ദോഹ: കോവിഡ് മഹമാരിയുടെ തീവ്രവ്യാപനം നേരിടുന്ന ഇന്ത്യയെ സഹായിക്കുന്നതിനായി ഖത്തറിലെ ഇന്ത്യന്‍ സമൂഹം സമാഹരിച്ച മെഡിക്കല്‍ സാമഗ്രികളുമായി രണ്ടാമത്തെ കപ്പലും പുറപ്പെട്ടു. ഇന്ത്യന്‍ എംബസിയുടെ കീഴിലുള്ള ഇന്ത്യന്‍ കമ്യൂണിറ്റി ബെനവലന്റ് ഫോറത്തിന്റെ നേതൃത്വത്തില്‍ സമാഹരിച്ച മെഡിക്കല്‍ സാമഗ്രികള്‍ അടങ്ങിയ അടിയന്തര സഹായവുമായി നാവികസേനാ കപ്പലായ ഐഎന്‍എസ് തര്‍കാഷാണ് ദോഹയില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചത്.
232 ഓക്സിജന്‍ സിലിണ്ടറുകള്‍ അടങ്ങുന്ന മെഡിക്കല്‍ ഉപകരണങ്ങളാണ് കപ്പലിലുള്ളത്. 42 ലിറ്ററും 50 ലിറ്ററും ശേഷിയുള്ളതാണ് ഈ സിലിണ്ടറുകള്‍. നേരത്തെ ആദ്യഘട്ടത്തില്‍ 200 ഓക്സിജന്‍ സിലിണ്ടറുകളും 43 ഓക്സിജന്‍ കോണ്സണ്ട്രേറ്റേഴ്സുമടങ്ങുന്ന മെഡിക്കല്‍ ഉപകരണങ്ങളുമായി ഐഎന്‍എസ് കൊല്‍ക്കത്ത നാവികകപ്പലും ഖത്തറില്‍ നിന്നും ഇന്ത്യയിലേക്ക് തിരിച്ചിരുന്നു.
കൂടാതെ ഫ്രാന്‍സിന്റെ സഹായത്തോടെ രണ്ടു കപ്പലുകളിലായി 80 മെട്രിക് ടണ്‍ ഓക്സിജനും ഖത്തറില്‍ നിന്നും ഇന്ത്യയിലെത്തിച്ചിട്ടുണ്ട്. കോവിഡിന്റെ കടുത്ത പ്രതിസന്ധി നേരിടുന്ന ഇന്ത്യയിലേക്ക് അടിയന്തര സഹായം എത്തിക്കാന്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് അല്‍താനി നിര്‍ദേശം നല്‍കിയിരുന്നു. ഖത്തര്‍ എയര്‍വേയ്സ് സൗജന്യമായി മെഡിക്കല്‍ സഹായം ഇന്ത്യയിലെത്തിക്കുമെന്നും അറിയിച്ചിട്ടുണ്ട്. കൂടാതെ ജിഡബ്ല്യുസിയുടെ ആഭിമുഖ്യത്തില്‍ മെഡിക്കല്‍ സാമഗ്രികള്‍ സമാഹരിച്ചും എത്തിക്കുന്നതിനുള്ള നടപടികളും സ്വീകരിക്കുന്നു.