in ,

ശിഹാബ് തങ്ങള്‍ ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന വ്യക്തിത്വം: സബ്രീന ലേ

സബ്രീന ലേ

അശ്‌റഫ് തൂണേരി/ദോഹ:

പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങള്‍ ജീവിച്ചിരുന്ന
കാലത്തെ മാത്രമല്ല അഭിസംബോധന ചെയ്തിരുന്നതെന്നും ഭാവി രാഷ്ട്രീയം തിരിച്ചറിഞ്ഞ് സ്വന്തം സമുദായത്തിന് ആത്മവിശ്വാസം പകര്‍ന്ന നേതാവായിരുന്നുവെന്നും പ്രമുഖ വിവര്‍ത്തകയും ചിന്തകയുമായ സബ്രീന ലേ.

ദോഹയില്‍ നടന്ന പതിനാലാമത് അന്താരാഷ്ട്രാ മതസംവാദ സമ്മേളനത്തില്‍ അതിഥിയായെത്തിയ അവര്‍ ‘മിഡില്‍ ഈസ്റ്റ് ചന്ദ്രിക’ യുമായി സംസാരിക്കുകയായിരുന്നു.


ഇന്ത്യയില്‍ വിദ്വേഷ പ്രചാരണങ്ങള്‍ ശക്തമാവുന്ന കാലത്ത് ശിഹാബ് തങ്ങളുടെ രാഷ്ട്രീയ നിലപാടുകള്‍ക്ക് പ്രസക്തിയേറുകയാണ്. മാനവികമായ തലത്തില്‍ നിന്നുകൊണ്ടാണ് അദ്ദേഹം ആ പ്രക്രിയ നിര്‍വ്വഹിച്ചത്.

ദോഹ മതസംവാദ സമ്മേളന പുരസ്‌കാരം ഷെരാട്ടണ്‍ ഹോട്ടലി്ല്‍ വെച്ച് സബ്രീന ലേ ഏറ്റുവാങ്ങുന്നു

അപരനെ സൃഷ്ടിക്കുന്ന ഇടപെടല്‍ ഒരിക്കലുമുണ്ടായിട്ടില്ല. അസഹിഷ്ണുയോടെയുളള പ്രവര്‍ത്തനങ്ങളോ അഹന്തയോ ശിഹാബ് തങ്ങളുടെ ഇടപെടലില്‍ കാണാനാവുമായിരുന്നില്ല എന്നാണ് തന്റെ അന്വേഷണത്തില്‍ ബോധ്യമായതെന്നും ശിഹാബ് തങ്ങളെക്കുറിച്ചുള്ള ‘സ്‌ളോഗന്‍ ഓഫ് ദ സെയിജ്’ എന്ന ഗ്രന്ഥത്തിന്  ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച അവര്‍ വിശദീകരിച്ചു.


എല്ലാവരേയും ഉള്‍ക്കൊള്ളുകയും തുറന്ന സമീപനം സ്വീകരിക്കുകയും ചെയ്തുവെന്നതാണ് അദ്ദേഹത്തിന്റെ പ്രത്യേകത.

ശിഹാബ് തങ്ങളുടെ പുസ്തകത്തിന്റെ ഇറ്റാലിയന്‍ പരിഭാഷയുടെ പ്രകാശനം ദുബൈയില്‍ പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങള്‍ നിര്‍വ്വഹിച്ചപ്പോള്‍. ശംസുദ്ദീന്‍ ബിന്‍ മുഹ്യുദ്ദീന്‍ സമീപം(ഫയല്‍ ചിത്രം)

സ്‌നേഹസംഭാഷണത്തിലൂടെ പ്രശ്‌ന പരിഹാരത്തിന് ശ്രമിക്കുകയെന്ന രീതി തന്നെ അദ്ദേഹത്തിനുണ്ടായിരുന്നു.

രാഷ്ട്രീയ അജണ്ടകള്‍ക്ക് പിന്നാലെ പായുന്ന സമീപനം സ്വീകരിച്ചില്ലെന്ന് മാത്രമല്ല തെരെഞ്ഞെടുപ്പ് സീറ്റ് നഷ്ടപ്പെട്ടാലും നിലപാടില്‍ ഉറച്ചുനില്‍ക്കാന്‍ ശ്രമിക്കണമെന്ന പക്ഷക്കാരനുമായിരുന്നു.

പ്രശ്‌നങ്ങളെ സെന്‍സിറ്റീവായി ഒരിക്കലും കാണാതിരുന്ന അദ്ദേഹം മുസ്ലിംകളുടെ പ്രശ്‌നങ്ങള്‍ മൊത്തം ഇന്ത്യക്കാരുടെ കൂടി പ്രശ്‌നമായാണ് അവതരിപ്പിച്ചിരുന്നതെന്നും അവര്‍ വിശദീകരിച്ചു.

 
ദോഹ ഇന്റര്‍ഫെയിത് ഡയലോഗ് ഈ വര്‍ഷത്തെ പ്രത്യേക പുരസ്‌കാരം സബ്രീന ലേ നേടുകയുണ്ടായി. ഈജിപ്തില്‍ നിന്നുള്ള ഖലീഫ ഹസ്സന്‍, ജോര്‍ജ്ജിയയിലെ ബിഷപ്പ് മാല്‍ക്ഹാസ് എന്നിവര്‍ സബ്രീനക്കൊപ്പം അവാര്‍ഡ് പങ്കിട്ടു.

മതവിദ്വേഷ വംശീയ പ്രചാരണങ്ങള്‍ക്കെതിരെ ക്രിയാത്മക പ്രവര്‍ത്തനങ്ങള്‍ നടത്തിയതും വിവിധ മത സംസ്‌കാരങ്ങളേയും പൈതൃകങ്ങളേയും സഹിഷ്ണുതയോടെ പ്രചരിപ്പിക്കുന്നതിന് പങ്കാളിത്തം വഹിച്ചതുമുള്‍പ്പെടെ പരിഗണിച്ചായിരുന്നു അവാര്‍ഡ്.

ശിഹാബ് തങ്ങളുടെ  തര്‍ജ്ജമക്ക് പുറമെ ഡോ.ബി.ആര്‍ അംബേദ്കര്‍, ബഷീര്‍, തകഴി, ശ്രീനാരായണഗുരു, ഇന്നസെന്റ് എന്നിവരുടെ കൃതികള്‍ക്ക് ഇറ്റാലിയന്‍ പരിഭാഷ നിര്‍വ്വഹിച്ച സബ്രീനയുടെ ഭര്‍ത്താവ് റോം ആസ്ഥാനമായ തവാസുല്‍ ഇന്റര്‍നാഷണല്‍ സെന്ററിന്റെ സാംസ്‌കാരിക ഉപദേഷ്ടാവ് തലശ്ശേരി സ്വദേശി അബ്ദുല്ലത്തീഫ് ചാലിക്കണ്ടിയാണ്.

What do you think?

Written by Web Desk

Leave a Reply

Your email address will not be published.

മുജീബ്റഹ്മാൻ കരിയാടന്റെ  മാതാവ് മരണപ്പെട്ടു 

പ്രവാചക നിന്ദ: അംബാസിഡറെ വിളിച്ചുവരുത്തി പ്രതിഷേധമറിയിച്ച് ഖത്തര്‍