്‍ മുംബൈയില്‍ പതിമൂന്നു ഗ്രാം കൊക്കയ്‌നുമായി പിടിയിലായതോടെയാണ് കേസിന്റെ ചുരുളഴിഞ്ഞത്. ഒനീബയുടെ വശം നാലു കിലോഗ്രാം ഹാഷിഷ് കൊടുത്തയച്ചത് താനാണെന്ന് തബസ്സും പൊലീസിനോട് സമ്മതിക്കുകയായിരുന്നു.

തബസ്സുമും നിസാമും ഗള്‍ഫ് രാജ്യങ്ങളിലേക്ക് മയക്കുമരുന്നു കടത്തുന്ന വന്‍ സംഘത്തിലെ കണ്ണിയാണെന്ന് പിന്നീട് കണ്ടെത്തുകയും ചെയ്തു. ഖത്തര്‍ സെന്‍ട്രല്‍ ജയിലില്‍ കഴിയവെ ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്കിയിരുന്നു. ജനിച്ച് എട്ട് മാസത്തിന് ശേഷമാണ് തന്റെ കുഞ്ഞിന്റെ മുഖം ഷരീഖ് കാണുന്നത്. ഒനിബ ഗര്‍ഭിണിയായിട്ടും മൂന്ന് തവണ മാത്രമേ ഇരുവര്‍ക്കും പരസ്പരം കാണാന്‍ അനുമതി ലഭിച്ചിരുന്നുള്ളു. കഴിഞ്ഞ വര്‍ഷം ഫെബ്രുവരി 26 നാണ് ഒനിബ പെണ്‍കുഞ്ഞിന് ജന്മം നല്‍കിയത്.

ആവര്‍ത്തിച്ച് കത്തുകള്‍ എഴുതിയതിന് ശേഷമാണ് എട്ട് മാസത്തിന് ശേഷം മകളായ ആയത്തിനെ കാണാന്‍ അധികൃതര്‍ തനിക്ക് അനുമതി നല്‍കിയതെന്ന് മുംബൈയില്‍ മടങ്ങിയെത്തിയ മുഹമ്മദ് ഷരീഖ് മാധ്യമങ്ങളോടു പ്രതികരിക്കവെ പറഞ്ഞു. ബന്ധുവായ തബസ്സും നിര്‍ബന്ധിച്ച് തങ്ങളെ ഖത്തറിലേക്ക് അയക്കുകയായിരുന്നുവെന്ന് ഷരീഖ് പറഞ്ഞു. രണ്ടാം മധുവധുവിനെക്കുറിച്ച് തങ്ങള്‍ ആലോചിച്ചിരുന്നില്ല. എന്നാല്‍ അവര്‍ ആഘോഷയാത്രക്ക് നിര്‍ബന്ധിക്കുകയായിരുന്നു.

അവരെ വിശ്വസിക്കുകയായിരുന്നു. ചതിക്കുമെന്ന് ഒരിക്കലും കരുതിയില്ല. ആര്‍ക്കും ഒരു ദോഷവും ചെയ്യാത്ത ഞങ്ങളോടു എന്തിനാണ് അവര്‍ ഇങ്ങനെ ചെയ്തതെന്ന് ഇപ്പോഴും മനസിലായിട്ടില്ല. അവരെ വിശ്വസിച്ചതിനാല്‍ ഞങ്ങളെ വളരെയധികം ദുരിതങ്ങളാണ് അനുഭവിച്ചത്- ഒനീബ പറഞ്ഞു.

15 മാസം ഖത്തറില്‍ താമസിച്ചാണ് കുട്ടികള്‍ക്കായി നിയമപോരാട്ടം നടത്തിയതെന്ന് ഷരീഖിന്റെ പിതാവ് ഷെരീഫ് അഹമ്മദ് പറഞ്ഞു. ഖത്തറിലെ നിയമവ്യവസ്ഥ വ്യത്യസ്തമായതിനാല്‍ കാര്യങ്ങള്‍ സങ്കീര്‍ണമായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. വൈകിയെങ്കിലും കുറ്റവിമുക്തരായി ഷരീഖിനും ഒനീബക്കും പരിശുദ്ധ റമദാന്‍ മാസത്തില്‍ നാട്ടിലേക്ക് മടങ്ങിയെത്താനായതില്‍ എല്ലാവരോടും നന്ദിയുണ്ടെന്ന് ഒനിബയുടെ മാതാവ് പര്‍വീണ്‍ കൗസര്‍ പറഞ്ഞു. നര്‍ക്കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോയോടും വിദേശകാര്യ മന്ത്രി എസ്. ജയശങ്കറിനോടും അവര്‍ നന്ദി അറിയിച്ചു.
ഒരു ജാപ്പനീസ് കമ്പനിയില്‍ ജോലി ചെയ്തിരുന്ന ഷരീഖിന് അറസ്റ്റിന് ശേഷം ജോലി നഷ്ടപ്പെട്ടു. ജോലി നഷ്ടത്തിന്റെ ആശങ്കയില്‍ പുതിയ ജീവിതം തുടങ്ങുന്നതിനുള്ള ഒരുക്കത്തിലാണ് ഷരീഖും കുടുംബവും. വിദേശത്ത് പോകുന്ന ആരും മറ്റുള്ളവരില്‍ നിന്ന് പരിശോധിക്കാതെ സാധനങ്ങള്‍ കൈവശം കൊണ്ടുപോകരുതെന്ന് ഒരിക്കല്‍ കൂടി ഓര്‍മ്മപ്പെടുത്തുന്നതാണ് ഷരീഖിന്റെയും ഒനീബയുടെയും അനുഭവം.

അടുത്ത ബന്ധുക്കളാണെങ്കില്‍ കൂടി സാധനങ്ങള്‍ പരിശോധിച്ചശേഷമെ വാങ്ങാവൂ എന്ന് ഷരീഖും ഒനീബയും എല്ലാവരെയും ഓര്‍മിപ്പിക്കുന്നു. ദമ്പതികളുടെ നിരപരാധിത്വം തെളിയിക്കുന്നതിനായി ഇന്ത്യന്‍ എംബസി അധികൃതരും ദോഹയിലെ ലീഗല്‍ കണ്‍സല്‍റ്റന്റ് നിസാര്‍ കോച്ചേരിയും ഇടപെടലുകള്‍ നടത്തിയിരുന്നു. സ്വദേശി അഭിഭാഷകനായ അബ്ദുല്ല ഇസ അല്‍അന്‍സാരിയാണ് ദമ്പതികള്‍ക്കായി കോടതിയില്‍ ഹാജരായത്.
മുംബൈ പൊലീസ് ബന്ധു സ്ത്രീയെ മയക്കുമരുന്ന് കേസില്‍ അറസ്റ്റ് ചെയ്തതോടെ ദമ്പതികള്‍ നിരപരാധികളാണെന്നും ചതിക്കപ്പെട്ടതാണെന്നും ഖത്തര്‍ സുപ്രിം കോടതിയെ അറിയിച്ചതിനെ തുടര്‍ന്നാണ് കേസ് വീണ്ടും പരിഗണനയ്‌ക്കെടുത്തത്.

അപ്പീല്‍ കോടതിയുടെ ഉത്തരവിലൂടെ മോചനത്തിന് വഴിതുറന്നത്. കേസില്‍ പബ്ലിക്ക് പ്രോസിക്യൂഷന്‍ പുനരന്വേഷണം നടത്തിയിരുന്നു. നര്‍കോട്ടിക്സ് കണ്‍ട്രോള്‍ ബ്യൂറോ ഖത്തറിലെ ഇന്ത്യന്‍ എംബസിയുമായും ഖത്തര്‍ സര്‍ക്കാരുമായും ഇടപെട്ടതോടെ കേസ് ഊര്‍ജിതമായി. ഇന്ത്യന്‍ എംബസിയും കേസില്‍ ഗൗരവമായി ഇടപെടല്‍ നടത്തി.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

ഖത്തറില്‍ കോവിഡ് മരണനിരക്കില്‍ റെക്കോര്‍ഡ് വര്‍ധന; പത്തുപേര്‍ കൂടി മരിച്ചു

ഖത്തറില്‍ കോവിഡ് രോഗികള്‍ക്ക് പുതിയ മരുന്ന് നല്‍കിത്തുടങ്ങി