
ദോഹ: ഖത്തര്‍ ഒളിമ്പിക് കമ്മിറ്റി(ക്യുഒസി) സംഘടിപ്പിച്ച അഞ്ചു കിലോമീറ്റര്‍ ഖത്തര്‍ വിര്‍ച്വല്‍ മാരത്തണില്‍ ക്യുഒസി പ്രസിഡന്റ് ശൈഖ് ജുആന്‍ ബിന്‍ ഹമദ് അല്‍താനി പങ്കെടുത്തു. വിര്‍ച്വല്‍ മാരത്തണിനെക്കുറിച്ചുള്ള വിവരങ്ങള്‍ അദ്ദേഹം ഇന്‍സ്റ്റഗ്രാമിലും ട്വിറ്ററിലും പങ്കുവെക്കുകയും ചെയ്തു. ഈ സംരംഭം വിജയകരമാണെന്ന് ശൈഖ് ജുആന്‍ അല്‍താനി പറഞ്ഞു. 40 രാജ്യങ്ങളില്‍ നിന്നായി 760ലദികം പേരാണ് പങ്കെടുത്തത്. ഇപ്പോള്‍ ക്യുഒസി ടീം റമദാനില്‍ പ്രതിവാര വിര്‍ച്വല്‍ മാരത്തണ്‍ സംഘടിപ്പിക്കുന്നതിനായുള്ള തയാറെടുപ്പിലാണ്.
ഭൂരിഭാഗം പേരും വീടുകളിലിരുന്നുകൊണ്ട് ഈ പരിപാടിയില്‍ പങ്കുചേരുമെന്നാണ് പ്രതീക്ഷിക്കുന്നത്. വീടുകളില്‍ തന്നെ സുരക്ഷിതമായി തുടരുക, ആരോഗ്യത്തോടെയിരിക്കുക- ശൈഖ് ജുആന്‍ ട്വീറ്റ് ചെയ്തു. ബയ്ത്ത് അല്മഷൂര ഫിനാന്‍സ് കണ്‍സള്‍ട്ടേഷന്റെ സഹകരണത്തോടെയാണ് ക്യുഒസി വിര്‍ച്വല്‍ മാരത്തണ്‍ സംഘടിപ്പിച്ചത്.
മേഖലയില്‍ ഇത്തരമൊരു പരിപാടി ഇതാദ്യമാണ്. മൂന്നു വിഭാഗങ്ങളിലായിട്ടായിരുന്നു സംഘടിപ്പിച്ചത്. 42 കിലോമീറ്റര്‍ പൂര്‍ണ മാരത്തണ്‍, 21 കിലോമീറ്റര്‍ ഹാഫ് മാരത്തണ്‍, അഞ്ചുകിലോമീറ്റര്‍ മാരത്തണ്‍. ക്വാറന്റൈന് കാലയളവില്‍ കമ്യൂണിറ്റി അംഗങ്ങളെ വീടുകളില്‍ വ്യായാമം ചെയ്യാന്‍ പ്രോത്സാഹിപ്പിക്കുകയാണ് ലക്ഷ്യം.
കായികസംസ്കാരം പ്രോത്സാഹിപ്പിക്കുക, കായികരംഗത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് അവബോധം വളര്‍ത്തുക, ആഗോളതലത്തില്‍ ആരോഗ്യകരമായ ജീവിതശൈലി സ്വീകരിക്കുക തുടങ്ങിയവയാണ് ലക്ഷ്യം. ലോകത്തിന്റെ എല്ലാ ഭാഗങ്ങളില്‍നിന്നുമായി പുരുഷന്മാര്ക്കും വനിതകള്‍ക്കും പങ്കെടുക്കാന്‍ അവസരമൊരുക്കിയിരുന്നു.