
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി രാജ്യാന്തര ഒളിമ്പിക് കമ്മിറ്റി(ഐഒസി) പ്രസിഡന്റ് തോമസ് ബാഷുമായി ചര്‍ച്ച നടത്തി. കൊറോണ വൈറസ്(കോവിഡ്-19) പ്രതിസന്ധിയുടെ സാഹചര്യത്തില്‍ വീഡിയോ കോണ്‍ഫറന്‍സ് സംവിധാനം മുഖേനയായിരുന്നു ചര്‍ച്ച. ദേശീയ ഒളിമ്പിക് കമ്മിറ്റികളുടെ പ്രസിഡന്റുമാര്‍, കോണ്ടിനെന്റല്‍ ഒളിമ്പിക് കമ്മിറ്റികളുടെ പ്രസിഡന്റുമാരുമായും കൂടിക്കാഴച നടത്തി. രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിക്കും ടോക്കിയോ ഒളിമ്പിക്‌സിന്റെ സംഘാടകസമിതിക്കും ഖത്തറിന്റെ ഐക്യദാര്‍ഢ്യം ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി അറിയിച്ചു.
ടോക്കിയോ ഒളിമ്പിക്‌സ് അടുത്തവര്‍ഷത്തേക്ക് നീട്ടാനുള്ള രാജ്യാന്തര ഒളിമ്പിക് കമ്മിറ്റിയുടെ തീരുമാനത്തിന് അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനിയുടെ പിന്തുണ അദ്ദേഹം അറിയിച്ചു. അമീറും ക്യുഒസിയും ഖത്തരി സമൂഹവും ഐഒസിയോടും ടോക്കിയോ ഒളിമ്പിക്‌സ് സംഘാടകരോടുമുള്ള ഐക്യദാര്‍ഢ്യം ഉറപ്പിക്കുന്നതായും ശൈഖ് ജുആന്‍ വ്യക്തമാക്കി. അടുത്തവര്‍ഷം ടൂര്‍ണമെന്റിന്റെ അസാധരണ പതിപ്പ് സംഘടിപ്പിക്കപ്പെടുമെന്നതില്‍ തങ്ങള്‍ക്ക് സംശയമില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. അഭൂതപൂര്‍വമായ ഈ മഹാമാരി ലോകത്തെ മുഴുവന്‍ നടുക്കിയിരിക്കുകയാണ്. പക്ഷെ ഡോ.തോമസ് ബാഷിന്റെ നേതൃത്വത്തില്‍ രാജ്യാന്തര ഒളിമ്പിക് പ്രസ്ഥാനം പ്രതിസന്ധി നേരിടുമ്പോള്‍ വലിയ യോജിപ്പാണ് പ്രകടിപ്പിക്കുന്നതെന്ന് ശൈഖ് ജുആന്‍ ചൂണ്ടിക്കാട്ടി. ടോക്കിയോ 2020 ഗെയിംസ് എല്ലാവരുടെയും പ്രതീക്ഷയുടെ ഉറവിടമാണ്. ലോകം ഈ പ്രതിസന്ധിയെ മറികടന്ന് അതില്‍ നിന്ന് കൂടുതല്‍ ശക്തമായി ഉയര്‍ന്നുവരുന്ന ഒരു കാലഘട്ടത്തിനായി പ്രതീക്ഷിക്കുന്നതായും അ്‌ദ്ദേഹം പറഞ്ഞു.