
ദോഹ: മാധ്യമ നിയന്ത്രണവുമായി ബന്ധപ്പെട്ട കരട് നിയമത്തിന് ഭേദഗതികളോടെ ശൂറാ കൗണ്‍സിലിന്റെ അംഗീകാരം. ശൂറായുടെ സാംസ്‌കാരിക കാര്യ, വിവര സമിതിയും നിയമ,നിയമനിര്‍മ്മാണ കാര്യ സമിതിയും അടങ്ങുന്ന സംയുക്ത സമിതിയുടെ റിപ്പോര്‍ട്ട് പഠിച്ചശേഷമാണ് കൗണ്‍സില്‍ ഇതുസംബന്ധിച്ച തീരുമാനമെടുത്തത്.
സ്പീക്കര്‍ അഹമ്മദ് ബിന്‍ അബ്ദുല്ല ബിന്‍ സെയ്ദ് അല്‍മഹ്മൂദിന്റെ അധ്യക്ഷതയില്‍ ഇന്നലെ സാമൂഹിക അകലം പാലിച്ചുകൊണ്ടു ചേര്‍ന്ന കൗണ്‍സില്‍ യോഗമാണ് കരട് നിയമത്തിന് അംഗീകാരം നല്‍കിയത്. ശുപാര്‍ശകള്‍ സഹിതം മന്ത്രിസഭക്ക് കൈമാറാനും തീരുമാനിച്ചു. പത്രങ്ങള്‍, പ്രസിദ്ധീകരണങ്ങള്‍, പ്രസിദ്ധപ്പെടുത്തല്‍, മാധ്യമപ്രവര്‍ത്തനം, കല എന്നിവ നിയന്ത്രിക്കുന്നതാണ് കരട് നിയമം. പന്ത്രണ്ട് അധ്യായങ്ങളിലായി 74 വകുപ്പുകളാണ് കരട് നിയമത്തിലുള്ളത്. പ്രസ്സ്, മീഡിയ, പ്രിന്റിംഗ് പ്രസ്സ്, പ്രസിദ്ധീകരണ സ്ഥാപനം, പ്രസിദ്ധീകരണങ്ങളുടെ സര്‍ക്കുലേഷനും വിതരണവും, സിനിമകള്‍, തിയേറ്ററുകള്‍, കലാപരമായ പ്രവര്‍ത്തനങ്ങള്‍, സ്വകാര്യ പ്രക്ഷേപണ സ്റ്റേഷനുകള്‍, പരസ്യം ചെയ്യല്‍, പബ്ലിക് റിലേഷന്‍സ്, മീഡിയ സര്‍വീസ് ഓഫീസുകള്‍ എന്നിവയുടെ നിയന്ത്രണവുമായി ബന്ധപ്പെട്ട വ്യവസ്ഥകള്‍ കരട് നിയമത്തിലുണ്ട്. കൗണ്‍സില്‍ യോഗത്തില്‍ കരട് നിയമത്തെക്കുറിച്ചും ശൂറാ സമിതിയുടെ റിപ്പോര്‍ട്ടിനെക്കുറിച്ചും ഗൗരവമായ ചര്‍ച്ചകള്‍ നടന്നു.
വിപുലമായ ചര്‍ച്ചകള്‍ക്കും വിലയിരുത്തലുകള്‍ക്കുംശേഷം കരട് നിയമത്തിലെ അഞ്ചു വകുപ്പുകള്‍ ഭേദഗതി ചെയ്യാനും ശുപാര്‍ശകര്‍ സഹിതം സര്‍ക്കാരിലേക്ക് കൈമാറാനും തീരുമാനിക്കുകയായിരുന്നു. പ്രസിദ്ധീകരണം സംബന്ധിച്ച 1979 ലെ എട്ടാം നമ്പര്‍ നിയമം, പരസ്യം, പബ്ലിക് റിലേഷന്‍സ്, കലാപരമായ പ്രൊഡക്ഷന്‍, അനുബന്ധ ജോലികള്‍ എന്നിവ സംബന്ധിച്ച 1993 ലെ 16-ാം നമ്പര്‍ നിയമം എന്നിവയ്ക്ക് പകരമായാണ് പുതിയ കരട് നിയമം.
നിയമങ്ങള്‍ നവീകരിക്കുന്നതിന്റെ ഭാഗമാണിത്. പത്രങ്ങള്‍ പ്രസിദ്ധീകരണങ്ങള്‍, മീഡിയ-കലാ പ്രവര്‍ത്തനങ്ങള്‍ എന്നിവയുടെ സാങ്കേതിക പുരോഗതിയും അഭിപ്രായ, മാധ്യമ സ്വാതന്ത്ര്യങ്ങള്‍ക്കുള്ള പിന്തുണയും ഉറപ്പാക്കിയുള്ളതാണ് പുതിയ നിയമം.