
ദോഹ: ടെക്സാസ് എ ആന്റ് എം സര്‍വകലാശാല രാജ്യത്തെ സ്കൂളുകളിലെ ഡെസ്ക്കുകള്‍ക്കായി സംരക്ഷണ കവചം വികസിപ്പിച്ചു. ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീല്‍ഡാണ് രൂപകല്‍പ്പന ചെയ്തിരിക്കുന്നത്. സ്കൂള്‍ ക്ലാസ്റൂമുകളില്‍ വിദ്യാര്‍ഥികളെ കോവിഡില്‍ നിന്നും സംരക്ഷണം ഉറപ്പാക്കുന്നതായിരിക്കും ഈ ഷീല്‍ഡ്. ടെക്സാസ് സര്‍വകലാശാലയിലെ ഓഫീസ് ഓഫ് എന്‍ഗേജ്മെന്റിന്റെ പിന്തുണയോടെ ഡോ. മുഹമ്മദ് ഗാരിബിന്റെ നേതൃത്വത്തിലാണ് പദ്ധതി നടപ്പാക്കുന്നത്. ഷീല്‍ഡ് ബോക്സ് പദ്ധതി വിദ്യാഭ്യാസ മന്ത്രാലയവും പൊതുജനാരോഗ്യ മന്ത്രാലയവും വിലയിരുത്തുന്നുണ്ട്. ആരോഗ്യവും സമ്പദ് വ്യവസ്ഥയും കണക്കിലെടുക്കുമ്പോള്‍ മനുഷ്യന്റെ ദൈനംദിന പ്രവര്‍ത്തനങ്ങളില്‍ കോവിഡ് വളരെയധികം സ്വാധീനം ചെലുത്തിയിട്ടുണ്ടെന്നും വിദ്യാഭ്യാസ മേഖലയെ വൈറസ് ബാധിച്ചതായും ഡോ.മുഹമ്മദ് ഗാരിബ് ചൂണ്ടിക്കാട്ടി. വിദ്യാര്‍ഥികളുടെയും അധ്യാപകരുടെയും ആരോഗ്യവും സുരക്ഷയും പരിരക്ഷിക്കുന്നതിനൊപ്പം പഠനം തുടരേണ്ടതിന്റെ പ്രാധാന്യം കണക്കിലെടുത്ത് അധ്യയന വര്‍ഷത്തിന്റെ പ്രധാന ഭാഗം ഓണ്‍ലൈനിലേക്ക് മാറ്റിയിട്ടുണ്ട്. എന്നിരുന്നാലും ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിന് ഇതേവരെ വ്യക്തിഗത വിദ്യാഭ്യാസവുമായി പൊരുത്തപ്പെടാന്‍ സാധിച്ചിട്ടില്ലന്ന് ഡോ. മുഹമ്മദ് ഗാരിബ് പറഞ്ഞു. അണുബാധയില്‍നിന്നും വിദ്യാര്‍ഥികളെ സംരക്ഷിക്കുന്നതിന് അധിക മുന്‍കരുതലെടുത്തുകൊണ്ട് വിദ്യാര്‍ഥികളെ ക്ലാസ് മുറികളിലേക്ക് തിരികെ കൊണ്ടുവരേണ്ടത് അത്യാവശ്യമാണ്. മുന്‍കരുതല്‍ നടപടികള്‍ സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കിടയില്‍ അണുബാധ പടരാനുള്ള സാധ്യത കുറക്കും. ഗാരിബിന്റെ നേതൃത്വത്തില്‍ വികസിപ്പിക്കുന്ന ചെലവുകുറഞ്ഞ ഷീല്‍ഡ് ബോക്സ് സ്കൂള്‍ വിദ്യാര്‍ഥികളെ അണുബാധയില്‍നിന്നും സുരക്ഷ ഉറപ്പാക്കാന്‍ സഹായിക്കും. ഷീല്‍ഡ് ബോക്സുകള്‍ ഭാരം കുറഞ്ഞ പ്ലാസ്റ്റിക് ഷീറ്റുകള്‍ ഉപയോഗിച്ചാണ് നിര്‍മ്മിച്ചിരിക്കുന്നത്. അവ വിവിധ സ്കൂളുകളിലെ സ്റ്റുഡന്റ് ഡെസ്കുകളുടെ പ്രത്യേക അളവുകള്ക്കനുസൃതമായാണ് മുറിച്ചിരിക്കുന്നത്. മടക്കാനും തുറക്കാനും കഴിയുന്നതാണ് ഈ ബോക്സുകള്‍. അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ആവശ്യമെങ്കില്‍ ഒരു സ്ഥലത്തുനിന്നും മറ്റൊരിടത്തേക്ക് കൊണ്ടുപോകാന്‍ സാധിക്കും. ഷീല്‍ഡ് ബോക്സിന്റെ വ്യക്തവും കട്ടിയുള്ളതുമായ ഭാഗം സുരക്ഷ ഉറപ്പാക്കും. സാധാരണ ശുചീകരണ വസ്തുക്കള്‍ ഉപയോഗിച്ച് പ്ലാസ്റ്റിക് വേഗത്തില്‍ വൃത്തിയാക്കാനും ശുദ്ധീകരിക്കാനും സാധിക്കും. ഉയര്‍ന്ന ജനസംഖ്യയുള്ള ചില രാജ്യങ്ങളില്‍ ഷീല്‍ഡ് ബോക്സ് ആശയം ഇതിനോടകം നടപ്പാക്കിയതായി ഡോ. ഗാരിബ് പറഞ്ഞു. ഷീല്‍ഡ് ബോക്സിന്റെ ഖത്തര്‍ പതിപ്പ് രാജ്യത്തെ സ്കൂള്‍ ഡെസ്ക്കുകള്‍ക്ക് അനുയോജ്യമായ രീതിയില്‍ ഇഷ്ടാനുസൃതം പ്രാദേശിക വസ്തുക്കള്‍ ഉപയോഗിച്ച് നിര്‍മിക്കാനാകും. വിദ്യാഭ്യാസ മന്ത്രാലയവുമായി ഏകോപിപ്പിച്ച് ഒരു ഇന്‍ഡിപെന്‍ഡന്റ് സ്കൂളില്‍ ഒരു സെറ്റ് ഷീല്‍ഡ് ബോക്സുകള്‍ സ്ഥാപിച്ചിട്ടുണ്ട്. രാജ്യത്തെ എല്ലാ സ്കൂളുകളിലും ഉപയോഗിക്കുന്നതിനായി അംഗീകാരത്തിനായി ആരോഗ്യ മന്ത്രാലയം ഷീല്‍ഡ് ബോക്സുകള്‍ വിലയിരുത്തുന്നുണ്ട്. രാജ്യത്തെ ജനങ്ങളെ കോവിഡില്‍ നിന്നും സംരക്ഷിക്കുന്നതിനായി നടത്തുന്ന പോരാട്ടങ്ങളില്‍ ടെക്സാസ് സര്‍വകലാശാലയുടെ സംഭാവനയാണ് ഷീല്‍ഡ് ബോക്സുകളെന്ന് അസോസിയേറ്റ് ഡീന്‍ ഡോ. ഹസന് എസ് ബാസി പറഞ്ഞു. പൊതുസേവനത്തിന് പ്രതിജ്ഞാബദ്ധമായ ഒരു സ്ഥാപനം എന്ന നിലയില്‍ ഖത്തറിലുടനീളമുള്ള ക്ലാസ് മുറികളിലെ വിദ്യാര്‍ഥികളെ കൊറോണ വൈറസില്‍ നിന്ന് സംരക്ഷിക്കാന്‍ സഹായിക്കുകയെന്നതിലെ സന്തോഷവും അദ്ദേഹം പങ്കുവെച്ചു.