
ദോഹ: പൊതുജനങ്ങള്‍ക്ക് ആത്മവിശ്വാസം പകര്‍ന്ന് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി കോവിഡ് 19 പ്രതിരോധ വാക്സിന് ആദ്യ ഡോസ് കുത്തിവെപ്പെടുത്തു. പാര്‍ശ്വഫലങ്ങളില്ലെന്ന സന്ദേശം പ്രായോഗികമായി കൈമാറുകയായിരുന്നു അമീര്‍.
കോവിഡ് 19 വാക്സിന് സ്വീകരിച്ചെന്നും എല്ലാവര്ക്കും സുരക്ഷയും പകര്‍ച്ച വ്യാധിയില്‍ നിന്ന് സംരക്ഷണവും നേരുന്നുവെന്നും അമീര്‍ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റു ചെയ്തു.
ഡിസംബര്‍ 23നാണ് രാജ്യത്ത് ആദ്യ ഘട്ട കോവിഡ് 19 വാക്സിന് കുത്തിവെപ്പ് തുടങ്ങിയത്. അല്‍ വജ്ബ, ലെബൈബ്, അല്‍റുവൈസ്, ഉംസലാല്‍, റൗദഅല്ഖൈല്, അല്‍തുമാമ, മുഐദര്‍ എന്നിങ്ങനെ തെരഞ്ഞെടുത്ത പിഎച്ച്സിസി ഹെല്‍ത്ത് സെന്ററുകളിലാണ് ആദ്യ ഘട്ടത്തില്‍ കോവിഡ് വാക്സിന് നല്‍കിയത്.
നിരവധി മുതിര്‍ന്ന ഉദ്യോഗസ്ഥരും ആരോഗ്യവിഭാഗം ജീവനക്കാരും ഫൈസര്‍ബയോഎന്‍ടെക് കോവിഡ് 19 വാക്സിന് സ്വീകരിച്ചിട്ടുണ്ട്. വാക്സിന് ഫലപ്രദമാണെന്നും ഗുരുതരമായ പാര്‍ശ്വഫലങ്ങള്‍ റിപ്പോര്‍ട്ടു ചെയ്യപ്പെട്ടിട്ടില്ലെന്നും ആരോഗ്യമന്ത്രാലയത്തിലെ വാക്സിന് വിഭാഗം അറിയിച്ചിരുന്നു. അടുത്ത ഘട്ടത്തില്‍ മുതിര്‍ന്ന പൗരന്മാര് ഉള്‍പ്പെടെ പൊതുജനങ്ങള്‍ക്ക് സൗജന്യമായി വാക്സിന് നല്‍കുമെന്ന് ഖത്തര്‍ പൊതു ആരോഗ്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു.